പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ഷക സൗഹൃദ പദ്ധതികള്‍ സംസ്ഥാന ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയോടെ കര്‍ഷകര്‍

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ഷക സൗഹൃദ പദ്ധതികള്‍ സംസ്ഥാന ബജറ്റിലുണ്ടാകുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കാര്‍ഷികമേഖലയ്ക്കായി ശാസ്ത്രീയമായ പുതിയ പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

കാര്‍ഷിക മേഖലയില്‍ മാത്രം 19000 കോടി രൂപയുടെ നഷ്ടമാണ് പ്രളയത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ കാര്‍ഷികമേഖലയില്‍ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ സംസ്ഥാന ബജറ്റിലുണ്ടാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. പ്രതിസന്ധി ഘട്ടത്തിലും നെല്ലുത്പാദനത്തിനും പച്ചക്കറി ഉത്പാദനത്തിലും പാലുത്പാദനത്തിലുമെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

പ്രളയദുരന്തത്തെ നേരിടേണ്ടി വന്ന കര്‍ഷകര്‍ക്കായി പുതിയ കര്‍ഷക നയത്തിലൂടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ശാസ്ത്രീയമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെവി രാമകൃഷ്ണന്‍ പറഞ്ഞു. നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങളിലൂടെ നെല്ല് സംഭരണം നടന്നതിനായി പൈലറ്റ് പദ്ധതിയെന്ന നിലയില്‍ പാലക്കാട് സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പൊതുമേഖലയില്‍ നെല്ല് സംഭരിച്ച് അരിയാക്കി വിപണിയിലെത്തിക്കുന്നതിനായി താലൂക്കുകളില്‍ ആധുനിക റൈസ് മില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. തുടര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടല്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാര്‍ഷിക മേഖലയ്ക്ക് കൂടി ഉപകാരപ്രദമാകുന്ന തരത്തില്‍ കഞ്ചിക്കോട് ഭക്ഷ്യസംസ്‌ക്കരണ പ്ലാന്റ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. നാളികേര വികസന കൗണ്‍സിലിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ബജറ്റിലിടം പിടിക്കുമെന്നാണ് കരുതുന്നത്.

നെല്ലിന്റെ താങ്ങു വില ഒരു രൂപ വര്‍ധിപ്പിക്കുക, ജലസേചനം സുഗമമാക്കുന്നതിനായി കനാലുകള്‍ കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി നവീകരിക്കുക, ജലസേചനം കാര്യക്ഷമമായി കൂടുതല്‍ കൃഷി സ്ഥലങ്ങളിലേക്ക് ജലസേചന സൗകര്യമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നു.

നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കര്‍ഷക സൗഹൃദ പദ്ധതികള്‍ വലിയ ഉണര്‍വ്വ് കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് കര്‍ഷകര്‍ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News