മുനമ്പം തീരത്ത് നിന്ന് പുറപ്പെട്ട സംഘം ഇന്‍ഡോനേഷ്യന്‍ തീരത്തേക്ക് കടന്നതായി സൂചന

മുനമ്പം തീരത്ത് നിന്ന് പുറപ്പെട്ട സംഘം ഇന്‍ഡോനേഷ്യന്‍ തീരത്തേക്ക് കടന്നതായി സൂചന. ബോട്ടില്‍ കരുതിയിരുന്ന ഭക്ഷണവസ്തുക്കളും ഇന്ധനശേഖരവും തീര്‍ന്നതാണ് കാരണം. 230 അംഗ സംഘത്തിന്റെ ലക്ഷ്യം ന്യൂസിലന്‍ഡ് ആണെന്നും പൊലീസ് കരുതുന്നു. മനുഷ്യക്കടത്തില്‍ അന്താരാഷ്ട്രബന്ധം ഉളളതിനാല്‍ നയതന്ത്ര ഇടപെടലുകള്‍ക്കുളള ശ്രമവും ആരംഭിച്ചു കഴിഞ്ഞു.

മുനമ്പം തീരത്ത് നിന്നും ഒരാഴ്ച മുമ്പ് പുറപ്പെട്ട സ്ത്രീകളും കുട്ടികളും അടക്കമുളള 230 അംഗ സംഘം ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നു. ഇന്‍ഡോനേഷ്യന്‍ തീരത്തേക്കാണ് നീങ്ങുന്നതെന്നും ന്യൂസിലന്‍ഡാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് കരുതുന്നു. ബോട്ടില്‍ കരുതിയിരുന്ന ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീര്‍ന്നതാകാം ഇന്‍ഡോനേഷ്യന്‍ തീരത്തേക്ക് കടക്കാന്‍ തീരുമാനിച്ചതെന്നും കരുതുന്നു.

മാത്രമല്ല, മുനമ്പത്ത് നിന്നും ന്യൂസിലന്‍ഡിലേക്ക് കടല്‍മാര്‍ഗ്ഗം 11,470 കിലോമീറ്റര്‍ ദൂരമുണ്ട്. 47 ദിവസം തുടര്‍ച്ചയായി യാത്ര ചെയ്താല്‍ മാത്രമേ ന്യൂസിലന്‍ഡ് തീരത്തെത്തൂ. ബോട്ടില്‍ ഒറ്റയടിക്ക് ദൈര്‍ഘ്യമേറിയ യാത്ര പ്രയാസമായതിനാലാകണം ഇന്‍ഡോനേഷ്യ ലക്ഷ്യമാക്കാന്‍ കാരണമെന്നും പൊലീസ് കരുതുന്നു.

മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം സംശയിക്കുന്നതിനാല്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. അന്വേഷണപുരോഗതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും നയതന്ത്ര ഇടപെടലുകള്‍ക്കുളള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍ എന്ന് കരുതുന്ന ശ്രീകാന്തിന്റെ വെങ്ങാനൂരിലെ വീട്ടില്‍ നിന്നും പാസ്‌പോര്‍ട്ടുകള്‍, ചെക്കുകള്‍, ആധാരങ്ങള്‍, സ്വിസ് ബാങ്ക് നിക്ഷേപ രേഖകള്‍, തമിഴില്‍ എഴുതിയ രേഖകള്‍, നാണയക്കിഴികള്‍ എന്നിവ കണ്ടെത്തിയിരുന്നു.

കൂട്ടാളിയായ അനില്‍കുമാറിനെ വെങ്ങാനൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ബോട്ടില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പണം തികയാത്തതിനാല്‍ മടങ്ങിയ ദീപക്, പ്രഭു ദണ്ഡവാണി എന്നിവരെ പൊലീസ് ഡെല്‍ഹിയില്‍ നിന്നും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഇവരുടെ ഭാര്യമാരും കുട്ടികളും മുനന്പത്ത് നിന്നും പുറപ്പെട്ടതായാണ് വിവരം. ഡെല്‍ഹിയിലെ അംബേദ്കര്‍ കോളനി, ചൈന്നൈ എന്നിവിടങ്ങളില്‍ നിന്നുളള ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെയുളളവര്‍ക്ക് മുനന്പം, മാല്യങ്കര പ്രദേശവാസികളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News