പ്രിയങ്ക ഗാന്ധി നേതൃത്വത്തിലേക്ക്; എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു; കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല

ദില്ലി: പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.

പ്രിയങ്ക ഗാന്ധി പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമെന്നത് 2014 ലോക്സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് മുതലുള്ള പ്രവര്‍ത്തകരുടെ ആവശ്യമായിരുന്നു. ഈ ആവശ്യമാണ് 2019 എത്തിയപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്.

പാര്‍ട്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ചര്‍ച്ചകളില്‍ പ്രിയങ്ക ഉണ്ടായിട്ടുണ്ടെങ്കിലും സംഘടനാ ചുമതലകള്‍ ഇല്ലായിരുന്നു.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരക്പൂര്‍ എന്നിവ ഉള്‍പ്പെട്ട മേഖലയാണിത്.

ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിനെയും ബിജെപിയെയും പരാജയപ്പെടുത്തി പാര്‍ട്ടിയെ തിരികെകൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് പ്രിയങ്കയ്ക്കുള്ളത്.

പ്രിയങ്കയെ മുന്‍നിര്‍ത്തിയാകും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നീക്കങ്ങള്‍. സോണിയാ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്നത് കൂടിയാണ് നിയമനം.

ഫെബ്രുവരി ആദ്യവാരമാകും ചുമതലയേല്‍ക്കുക. മക്കള്‍ രാഷ്ട്രീയം, ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കെതിരായ കേസുകള്‍ എന്നീ വിമര്‍ശനങ്ങള്‍ക്ക് ഇടയാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം. മുന്‍നിരയില്‍ പ്രിയങ്ക ഉണ്ടാകുമെങ്കിലും ഉത്തര്‍പ്രദേശില്‍ രാഹുലിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഗുലാം നബി ആസാദിനെ ചുമതലയില്‍ നിന്ന് മാറ്റിയതും, ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പശ്ചിമ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയതും ഇതിന്റെ ഭാഗമാണ്. സംഘടനാ ചുമലതലയുള്ള ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാല്‍ എംപിയെയും നിയമിച്ചു.

അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി ആയ സാഹചര്യത്തില്‍ ആണ് നിയമനം. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശവും മറ്റ് അഴിച്ചുപണികളും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എങ്ങനെ ഗുണം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here