ജനകീയ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്; അധികാരമേറ്റ് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് ഒരു ലക്ഷം പട്ടയം; ഇത് ചരിത്രം

തിരുവനന്തപുരം: സ്വന്തമായി ഒരു തുണ്ട് ഭൂമി എന്നത് സ്വപ്നം മാത്രമായിരുന്ന 1,02,681 കുടുംബങ്ങള്‍ ഇന്ന് ആ സ്വപ്ന സാക്ഷാത്ക്കാരത്തിലാണ്.

അധികാരമേറ്റ് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം പട്ടയം അര്‍ഹരായവര്‍ക്ക് വിതരണം ചെയ്‌തെന്ന റെക്കോര്‍ഡ് നേട്ടം സര്‍ക്കാര്‍ സ്വന്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

2011 ജൂണ്‍ മുതല്‍ 2016 മെയ് വരെ 1,29,672 പട്ടയങ്ങളാണ് ആകെ വിതരണം ചെയ്തത്. ഇതില്‍ 39,788 പട്ടയം സീറോ ലാന്‍ഡ് ലെസ് പദ്ധതിയില്‍ പെടുന്നതാണ്.

അഞ്ചു വര്‍ഷം കൊണ്ട് മുന്‍ സര്‍ക്കാര്‍ നല്‍കിയ പട്ടയത്തിനടുത്ത് മൂന്നു വര്‍ഷത്തിനകം എത്താനായതാണ് സര്‍ക്കാറിനും റവന്യൂ വകുപ്പിനും അഭിമാനമേകുന്നത്. ഏറ്റവും കൂടുതല്‍ വിതരണം നടന്നിട്ടുള്ളത് തൃശൂര്‍ ജില്ലയിലാണ്. ഉപാധിരഹിത പട്ടയമെന്ന ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

ദീര്‍ഘകാലമായി പട്ടയം കാത്തിരുന്നവരാണ് ഇപ്പോള്‍ പട്ടയം കിട്ടിയ ഭൂരിഭാഗം പേരും. ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന പ്രഖ്യാപിത നയത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണ് ആയിരം ദിനങ്ങള്‍ക്കുള്ളിലെ പട്ടയവിതരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel