ഗോപിനാഥ് മുണ്ടേയുടെ മരണം വോട്ടിംങ് യന്ത്രത്തിലെ തിരിമറി അറിഞ്ഞതുകൊണ്ടെന്ന് വെ‍ളിപ്പെടുത്തല്‍; അന്വേഷണം വേണമെന്ന് കുടുംബം

വോട്ടിങ്ങ് മെഷീന്‍ ക്രമക്കേടിനെക്കുറിച്ചുള്ള ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്.

മരണത്തെക്കുറിച്ച് റോ അന്വേഷിക്കണമെന്ന് അനന്തരവനും എന്‍സിപി നേതാവുമായ ധനജ്ഞയ മുണ്ടെ ആവശ്യപ്പെട്ടു.

2014ല്‍ മോദി അധികാരത്തിലെത്തി ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ദില്ലിയില്‍ നടന്ന വാഹനാപകടത്തില്‍ കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത്.

പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മാത്രമുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച് വോട്ടിങ് മെഷീന്‍ ഹാക്കിങ്ങ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

2014ല്‍ ബിജെപി അധികാരത്തിലെത്താല്‍ ഇവിഎം ക്രമക്കേട് നടത്തിയെന്നാണ് അമേരിക്കയില്‍ രാഷ്ട്രിയ അഭയം തേടിയ ഹൈന്ദരാബാദ് സ്വദേശിയായ സയ്യിദ് ഷുജ എന്ന ഹാക്കറുടെ വെളിപ്പെടുത്തല്‍.

ഹാക്കിങ്ങിനെക്കുറിച്ച് അറിയാവുന്നത് കൊണ്ടാണ് ബിജെപി മുതിര്‍ന്ന നേതാവും മോദി മന്ത്രിസഭയില്‍ പഞ്ചായത്ത് രാജ് മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത്.

ഹാക്കറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഗോപിനാഥ് മുണ്ടെയുടെ മരണം അന്വേഷിക്കണമെന്ന് അനന്തരവനും എന്‍സിപി നേതാവുമായ ധനജ്ഞയ് മുണ്ടെ ആവശ്യപ്പെട്ടു.

റോയോ സുപ്രീംകോടതി ജസ്റ്റിസോ മരണത്തെക്കുറിച്ച് അന്വേഷിക്കണം. 2014 മെയ് 26ന് പഞ്ചായത്ത് രാജ് മന്ത്രിയായി സത്യപ്രതിജ് ചെയ്ത മുണ്ടെ ഒരാഴ്ച്ച കഴിഞ്ഞ് ജൂണ്‍ 3ന് ദില്ലിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

പുലര്‍ച്ചെ വിമാനത്താവളത്തിലേയ്ക്ക് പോകും വഴി സിഗ്നല്‍ ലൈറ്റ് തെറ്റിച്ചെത്തിയ ഒരു ടാക്‌സി മുണ്ടെ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇത് ആസൂത്രിതമാണന്നും സിബിഐ അന്വേഷിക്കണമെന്നും മകളും അന്ന് മഹാരാഷ്ട്രയില്‍ വനിതാ ശിശുക്ഷേമ മന്ത്രിയുമായിരുന്ന പങ്കജ് മുണ്ടെ ആവശ്യപ്പെട്ടിരുന്നു.

പക്ഷെ ഒരാഴ്ച്ചക്കുള്ളില്‍ പരാതി പിന്‍വലിച്ച പങ്കജാ മുണ്ടെ വിഷയത്തില്‍ മൗനത്തിലായി. പിന്നീട് അവരെ ലോക്‌സഭയിലേയ്ക്ക് ബിജെപി വിജയിപ്പിക്കുകയും ചെയ്തു.

ഇവിഎം ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ഗോപിനാഥ് മുണ്ടെയുടെ മരണം അന്വേഷിക്കണമെന്ന് അനന്തരവന്‍ ആവശ്യപ്പെട്ടെങ്കിലും മക്കള്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇത് വരെ തയ്യാറായിട്ടില്ല.

മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച് എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സിന്‍ അഹമ്മദ് ദൂരൂഹസാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു.അതേ സമയം ഇവിഎം ക്രമക്കേട് കോണ്‍ഗ്രസിന്റെ നുണയെന്ന് അരുണ്‍ ജറ്റ്‌ലി ആരോപിച്ചു.

ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങിപോകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിവിപാറ്റ് മെഷീനുകള്‍ എല്ലാ ഇവിഎംകള്‍ക്ക് ഒപ്പം സ്ഥാപിച്ച് മാത്രമേ തിരഞ്ഞെടുപ്പ് നടത്താവുയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

എന്നാല്‍ ഹാക്കര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അട്ടിമറി ആരോപണം തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News