”പുരുഷന് കയറാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്ക് കയറിക്കൂടാ”; അമൃതാനന്ദമയി അന്ന് പറഞ്ഞത്

തിരുവനന്തപുരം: ശബരിമല കര്‍മസമിതി ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗമത്തില്‍ പ്രസംഗിച്ചെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശത്തെ എക്കാലത്തും അനുകൂലിയ്ക്കുന്ന നിലപാടായിരുന്നു അമൃതാനന്ദമയിക്ക്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് 11 വര്‍ഷം മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ അമൃതാനന്ദമയി ആവശ്യപ്പെട്ടിരുന്നു. അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായി.

2007 ആഗസ്ത് 25ന് പ്രമുഖ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇങ്ങനെ:

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിയ്ക്കാം: അമ്മ

”ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുകൊണ്ട് എന്താണു കുഴപ്പമെന്നു മാതാ അമൃതാനന്ദമയി. പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കില്‍ പുരുഷനു കയറാം, പ്രസവിച്ച സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധര്‍മ്മമല്ലേ? സ്ത്രീ, പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്പം.”- അമൃതാനന്ദമയി പറഞ്ഞു.

ക്ഷേത്രങ്ങളില്‍ വിശ്വാസികളെയെല്ലാം കയറ്റണമെന്നാണ് തന്റെ അഭിപ്രായം എന്നും അമൃതാനന്ദമയി തുടര്‍ന്ന് പറയുന്നു.

അതേദിവസം മറ്റൊരു മാധ്യമത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ:

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച ചോദ്യത്തിന് ”പുരുഷനു കയറാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്ക് കയറിക്കൂട എന്ന് അമ്മ ചോദിച്ചു. ‘എന്റെ ഈശ്വരസങ്കല്‍പ്പത്തില്‍ സ്ത്രീ-പുരുഷ ഭേദമില്ല.”

എന്നാല്‍ ഞായറാഴ്ച കര്‍മസമിതിയുടെ പരിപാടിയില്‍ അമൃതാനന്ദമായി പ്രസംഗിച്ചത് ഇങ്ങനെ:

‘അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടത്തെ ആചാരങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല’.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എക്കാലവും അനുകൂലിച്ചിരുന്ന ബിജെപിയും ആര്‍എസ്എസും സുപ്രീംകോടതി വിധി മറയാക്കി സംസ്ഥാന സര്‍ക്കാരിനെതിരെ കലാപത്തിന് മാത്രമാണ് ഇപ്പോള്‍ നിലപാട് മാറ്റിയതെന്ന് വ്യക്തമാണ്. ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എഴുതിയ ലേഖനവും പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here