തുടര്‍ച്ചയായി 42 മണിക്കൂര്‍ നിര്‍ത്താതെ കച്ചേരി നടത്തി മലയാളി സംഗീതഞ്ജ ഗിന്നസ് റെക്കോര്‍ഡിലേക്ക്. പ്രശ്‌സ്ത അവതാരക സജ്‌നാ വിനീഷാണ് നിലവിലെ ലോക റെക്കോര്‍ഡ് മറി കടന്നത്. സൂര്യ ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ചാണ് പരിപാടി നടന്നത്

സൂര്യാ ഫെസ്റ്റിവെല്‍ വേദിയില്‍ തിങ്കള്‍ പുലര്‍ച്ചെ 3 മണിക്ക് ആരംഭിച്ച സജ്‌നാ വിനീഷിന്റെ സംഗീത കച്ചേരി ഇന്നലെ രാത്രി 9 ന് അവസാനിക്കുമ്പോള്‍ ചരിത്രം പലകുറി കീഴ്‌മേല്‍ മറിഞ്ഞു. 42 മണിക്കൂറുകള്‍ തുടര്‍ച്ചയായി കച്ചേരി നടത്തിയതിന്റെ ലോകറെക്കോര്‍ഡ് ഇനി ഈ തിരുവനന്തപുരത്ത്കാരിക്ക് സ്വന്തം.

കര്‍ണ്ണാടക സംഗീതത്തിലെ അതുല്യ പ്രതിഭകള്‍ക്ക് പോലും ഇതുവരെ നേടാന്‍ കഴിയാത്ത അതുല്യനേട്ടവുമായിട്ടാണ് സംജ്‌ന വിനീഷ് മംഗളം പാടി അവസാനിപ്പിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ അനന്തലക്ഷ്മി വെങ്കിട്ടരാമന്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായി കച്ചേരി അവതരിപ്പിച്ചതാണ് ഇതുവരെയുളള ലോക റെക്കോര്‍ഡ്.

വൈകിട്ട് 6മണിയോടെ സജ്‌ന അത് മറികടന്നു.ഒരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും കേവലം പത്ത് മിനിറ്റ് മാത്രമാണ് സജ്‌ന വിശ്രമത്തിനായി എടുത്തത്. ആ മിനിറ്റുകള്‍ കുറച്ചാല്‍ പോലും 39 മണിക്കൂര്‍ നിര്‍ത്താതെ പാടി സജ്‌ന വിനീഷ് ചരിത്രം തിരുത്തിയെഴുതി.

തിരുവനന്തപുരം വിമണ്‍സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ സജ്‌ന പ്രശ്‌സ്ത അവതാരികയും, നര്‍ത്തകിയുമാണ്. അത്യന്തം ശ്രമകരമായ സംഗീതയജ്ഞം മുഴുമിപ്പിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യം തനിക്കുണ്ടെന്ന് സജ്‌ന പറഞ്ഞു. സൂര്യഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ച് തൈക്കാട് ഗണേശത്തിലാണ് സംഗീത കച്ചേരി അരങ്ങേറിയത് .

പ്രിയ ശിഷ്യക്ക് എല്ലാ പിന്തുണയുമായി കൂടെ നിന്നത് ഗുരുതുല്യനായ സൂര്യ കൃഷ്ണമൂര്‍ത്തി തന്നെ. സഹപ്രവര്‍ത്തകരായ അധ്യാപകരും, വിദ്യാര്‍ത്ഥികളും സംഗീത പ്രേമികളും നിറഞ്ഞ സദസിന് മുന്നിലാണ് സജ്‌ന വിനീഷ് ചരിത്ര നേട്ടം കുറിച്ചത്.