കേരള പുനര്‍ നിര്‍മ്മാണത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്ര തുക സംഭാവനയായി ലഭിച്ചുവെന്ന് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് ഓഫീസ്

പ്രളയാനന്തര കേരള പുനര്‍ നിര്‍മ്മാണത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെക്ക് എത്ര തുക സംഭാവനയായി ലഭിച്ചുവെന്ന് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫിസ് രേഖാമൂലം ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതുവരെ കേരളത്തിന് രണ്ട് കോടി മുപ്പത്തിയാറ് ലക്ഷത്തി അന്‍പതിനായിരം രൂപ നല്‍കിയതായി ഓഫിസ് രേഖാമൂലം അറിയിച്ചു.

വിദേശ രാജ്യങ്ങളടക്കം കേരളത്തിന്റ പുനര്‍ നിര്‍മ്മാണത്തിന് സഹായ വാഗ്ദാനം അറിയിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എറെ വിവാദമായിരുന്നു. നേരിട്ട് കേരളത്തിന് സഹായം കൈപറ്റാന്‍ വിലക്ക് കല്പിച്ച കേന്ദ്രം പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് അവ കൈമാറാനാണ് നിര്‍ദ്ദേശിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സഹായം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഈ വിധത്തില്‍ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായ് കൈമാറിയ തുക എത്ര ആണെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് പ്രധാന മന്ത്രിയുടെ ഓഫിസിന്റെ ഇപ്പോഴത്തെ നിലപാട്.

വിവരാവകാശ പ്രകാരമുളള അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു. 2018 ഓഗസ്റ്റിന് ശേഷം കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ലഭിച്ച തുക എത്ര എന്നത് സമ്പന്ധിച്ച കണക്ക് വേര്‍തിരിച്ച് സൂക്ഷിച്ചിട്ടില്ല.

അതേ സമയം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കേരളത്തിന്റെ പ്രളയ ദുരന്തത്തിന് ആശ്വാസമായ് നല്‍കിയത് രണ്ട് കോടിമുപ്പത്തി ആറ് ലക്ഷത്തി അന്‍പതിനായിരം രൂപമാത്രമാണെന്നും രേഖമൂലം വ്യക്തമാക്കി. 113 പേരുടെ മരണത്തിന് സമാശ്വാസമായ് ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും 21 പേര്‍ക്ക് ഗുരുതരമായ് പരിക്കേറ്റതിന് നഷ്ടപരിഹാരമായി അന്‍പതിനായിരം രൂപ വീതവും ആണ് അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here