എം നാഗേശ്വര റാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പിന്മാറി

എം നാഗേശ്വര റാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പിന്മാറി. സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള ഉന്നതതല സമിതിയില്‍ അംഗമായതിനാലാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. പുതിയ ബെഞ്ച് ജനുവരി 24ന് ഹര്‍ജി പരിഗണിക്കും

സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെതിരായ പൊതു താല്പര്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പിന്മാറി.പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനായി ജനുവരി 24 വ്യാഴാഴ്ച ഉന്നതതല സമിതി യോഗം ചേരാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.

പ്രധാനമന്ത്രിക്ക് പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ലോക്സഭാ പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ടതാണ് ഉന്നതതല സമിതി. സന്നദ്ധ സംഘടനയായ കോമണ്‍ കോസാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യംചെയ്യുന്നതിന് പുറമെ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു.

ജനുവരി 24 ന് സുപ്രീംകോടതിയില്‍ സീനിയോരിറ്റിയില്‍ രണ്ടാമതുള്ള ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് ഈ ഹര്‍ജി പരിഗണിക്കും. സിബിഐ ഇടക്കാല ഡയറക്ടറെ നിയമികേണ്ടത് പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് എന്നാല്‍ നാഗേശ്വര്‍ റാവുവിനെ നിയമിച്ചത് അങ്ങനെയല്ലാത്തതിനാല്‍ നിയമനം റദ്ധാക്കണമെന്നാണ് കോമണ്‍ കോസിന്റെ ആവശ്യം.

അലോക് വര്‍മ്മയെ മാറ്റിയതിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ഡയറക്ടറായ നാഗേശ്വര്‍ റാവുവിന്റെ കാലാവധി ജനുവരി 31 വരെയാണ്.അലോക് വര്‍മ്മയുടെ ഭാവി നിശ്ചയിക്കാന്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന് പകരം ജസ്റ്റിസ് എ.കെ സിക്രിയാണ് യോഗത്തിനെത്തിയത്.

യോഗത്തില്‍ അലോക് വര്‍മ്മക്കെതിരായ നീക്കത്തെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തിരുന്നുവെങ്കിലും ഭൂരിപക്ഷ തീരുമാനപ്രകാരം വര്‍മ്മയെ നീക്കുകയായിരുന്നു.പുതിയ സിബിഐ ഡയറക്ടര്‍ ഫെബ്രുവരി 1 മുതല്‍ ഔദ്യോഗിക പദവിയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News