സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ശരീഅത്ത് ചട്ടങ്ങളെച്ചൊല്ലി യൂത്ത് ലീഗ്-സമസ്ത തര്‍ക്കം

സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ശരീഅത്ത് ചട്ടങ്ങളെച്ചൊല്ലി യൂത്ത് ലീഗ്-സമസ്ത തര്‍ക്കം. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയായി സമസ്ത സെക്രട്ടറി മുസ്തഫ മുണ്ടുപാറ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് ചൂടുപിടിച്ചത്.

സര്‍ക്കാര്‍ രൂപീകരിച്ച ശരീഅത്ത് ചട്ടങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആറു ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനുമറുപടിയായി പ്രശ്നം അത്ര ലഘുവല്ലെന്ന പോസ്റ്റുമായി സമസ്ത സെക്രട്ടറി മുസ്തഫ മുണ്ടുപാറ രംഗത്തെത്തി.

ഇതോടെ യൂത്ത് ലീഗും സമസ്തയും വാഗ്വാദങ്ങളും എതിരഭിപ്രായങ്ങളുമായി സൈബര്‍ കളം നിറഞ്ഞു. ശരീഅത്ത് വിഷയത്തില്‍ യൂത്ത് ലീഗിന്റെ ഇടപെടലില്‍ സംശയമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാതെ സമുദായത്തിനു ഗുണംചെയ്യുന്ന തരത്തില്‍ മുന്നോട്ടുവരണമെന്ന് ഫിറോസ് ഫേസ്ബുക്കില്‍ ആവശ്യപ്പെട്ടു.

ചട്ടം നിലവില്‍ വന്നാല്‍ പൊന്നാനി മൗനത്തുല്‍ ഇസ്ലാം സഭ, കുറ്റിച്ചിറ തര്‍ബിയ്യത്തുല്‍ ഇസ്ലാംസഭ എന്നിവയുടെ ആധികാരികത നഷ്ടപ്പെടില്ലെന്നും കേരളത്തിലെ മുസ്ലിംകള്‍ മുഴുവന്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരില്ലെന്നും ഫിറോസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ചില ഭേദഗതികളും ഫിറോസ് നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍, ഏറെ അപകടങ്ങളുള്ള ചട്ടം ഇറങ്ങിയപ്പോള്‍ ഒരുതവണപോലും വായിച്ചുനോക്കാതെ പിതൃത്വ അവകാശവാദവുമായി യൂത്ത് ലീഗ് ചാടിപ്പുറപ്പെട്ടതാണെന്ന് സമസ്ത നേതാവ് കുറ്റപ്പെടുത്തുന്നു. ആകാശത്തുകൂടി പോവുന്നമാറാപ്പ് ചാടിപ്പിടിക്കുകയാണെന്ന പരിഹാസവും മുസ്തഫ മുണ്ടുപാറയുടെ കുറിപ്പിലുണ്ട്. ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ടിനെ ലാഘവത്തോടെ കൈകാര്യംചെയ്യരുതെന്ന് സമസ്ത ലീഗ് നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News