‘എല്ലാവരും അവന്‍ മരിക്കുമെന്നാണ് കരുതിയത്’ പറയുന്നത് 19 മാസം മാത്രം പ്രായമുള്ള തിയോ ഫ്രൈയുടെ അമ്മയാണ്. ഫൗവി സിയേര്‍സ് തന്റെ മകനെക്കുറിച്ചിത് പറയുന്നത് വെറുതെ അല്ല.

ഈ പ്രായത്തിനുള്ളില്‍ 30 ഹൃദയാഘാതങ്ങളാണ് തിയോ ഫ്രൈ അതിജീവിച്ചത്. വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ് ഈ ഒന്നരവയസ്സുകാരന്‍.


തിയോയ്ക്ക് 8 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ശരീരം മുഴുവന്‍ വിഷം കലര്‍ന്ന പോലെ നീല നിറമായത് മാതാപിതാക്കളുടെ ശ്രദ്ധിയില്‍ പെട്ടത്.

അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടന്‍ തന്നെ യുകെയിലെ ലിവര്‍പൂളിലുള്ള ആള്‍ഡര്‍ ഹോസ്പ്റ്റലില്‍ എത്തിച്ചു.

തിയോയുടെ കുഞ്ഞുഹൃദയത്തിന് രക്തം പമ്പു ചെയ്യാനാകാത്ത അപൂര്‍വ്വ രോഗാവസ്ഥയാണെന്ന് കാര്യം അപ്പോള്‍ മാത്രമാണ് തിരിച്ചറിയപ്പെടുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചപ്പോള്‍ ആശുപത്രി വിട്ടെങ്കിലും തിയോയെ കാത്തിരുന്നത് അതിലും വലിയ പരീക്ഷണങ്ങളായിരുന്നു.

തുടര്‍ച്ചയായ ഹൃദയാഘാതങ്ങള്‍ കുഞ്ഞ് തിയോയെ മാസങ്ങളോളം ആശുപത്രിയിലാക്കി. ഓരോ തവണയും കുഞ്ഞ് തിയോ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി.

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ തിയോയുടെ ഹൃദയമിടിപ്പ് 2017 ഡിസംബര്‍ 21ന് അപകടകരമായ നിലയിലേയ്ക്ക് ഉയര്‍ന്നു.

ഉടന്‍ തന്നെ മാതാപിതാക്കള്‍ തിയോയെ ആശുപത്രിയിലെത്തിച്ചു. ഹൃദയസ്തംഭനം മൂലം 12 മിനുട്ട് തിയോയുടെ ഹൃദയം സ്പന്ദിച്ചില്ല.

വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ക്രിസ്മസിനും ജനുവരിയ്ക്കുമിടയില്‍ വീണ്ടും രണ്ടു തവണ കൂടി ഹൃദയാഘാതമുണ്ടായി. അതിനെയും അതിജീവിച്ച തിയോയെ കാത്തിരുന്നത് വലിയ പരീക്ഷണമായിരുന്നു.

2018 ജനുവരി 31ന് തിയോയ്ക്ക് വീണ്ടും ഹൃദയാഘാതമുണ്ടായി. ഒന്നും രണ്ടും തവണയായിരുന്നില്ല. 24 മണിക്കൂറില്‍ 25 തവണയാണ് ഹൃദയാഘാതമുണ്ടായത്.

തുടര്‍ച്ചയായ ഹൃദയാഘാതം കുഞ്ഞിന്റെ ജീവനെടുക്കുമെന്ന് ഉറപ്പായതോടെ തിയോയുടെ ഹൃദയം തുറന്ന് ശസ്ത്രക്രിയ ചെയ്യാന്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോക്ടര്‍ രമണ ദണ്ണപുനേനി തീരുമാനിക്കുകയായിരുന്നു.

കുഞ്ഞിന്റെ ഹൃദയത്തില്‍ നിന്ന് രക്തം പമ്പ് ചെയ്യാന്‍ തടസ്സമായി നിന്നിരുന്ന ഇടത് വെന്‍ട്രിക്കിളിലെ കോശം നീക്കം ചെയ്തതോടെ തിയോ ജീവിതത്തിലേയ്ക്ക് തിരികെയെത്തി.

വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തി 2 ദിവസത്തിനുള്ളില്‍ തിയോ ആശുപത്രി വിട്ടു. ഒരു വര്‍ഷം കടന്നു പോയി. തിയോ എന്ന കൊച്ചു മിടുക്കന്‍ ഇപ്പോള്‍ ഒരു അത്ഭുതകുഞ്ഞാണ്.

പലതവണ തേടി വന്ന മരണത്തെ വെല്ലുവിളിച്ച് അതിജീവിച്ച് തിരിച്ചെത്തിയ മിടുക്കന്‍. അച്ഛനായ സ്റ്റീവിനും അമ്മ ഫൗവിയോടുമൊപ്പം പുതിയ ജീവിതത്തിന്റെ സന്തോഷത്തിലാണ് കൊച്ച് തിയോ.