ബിജെപി സുവര്‍ണാവസരത്തിനായി പിള്ളയുടെ സൈബര്‍ മേല്‍നോട്ടം

ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സാമൂഹിക മാധ്യമങ്ങള്‍ വഴി ശബരിമല വിഷയം പരമാവധി കത്തിച്ചു നിര്‍ത്തണമെന്നാണ് ബിജെപി തീരുമാനം.

വീണുകിട്ടിയ സുവര്‍ണാവസരം പ്രയോജനപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ പ്രചരണം ശക്തമാക്കാനും ബിജെപി സംസ്ഥാന നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കി.

ശബരിമല വിഷയത്തില്‍ സുവര്‍ണാവസര പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളക്ക് തന്നെയാണ് സോഷല്‍ മീഡിയയുടെ മുഖ്യചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് 14 പേരുടെ സംഘം.

ജില്ലകള്‍തോറും ഒമ്പതുപ്രവര്‍ത്തകര്‍ക്കാണ് ചാര്‍ജ്. സാങ്കേതികപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പാര്‍ട്ടി ആസ്ഥാനത്ത് മുഴുവന്‍സമയം പ്രവര്‍ത്തിക്കാനും നേതൃത്വം നല്‍കിയിട്ടുണ്ട്.

അയ്യന്റെ നാട്ടില്‍ മോദി എന്ന ഹാഷ് ടാഗാണ് പ്രചരണത്തിന് ഉപയോഗിക്കുക. ഹിന്ദുവിശ്വാസികളുടെ ഇടയില്‍ ഇതിന് വ്യാപകമായ പ്രചരണം നല്‍കുക.

മാത്രമല്ല ശബരിമല സമരത്തിന്റെ ചിത്രങ്ങളും നേതാക്കളുടെ പ്രസ്താവനകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനുമാണ് സൈബര്‍ വിഭാഗത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഹിന്ദുമത വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വധീനമുണ്ടാക്കാന്‍ ഇതിലൂടെ കഴിയുമെന്നും ബിജെപി വിശ്വസിക്കുന്നു. സുപ്രീം കോടതി വിധിയിലേക്കുള്ള ചര്‍ച്ചകളെ പരമാധവധി വഴി തിരിച്ചുവിടണം.

പകരം ശബരിമല തകര്‍ക്കാന്‍ കമ്യൂണിസ്‌ററ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പ്രചരണത്തിന് ഊന്നല്‍ നല്‍കണമെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ നമോ ആപ്പ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനായി ബി.ജെ.പി. ക്യാമ്പുകള്‍ നടത്താനും നിര്‍ദേശമുണ്ട്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനായി നരേന്ദ്രമോദി നടത്തിയ പ്രചരണ തന്ത്രം കേരളത്തിലും പ്രയോഗിക്കാനാണ് ബിജെപി തീരുമാനം.

ഇതിനായി സംഘപരിവാര്‍ സംഘടനകളുടെ വിശാല കൂട്ടായ്മ സംഘടിപ്പിക്കാനും ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നതായാണ് വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here