
തിരുവനന്തപുരം: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളില്‍ 45 മീറ്റര്‍ വീതിയെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പണിതുടങ്ങുന്നത് കാസര്‍കോഡുനിന്നാണ്. തലപ്പാടിമുതല്‍ ചെങ്ങള വരെയും ചെങ്ങള മുതല്‍ നീലേശ്വരം വരെയുമുള്ള രണ്ട് സെക്‌ടറിലാണ് ആദ്യ ടെണ്ടര്‍ നടപടികള്‍ വരാന്‍ പോകുന്നത്. കരമന- കളിയിക്കാവിള ദേശീയപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സമയബന്ധിതമായി ദേശീയപാതാ വികസനം യാഥാര്‍ഥ്യമാക്കാന്‍ കഴിയും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്.
എന്നാല്‍ ഇതുകൊണ്ടുമാത്രം എല്ലാമായി എന്ന് സര്‍ക്കാര്‍ കരുതുന്നില്ല. അതിനാലാണ് മറ്റ് രണ്ട് ഹൈവേകള്‍ക്കുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
മലയോര ഹൈവേയും തീരദേശ ഹൈവേയും. ഇതിനായി വേണ്ടത് 10,000 കോടി രൂപയാണ്. ആ പണം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.
സമയബന്ധിതമായി തന്നെ ആ ഹൈവേകള്‍ പൂര്‍ത്തിയാക്കും. പ്രളയവുമായി ബന്ധപ്പെട്ട് നശിച്ച റോഡുകള്‍ നന്നാക്കാന്‍ നല്ല നിലയിലുള്ള പ്രവര്‍ത്തനം പി ഡബ്ല്യുഡി നടത്തുന്നു. കേരളത്തിലെ റോഡുഗതാഗതം മികച്ച നിലയില്‍ പൂര്‍ത്തിയാകും എന്നാണ് നാം കാണേണ്ടത്.
കാസര്‍കോഡ് മുതല്‍ കോവളം വരെയുള്ള ദേശീയ ജലപാത പൂര്‍ത്തീകരിക്കാനുള്ള നടപടികളിലേക്കും സര്‍ക്കാര്‍ നീങ്ങിയിരിക്കുകയാണ്.
കേരളത്തിലെ ടൂറിസ്‌റ്റുകളെ വലിയ തോതില്‍ അതാകര്‍ഷിക്കും. 2020ല്‍ പൂര്‍ത്തിയാക്കാനാകും. ജലപാത ടൂറിസത്തിന് വലിയ മുന്നേറ്റമുണ്ടാക്കുമെന്നുള്ളത് കൊണ്ടുതന്നെ ഓരോ 20 കിലോമീറ്ററിലും ആളുകള്‍ക്ക് വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശിക്കാനുള്ള സൗകര്യവുമുണ്ടാക്കുന്നുണ്ട്
ടൂറിസ്‌റ്റുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇവിടുങ്ങളിലെ ജനങ്ങള്‍ക്ക് തൊഴിലും വരുമാനമാര്‍ഗവുമുണ്ടാകും. ഇതോടെ റോഡ് ഗതാഗതത്തിന്റെ ഒരു ഭാഗം ദേശീയ ജലപാതയിലൂടെ കൊണ്ടുപോകാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സെമി അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നതിനായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ചു. പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്.
ശബരിലയില്‍ വിമാനത്താവളം ഒരുക്കാനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ശബരിമലയില്‍ ഏറ്റവും നല്ല സൗകര്യമാണ് ഇത്തവണ ഉണ്ടായിരുന്നത്.
ശബരിമലയെ ഏറ്റവും വലിയ കേന്ദ്രമാക്കി ഉയര്‍ത്തണമെന്നുതന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം. തിരുപ്പതി രീതിയില്‍ ശബരിമലയെ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുക.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. സംസ്ഥാനത്തെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല.
അതിനാല്‍ ലേലത്തില്‍ പങ്കെടുത്ത് സര്‍ക്കാര്‍ അത് കൈവശപ്പെടുത്താനാണ് ശ്രമിക്കുന്നത്. എല്ലാ മേഖലയിലും ഗതാഗത സൗകര്യം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here