വികസിത രാജ്യങ്ങള്‍ ഇപ്പോഴും പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്തുവെന്ന ലണ്ടനിലെ ഹാക്കറുടെ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. വിഷയത്തില്‍ പങ്കെടുത്ത് പ്രമുഖ ശാസ്ത്രലേഖകന്‍ ഡോ. വൈശാഖന്‍ തമ്പി ഫേസ് ബുക്കില്‍ പങ്കുവെച്ച അഭിപ്രായം അതില്‍ ഏറെ ചിന്തനീയമാണ്.

ഡോ. വൈശാഖന്‍ തമ്പിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ വായിക്കാം.

‘വോട്ടിങ് മെഷീന്‍ എന്ന ഉപകരണത്തില്‍ അടിസ്ഥാനപരമായി ഒരു പന്തികേടുള്ളതായി തോന്നിയിട്ടുണ്ട്. അത് പക്ഷേ അതിനെ ആരെങ്കിലും ഹാക്ക് ചെയ്ത് തിരിമറി കാണിയ്ക്കും എന്ന സംശയത്തിന്റെ പുറത്തുള്ളതല്ല. എന്റെ പരിമിതമായ അറിവില്‍, ഇന്റര്‍നെറ്റ് ഹാക്കര്‍മാരൊക്കെ ചെയ്യുന്നപോലെ ദൂരെയിരുന്ന് നെറ്റുവര്‍ക്കിലൂടെ നുഴഞ്ഞുകയറാവുന്ന ഒരു സിസ്റ്റമല്ല വോട്ടിങ് മെഷീന്റേത്.

എത്ര വിദഗ്ദ്ധനായ ഹാക്കര്‍ വിചാരിച്ചാലും ഒരു സാദാ KSRTC കണ്ടക്ടറുടെ കൈയിലെ ടിക്കറ്റ് മെഷീന്‍ ഹാക്ക് ചെയ്ത് ടിക്കറ്റ് പ്രിന്റ് ചെയ്യാന്‍ പറ്റില്ല എന്നതുപോലെ തന്നെ. വോട്ടിങ് മെഷീനിലെ പന്തികേട് എന്നുദ്ദേശിച്ചത്, തെരെഞ്ഞെടുപ്പ് നടത്തുന്ന കമ്മീഷനും തെരെഞ്ഞെടുപ്പ് നിര്‍വഹിക്കുന്ന വോട്ടര്‍ക്കും ഒരുപോലെ ദുരൂഹമായ ഒരു പ്രക്രിയയാണ് അതിനുള്ളില്‍ നടക്കുന്നത് എന്നതാണ്.

മെഷീന്‍ നിര്‍മിച്ച സാങ്കേതിക വിദഗ്ദ്ധരെ വിശ്വസിക്കുക എന്നതാണ് അവിടത്തെ അടിസ്ഥാനപരമായ ആവശ്യം. താന്‍ ഞെക്കുന്ന ബട്ടന്‍ താന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിയ്ക്കുന്ന വോട്ടായി മാറുകയാണ് എന്ന് ഒരു വോട്ടറെ എങ്ങനെയാണ് ബോധ്യപ്പെടുത്തുക? വോട്ടെണ്ണല്‍ സമയത്ത്, മെഷീനില്‍ നിന്നുള്ള ഡേറ്റ പരിശോധിച്ച് ഇന്നയാള്‍ക്ക് ഇത്ര വോട്ട് കിട്ടി എന്ന് കൗണ്ട് ചെയ്യപ്പെടുമ്പോള്‍ അതിനുള്ളില്‍ നടക്കുന്ന ഡേറ്റാ വിശകലന പ്രക്രിയ എങ്ങനെയാണ് ഒരാളെ ബോധ്യപ്പെടുത്തുക?

ഇതുകൊണ്ടൊക്കെ തന്നെയാണ് മിക്ക വികസിത രാജ്യങ്ങളും ഇന്നീ കാലത്തും പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. താന്‍ തന്റെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഒരു പ്രവൃത്തി ചെയ്യുമ്പോള്‍, യാതൊരു സ്‌പെഷ്യലിസ്റ്റ് അറിവും ഇല്ലാതെ തന്നെ ആ പ്രക്രിയ പൗരന് മനസിലായിരിക്കണം എന്നത് ജനാധിപത്യത്തിന്റെ ഒരു അടിസ്ഥാന ആവശ്യമാണെന്ന് തോന്നുന്നു.

ഇതൊക്കെ അവിടെ നില്‍ക്കുമ്പോഴും വോട്ടിങ് മെഷീനില്‍ കൃത്രിമം കാട്ടിയതുകൊണ്ടാണ് ബീ.ജെ.പി. 2014-ല്‍ അധികാരത്തില്‍ വന്നത് എന്ന് വിശ്വസിക്കുന്ന ആളേയല്ല ഞാന്‍. അങ്ങനെ ആരെങ്കിലും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇനിയും ബി.ജെ.പി.യുടെ രാഷ്ട്രീയം മനസിലായിട്ടില്ലാന്നേ ഞാന്‍ പറയൂ.

അന്നത്തെ ബി.ജെ.പി. വിജയത്തില്‍ അസ്വാഭാവികമായി ഒന്നും ഉള്ളതായി തോന്നുന്നില്ല. എല്ലാം കൊണ്ടും സാഹചര്യങ്ങള്‍ അവര്‍ക്കനുകൂലമായിരുന്നു. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് വോട്ട് കിട്ടുന്നതരം പൊതുബോധം ഇന്‍ഡ്യയില്‍ നിലനില്‍ക്കുന്നു എങ്കില്‍ അതിനെ ആ നിലയ്ക്ക് തന്നെ അഡ്രസ് ചെയ്യണം. അത് എന്തുകൊണ്ട് എന്നും, എങ്ങനെ പ്രതിരോധിയ്ക്കാമെന്നും പഠിയ്ക്കണം. മറിച്ച് തെറ്റായ ഉത്തരങ്ങള്‍ കൊണ്ട് ചോദ്യങ്ങള്‍ അടച്ചുപൂട്ടാന്‍ നോക്കിയാല്‍ നേരെ വിപരീതമായിരിക്കും ഫലം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News