സിബിഐയുടെ തലപ്പത്ത് വീണ്ടു അഴിച്ചു പണി; നീക്കം ഉന്നതാധികാര സമിതി യോഗം ചേരാന്‍ മൂന്നു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ

ദില്ലി: സിബിഐയുടെ തലപ്പത്ത് വീണ്ടു അഴിച്ചു പണി. പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള ഉന്നതാധികാര സമിതി യോഗം ചേരാന്‍ മൂന്നു ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് സിബിഐയില്‍ അഴിച്ചു പണി നടത്തിയിരിക്കുന്നത്. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു 20 പേരെയാണ് കൂട്ടത്തോടെ സ്ഥലമാറ്റിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിക്കുന്ന ഉന്നതാധികാര സമിതി യോഗം ജനുവരി 24നാണ് തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ പ്രധാനമന്ത്രിയ്ക്കു പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരാണ് മറ്റംഗങ്ങള്‍.

എന്നാല്‍ തിങ്കളാഴ്ച 20 പേരെ ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര്‍ റാവു ഒന്നിച്ചു സ്ഥലം മാറ്റിയിരിക്കുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനും ഈ പട്ടികയിലുണ്ട്.

മുംബൈയിലെ അഴിമതി വിരുദ്ധ വിഭാഗത്തിലേക്കാണ് കേസ് അന്വേഷിച്ചിരുന്ന എസ്.കെ. നായരെ മാറ്റിയിരിക്കുന്നത്. ഇദ്ദേഹത്തിനു പകരം ചെന്നൈയില്‍നിന്ന് എസ്പി റാങ്കിലുള്ള എ. ശരവണനെയാണ് നിയമിച്ചിരിക്കുന്നത്. ഇദ്ദേഹമായിരുന്നു തമിഴ്നാട്ടില്‍ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് വേദാന്ത കമ്പനിക്ക് മുന്നിലുണ്ടായ വെടിവെപ്പുകേസ് അന്വേഷിച്ചിരുന്നത്്.

2ജി സ്പെക്ട്രം കേസ് അന്വേഷിച്ചിരുന്ന വിവേക് പ്രിയദര്‍ശിയെ ചണ്ഡിഗഢിലേക്കാണ് സ്ഥലം മാറ്റിയത്. എന്നാല്‍ കോടതി പ്രത്യേകമായി ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണം നടത്തിയിരുന്ന കേസുകളില്‍ അവര്‍തന്നെ തുടരന്വേഷണം നടത്തണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം, അലോക് വര്‍മ്മ സിബിഐ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തിയപ്പോള്‍ സിബിഐ ഓഫീസര്‍ എ കെ ബസ്സിയെ പോര്‍ട് ബ്ലയറില്‍ നിന്ന് തിരിച്ചു ദില്ലിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ ഉത്തരവ് കഴിഞ്ഞ ആഴ്ച എം നാഗേശ്വര്‍ റാവു പിന്‍വലിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം എ കെ ബസ്സി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

സിബിഐ ഇടക്കാല ഡയറക്ടറെ നിയമികേണ്ടത് പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് എന്നാല്‍ നാഗേശ്വര്‍ റാവുവിനെ നിയമിച്ചത് അങ്ങനെയല്ലാത്തതിനാല്‍ നിയമനം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ കോമണ്‍ കോസ് നല്‍കിയ ഹര്‍ജി ജനുവരി 24ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നാഗേശ്വര്‍ റാവുവിന്റെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News