മുനമ്പം തീരത്ത് നിന്നും വിദേശത്തേക്ക് കടന്ന 80 പേരുടെ പട്ടിക തയ്യാറാക്കി; സംഘത്തില്‍ നവജാതശിശു അടക്കം 22 കുട്ടികളും ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ്‌നാട്ടുകാരും

കൊച്ചി: മുനമ്പം തീരത്ത് നിന്നും വിദേശത്തേക്ക് കടന്നവരില്‍ 80 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. നവജാതശിശു അടക്കം 22 കുട്ടികളും സംഘത്തിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ്‌നാട്ടുകാരുമാണ് സംഘത്തിലുളളതെന്നും പൊലീസ്.

മുനമ്പം തീരത്ത് നിന്നും ഒരാഴ്ച മുന്‍പ് പുറപ്പെട്ട സംഘത്തിലെ 80 പേരുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്. ആറ് ദിവസം മാത്രം പ്രായമുളള നവജാത ശിശു അടക്കം 22 കുട്ടികളും സംഘത്തിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പ്രഭു ദണ്ഡപാണി, രവി സനൂപ് രാജ, അനില്‍കുമാര്‍ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പട്ടിക തയ്യാറാക്കിയത്.

ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ്‌നാട്ടുകാരുമാണ് സംഘത്തിലുളളത്. ഇവരുടെ ലക്ഷ്യം ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപാണെന്നാണ് നിഗമനം. ഓസ്‌ട്രേലിയന്‍ കുടിയേറ്റ നിയമങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് അനുകൂലമായതിനാല്‍ ഇവിടെയെത്തിയാല്‍ ഇവര്‍ റെഫ്യൂജി കാര്‍ഡുകള്‍ സ്വന്തമാക്കും. പിന്നീട് ജോബ് പെര്‍മിറ്റ് വാങ്ങും.

നേരത്തേ പോയവര്‍ ഇത്തരത്തില്‍ ഓസ്‌ട്രേലിയയില്‍ ജോബ് പെര്‍മിറ്റ് നേടിയിട്ടുണ്ടെന്ന് കസ്റ്റഡിയിലായവര്‍ മൊഴി നല്‍കി. എന്നാല്‍ മുനന്പത്ത് നിന്നുളള ബോട്ടില്‍ പണം നല്‍കാത്തവരെയും കയറ്റിയിട്ടുണ്ടെന്ന് രവി മൊഴി നല്‍കിയിട്ടുണ്ട്.

അതിനാല്‍ മനുഷ്യക്കച്ചവടത്തിനുളള സാധ്യതയും പൊലീസ് സംശയിക്കുന്നു. തായ് ലന്‍ഡ്, ഉത്തരകൊറിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ തടങ്കല്‍ തൊഴിലിടങ്ങള്‍ ഉണ്ടെന്നാണ് മനുഷ്യാവകാശ സംരക്ഷണ ഏജന്‍സിയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്.

അവയവ കച്ചവടത്തിനും പെണ്‍വാണിഭത്തിനും വേണ്ടിയുളള മനുഷ്യക്കടത്താണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലായ മൂന്നു പേരില്‍ രവി സനൂപ് രാജയ്ക്കും പ്രഭുവിനും മനുഷ്യക്കടത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News