പത്ത് ശതമാനം സംവരണം നല്‍കിയില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്നിട്ടിറങ്ങുമെന്ന് ജാട്ടുകളുടെ ദേശീയ സംഘടന.

3 വര്‍ഷമായി സംവരണത്തിനായി പ്രതിഷേധിക്കുന്നുവെന്നും ബിജെപി സര്‍ക്കാര്‍ ഈ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജാട്ടുകള്‍ ആരോപിച്ചു.

സംവരണാവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കാത്ത തങ്ങളുടെ എംപിമാരെ ഷൂ അണിയിച്ച് മണ്ഡലത്തിലേക്ക് സ്വീകരിക്കുമെന്നും ജാട്ട് നേതാക്കള്‍ ദില്ലിയില്‍ പറഞ്ഞു.

7 ദിവസങ്ങള്‍ക്കകം സംവരണം ഉറപ്പ് നല്‍കിയില്ലെങ്കില്‍ ജാട്ടുകള്‍ ഏറെയുള്ള 131 ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്നിട്ടിറങ്ങുമെന്ന അന്ത്യശാസനമാണ് ജാട്ടുകളുടെ ദേശീയ സംഘടന ബിജെപിക്ക് നല്‍കിയിരിക്കുന്നത്.

ഓള്‍ ഇന്ത്യാ ജാട്ട് ആരക്ഷണ്‍ ബച്ചാവോ ആന്ദോളന്‍ ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു നേതാക്കളുടെ അന്ത്യശാസനം.

മൂന്ന് വര്‍ഷമായി പത്ത് ശതമാനം സംവരണത്തിനായി സമരം ചെയ്യുന്നു.എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ ബിജെപിയോ കേന്ദ്രസര്‍ക്കാരോ തയ്യാറാകുന്നില്ല.

2015ല്‍ വെങ്കയ്യ നായിഡു അധ്യക്ഷനായ കമ്മിറ്റിയെ സംവരണവിഷയം പഠിക്കാന്‍ നിയോഗിച്ചെങ്കിലും ഒരു യോഗം പോലും ചേര്‍ന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

സംവരണാവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കാത്ത തങ്ങളുടെ എംപിമാരെ ഷൂ അണിയിച്ച് മണ്ഡലത്തിലേക്ക് സ്വീകരിക്കും. 7 ദിവസത്തിനകം സംവരണം ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ മായാവതിയെ പിന്തുണയ്ക്കാന്‍ ജാട്ടുകളോട് ആഹ്വാനം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.

10 ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് ജാട്ടുകള്‍ സംവരണാവശ്യം വീണ്ടും ശക്തമായി ഉയര്‍ത്തുന്നത്. ആകെ ജനസംഖ്യയുടെ 3 ശതമാനം മാത്രമാണെങ്കിലും 4 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണം നല്‍കാമെന്ന ഉറപ്പിന്മേല്‍ ജാട്ടുകള്‍ ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാല്‍ സംവരണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ബിജെപിയെ തോല്‍പ്പിക്കാനിറങ്ങുമെന്ന പ്രസ്താവന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്‌