30 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഹാറിലെ ചരിത്രപ്രധാനമായ ഗാന്ധി മൈതാനില്‍ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

30 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഹാറിലെ ചരിത്രപ്രധാനമായ ഗാന്ധി മൈതാനില്‍ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഒന്നരലക്ഷം പേരെ അണിനിരത്തി കരുത്ത് കാട്ടുകയാണ് ജന്‍ ആകാംഷാ റാലിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 3ന് നടക്കുന്ന റാലിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനാ സംവിധാനം ശക്തമാക്കുക, തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയോട് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കരുത്ത് കാട്ടുകയും ലക്ഷ്യമിട്ടാണ് റാലി.

1989 ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു ഗാന്ധി മൈതാനിയില്‍ കോണ്‍ഗ്രസിന്റെ റാലിയെ അവസാനമായി അംഭിസംബോധന ചെയ്തത്. പിന്നീട് ലക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മൈതാനിയില്‍ കോണ്‍ഗ്രസിന് അത്തരമൊരു മഹാറാലി എറ്റെടുക്കാന്‍ ധൈര്യമുണ്ടായില്ല.

അത്രയേറെ ബിഹാറില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു.മണ്ഡല്‍ കമ്മീഷന്‍ വിഷയത്തോടെയായിരുന്നു ബിഹാറിലെ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിത്തുടങ്ങിയത്. ഒടുവില്‍ 2009ലെ നിയമസഭയില്‍ നാല് അംഗങ്ങളിലേക്ക് വരെ പാര്‍ട്ടി ചുരുങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഈ പേരുദോഷം മാറ്റി തെരഞ്ഞെടുപ്പിനായി പാര്‍ട്ടിക്ക് തയ്യാറെടുക്കേണ്ടതുണ്ട്.

ഇത് ലക്ഷ്യമിട്ടാണ് ഒന്നര ലക്ഷം പേരെ അണിനിരത്തി ഫെബ്രുവരി 3 ന് ജന്‍ ആകാംഷാ റാലി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. എംഎല്‍എമാരും എംഎല്‍സിമാരും 5000 പേരെയും ജില്ലാ കമ്മിറ്റികള്‍ 4000 പേരെയും റാലിക്ക് എത്തിക്കണം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാലി ഉദ്ഘാടനം ചെയ്യും. നിരവധി ദേശീയ നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പിസിസി അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ പാറ്റ്നയില്‍ പറഞ്ഞു.

ബിഹാറിലെ മഹാസഖ്യപ്രഖ്യാപനത്തിന് തൊട്ട് മുന്‍പുള്ള റാലിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. റാലിയിലൂടെ ബിജെപിയെയും ജെഡിയുവിനെയും മാത്രമല്ല കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സഖ്യകക്ഷിയായ ആര്‍ജെഡിയെക്കൂടിയാണ്. ആര്‍ജെഡിയോട് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള കരുത്ത് കാട്ടാനും കോണ്‍ഗ്രസ് റാലിയിലൂടെ ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here