യുഡിഎഫ് തള്ളിയ പിസി ജോര്‍ജിന് രാഷ്ട്രീയ അഭയം നല്‍കാന്‍ കോണ്‍ഗ്രസ്. പി സി ജോര്‍ജ് – കോണ്‍ഗ്രസ് സഹകരണ നീക്കം സ്ഥിരീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. പിസി ജോര്‍ജിന്റെ കോണ്‍ഗ്രസ് സഹകരണത്തെ മാണിവിഭാഗം എതിര്‍ക്കില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫുമായി സഹകരിക്കാനുള്ള നീക്കം മുന്നണി നേതൃത്വം തള്ളിയ സാഹചര്യത്തില്‍ പി സി ജോര്‍ജിന്റെ നിലനില്‍പ്പ് അപകടത്തിലാണ്. ഈ തിരിച്ചറിവില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിച്ച് കോണ്‍ഗ്രസുമായി സഹകരിക്കാനാണ് പി സി ജോര്‍ജിന്റെ അടുത്ത നീക്കം.

കെപിസിസി നേതൃത്വം പച്ചക്കൊടി വീശിയാല്‍ മുന്നണിക്ക് പുറത്തുനിര്‍ത്തി പി സി ജോര്‍ജുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ സ്ഥിരീകരിച്ചു.

എതിര്‍ചേരിക്കാര്‍ക്ക് നേരെ എന്തുംവിളിച്ചുപറയുന്ന ഒരു നേതാവിന്റെ വിടവ് പിസി ജോര്‍ജ് എത്തുന്നതോടെ പ്രതിപക്ഷ നിരയില്‍ നികത്തപ്പെടും. ഗ്രൂപ്പുകള്‍ മാറ്റി വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുടെ സമ്മതത്തോടെ യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും ഇക്കാര്യത്തില്‍ പി സി ജോര്‍ജിനൊപ്പമാണ്.

ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തെ പരസ്യമായി എതിര്‍ത്തത് മാണി ഗ്രൂപ്പാണ്.പക്ഷെ ജോര്‍ജ് മുന്നണിക്ക് പുറത്ത് നിന്ന് കോണ്‍ഗ്രസുമായി സഹകരിക്കുന്നത് മാണിഗ്രൂപ്പിനും തലവേദന കുറയും. അതുകൊണ്ട് ജോര്‍ജിന്റെ കോണ്‍ഗ്രസ് സഹകരണത്തെ മാണിവിഭാഗം എതിര്‍ക്കില്ല.

സ്വന്തം തട്ടകത്തില്‍ അപഹാസ്യനായി മാറി പിസി ജോര്‍ജ് ഒരു രാഷ്ട്രീയ ഭിക്ഷാംദേഹിയായി കോണ്‍ഗ്രസിന്റെ പടിവാതില്‍ക്കല്‍ വീണ്ടും എത്തിയിരിക്കുന്നു. നിലനില്‍പ്പ് അപകടത്തിലായ കോണ്‍ഗ്രസാകട്ടെ പിസി ജോര്‍ജിന്റെ നാവ് കടമെടുക്കുമോയെന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.