കര്‍ണ്ണാടകയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന എം.എല്‍എമാര്‍ തമ്മിലടിച്ചത് പരിഹരിക്കാനാവാതെ കോണ്‍ഗ്രസ്. വെള്ളിയാഴ്ച്ച വരെ എല്ലാ എം.എല്‍എമാരേയും റിസോര്‍ട്ടില്‍ തന്നെ താമസിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു.

തമ്മിലടിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കട്ടെ എം.എല്‍.എ ആനന്ദ്‌സിങ്ങിന്റെ ഭാര്യ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. മാപ്പ് പറയാന്‍ തയ്യാറാണന്ന് ആക്രമിച്ച എം.എല്‍.എ ജെ.ഗണേഷ് പറഞ്ഞു.

കര്‍ണ്ണാടകയിലെ സഖ്യ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി നടത്തുന്ന നീക്കം തടയിടാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ മൂന്ന് ദിവസമായി സ്വന്തം എം.എല്‍എമാരെ കോണ്‍ഗ്രസ് രണ്ട് റിസോര്‍ട്ടുകളിലായി താമസിപ്പിച്ചിരിക്കുന്നത്.

ഇതില്‍ ബഡദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന എം.എല്‍.എമാരായ ആനന്ദ് സിങ്ങ്, ഗണേഷ് എന്നിവര്‍ തമ്മിലാണ് പോരടിച്ചത്. പരസ്പരം കൂറമാറ്റം ആരോപിച്ചായിരുന്നു കയ്യാകളി.ഇതില്‍ ആനന്ദസിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ബാത്ത്‌റൂമില്‍ വീണതിലാണ് എം.എല്‍.എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് ഭാഷ്യം. പക്ഷെ എം.എല്‍.എ ഗണേഷ് കുപ്പി കൊണ്ട് അടിച്ചെന്ന് ആനന്ദ സിങ്ങിന്റെ ഭാര്യ വെളിപ്പെടുത്തി.

ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.ആനന്ദസിങ്ങിന് നെറ്റിയില്‍ ആഴത്തില്‍ മുറിവുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്ത് വന്നു.

തമ്മിലടി കോണ്‍ഗ്രസിനെ നാണക്കേടിലാക്കി. ഇതേ തുടര്‍ന്ന് എല്ലാ എം.എല്‍എമാരും വെള്ളിയാഴ്ച്ച വരെ റിസോര്‍ട്ടുകളില്‍ തന്നെ പാര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.

ഇന്ന് എല്ലാവരേയും മണ്ഡലങ്ങളിലേയ്ക്ക് തിരിച്ചയക്കാനാണ് നേരത്തെ കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നത്. കൈയ്യാങ്കളി ഉണ്ടായിട്ടില്ലെന്നും എന്നാല്‍ പരസ്പരം വാഗവാദ്വം ഉണ്ടായതായി ആക്രമിച്ച എം.എല്‍.എ ഗണേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇതില്‍ ദുഖമുണ്ട്. കുടുംബത്തോട് മാപ്പ് പറയാന്‍ തയ്യാറാണന്നും ഗണേഷ് അറിയിച്ചു. കുടുംബം കേസിന് പോകുമെന്ന് വ്യക്തമാക്കിയതോടെ ഒത്തു തീര്‍പ്പിനാണ് എം.എല്‍എ ഗണേഷ് ശ്രമിക്കുന്നത്.അതേ സമയം സംഭവം രാഷ്ട്രിയമായി ഉയര്‍ത്തി കൊണ്ട് വരാന്‍ ബിജെപി ശ്രമം ആരംഭിച്ചു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ എം.എല്‍.എമാര്‍ക്ക് പോലും ജീവന് ഭയമാണന്ന് ബിജെപി ആരോപിച്ചു.