ക്ളാസ് കട്ട് ചെയ്യുന്നവര്‍ ജാഗ്രതൈ ! പോലീസ് പിന്നാലെയുണ്ട്

തിരുവനന്തപുരം നഗരത്തിലെ കുറ്റകൃതങ്ങള്‍ക്ക് അറുതി വരുത്താന്‍ ഒാപ്പറേഷന്‍ കോബ്രയുമായി സിറ്റി പോലീസ്.

സ്ഥിരം കുറ്റവാളികളെ കണ്ടെത്തല്‍ മുതല്‍ ക്ളാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിടികൂടുക വരെ ലക്ഷ്യമിട്ടാണ് പ്രത്യേക കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നത്.

ഗതാഗത ലംഘനം നടത്തിയ നിരവധി വാഹനങ്ങള്‍ ആദ്യ ദിവസത്തെ ഒാപ്പറേഷനില്‍ പിടികൂടി.

നഗരത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം സിറ്റി പോലീസ് ഒാപ്പറേഷന്‍ കോബ്ര എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

പദ്ധതിയുടെ ആദ്യ ദിവസത്തില്‍ സിറ്റിയിലെ ഗതാഗത ലംഘനം നടത്തിയ നിരവധി പേരെ പോലീസ് പിടികൂടി. മദ്യപിച്ച് സ്കൂള്‍ വാഹനം ഒാടിച്ച ഡ്രൈവറന്‍മാര്‍, മുതല്‍ അനധികൃതമായി വാഹനം മോടി പിടിപ്പിച്ചവര്‍ വരെ പിടിയിലായി.

സ്കൂള്‍ വാഹനങ്ങളില്‍ പലതിനും ട്രാഫിക്ക് പോലീസിന്‍റെ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് പരിശോധയില്‍ ബോധ്യപ്പെട്ടു.

പ്രായപൂര്‍ത്തിയാവാതെ വാഹനം ഒടിച്ചവരെയും ക്ളാസ് കട്ട് ചെയ്ത് കറങ്ങി നടന്ന വിദ്യാര്‍ത്ഥികളെയും പോലീസ് പിടികൂടി.

നഗരത്തില്‍ അമിത വേഗതയില്‍ വാഹനം ഒാടിച്ച നാല്പത് പേരും, മദ്യപിച്ച് വാഹനം ഒാടിച്ചതിന് 70 പേരും, വാഹനം രൂപമാറ്റം വരുത്തി നമ്പര്‍ മനസിലാക്കാത്ത രൂപത്തില്‍ എ‍ഴുതിയ അന്‍പത് പേരും പിടിയിലായി.

സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍റെ നേരിട്ടുളള നിയന്ത്രണത്തിലാണ് ഒാപ്പറേഷന്‍ കോബ്ര നടപ്പിലാക്കുന്നത്. സാമൂഹ്യ വിരുദ്ധരെ ലക്ഷ്യമിട്ടുളള പ്രത്യേക ഒാപ്പറേഷനും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു

അമിത പലിശക്ക് പണം കൊടുക്കുന്നവര്‍,കോടതി പിടികിട്ടാപുളളികളായി പ്രഖ്യാപിച്ച സ്ഥിരം കുറ്റവാളികള്‍, മയക്ക് മരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍, സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍, എന്നിവരെ കണ്ടെത്തുക എന്നീവയാണ് അടുത്ത ദിവസങ്ങളില്‍ പോലീസ് ലക്ഷ്യമിടുന്നത്.

നഗരത്തിലെ ക്രിമിനലുകളുടെ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ഒ‍ഴിഞ്ഞ് കിടക്കുന്ന ഫ്ലാറ്റുകള്‍,കെട്ടിങ്ങള്‍ എന്നീവിടങ്ങളില്‍ പോലീസിന്‍റെ പ്രത്യേക പരിശോധനയും ഒാപ്പറേഷന്‍ കോബ്രയുടെ ഭാഗമാണ് .

പത്ത് ദിവസം നീണ്ട് നിള്‍ക്കുന്ന പരിശോധനയില്‍ സ്പെഷ്യല്‍ ബ്രാഞ്ച്,ഷാഡോ ടീം, ട്രാഫിക്ക് പോലീസ്, കണ്‍ട്രോള്‍ റും,ലോക്കല്‍ പോലീസ് എന്നീവര്‍ പങ്കാളികളാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News