കേരളത്തിന്‍റെ ആരോഗ്യ രംഗം ലോകത്തിന് മാതൃക; ആരോഗ്യ രംഗത്തെ വെല്ലുവി‍ളിയും ഭാവി പ്രവര്‍ത്തനങ്ങളും വിവരിച്ച് സംസ്ഥാനത്തിന്‍റെ ആരോഗ്യനയം

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യരംഗം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. ആരോഗ്യ സൂചികയുടെ കാര്യത്തിലും ജനങ്ങളുടെ ആരോഗ്യ നിലവാരത്തിന്റെ കാര്യത്തിലും ലോകത്തിലെ മികച്ച വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളം എത്തിച്ചേര്‍ന്നിരിക്കുകയാണ്.

ആര്‍ദ്രം മിഷനിലൂടെ പൊതുജനാരോഗ്യരംഗം ശക്തമാക്കി ആരോഗ്യമേഖല ജനകീയമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രോഗപ്രതിരോധത്തിലൂന്നിയ ആരോഗ്യപരിപാലന നടപടികളാണ് ലക്ഷ്യമാക്കുന്നത്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ശക്തമാക്കുകയും പൊതുജനാരോഗ്യ ശൃംഖലയെ ആധുനികവത്ക്കരിക്കുകയും രോഗീ സൗഹൃദമാക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യരംഗത്ത് വമ്പിച്ച മാറ്റമുണ്ടാക്കാന്‍ കഴിയും. അതിനാവശ്യമായ രീതിയില്‍ ക്രമീകരണങ്ങളുണ്ടാക്കുകയാണ് ആരോഗ്യ നയത്തിന്റെ കാതലായ ഭാഗം.

ദേശീയതലത്തില്‍ ഒരു ആരോഗ്യനയം ഉണ്ടെങ്കിലും സംസ്ഥാനതലത്തില്‍ അത് ഫലപ്രദമായി നടപ്പിലാക്കാന്‍ വിവിധകാരണങ്ങളാല്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിന് വേണ്ടി സമഗ്രമായ ഒരു ആരോഗ്യനയം രൂപപ്പെടുത്തിയത്.

ആരോഗ്യവാനായ ഒരു മുനഷ്യന് ജീവിക്കണമെങ്കില്‍ പൗരന്റെ ആരോഗ്യ സംരക്ഷണത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്ന കടമ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇതിനായി പൗരന്റെ ആരോഗ്യപരമായ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

അത്തരം അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുവാന്‍ ഉതകുന്ന ഒരു ആരോഗ്യ നയത്തിനാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ പരിപൂര്‍ണ സുസ്ഥിതി പ്രദാനം ചെയ്യാന്‍ ഈ ആരോഗ്യ നയത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ആരോഗ്യനയം രൂപീകരിക്കുന്നതിന് ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനായ 17 അംഗ വിദഗ്ധ സമിതിയെ നിയമിക്കുകയുണ്ടായി. പ്രൊഫഷണല്‍, സര്‍വീസ് സംഘടനകളില്‍ നിന്നും അഭിപ്രായം തേടാന്‍ തിരുവനന്തപുരത്ത് പബ്ലിക് ഹിയറിംഗ് നടത്തി.

തുടര്‍ന്ന് കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ മേഖലകളില്‍ ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി പബ്ലിക് ഹിയറിംഗും നടത്തി. കരട് ആരോഗ്യ നയം മന്ത്രിസഭായോഗം നേരത്തെ അംഗീകരിച്ചിരുന്നു.

ജനങ്ങള്‍ നേരിട്ടും ഇ-മെയിലായും നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ആരോഗ്യ നയത്തിന് അന്തിമ രൂപം നല്‍കിയത്. ഇതാണ് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകരിച്ചത്.

ആരോഗ്യ രംഗത്തെ വെല്ലുവിളികള്‍, പ്രവര്‍ത്തന രൂപരേഖ, പൊതുജനാരോഗ്യസ്ഥാപനങ്ങളുടെ ഘടനയും ഉത്തരവാദിത്തവും, മനുഷ്യ വിഭവശേഷി, രോഗനിര്‍ണ്ണയ സേവനങ്ങള്‍, മരുന്നുകള്‍, ഉപകരണങ്ങള്‍, സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന മേഖല, പൊതുജനാരോഗ്യ നിയമങ്ങള്‍ എന്നിങ്ങനെയാണ് ആരോഗ്യ നയം തരം തിരിച്ചിരിക്കുന്നത്.

1. ആരോഗ്യരംഗത്തെ വെല്ലുവിളികള്‍

കേരളം നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിലൊന്ന് ഗാര്‍ഹിക തലത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ചികിത്സച്ചെലവ്. ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളില്‍പ്പെട്ടവരാണ്.

സ്വതവേ ദരിദ്രരായവരെ പലപ്പോഴും കടക്കെണിയിലാക്കുന്നതും സമൂഹത്തില്‍ ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നതും അപ്രതീക്ഷിതവും വിനാശകരവുമായ (Catastrophic) ചികിത്സാച്ചെലവ് തന്നെയാണ്.

ജീവിതശൈലീരോഗങ്ങളുടെ ഭാരം, പരിസ്ഥിതിജന്യ രോഗങ്ങള്‍, ജനസംഖ്യാമാറ്റവും മുതിര്‍ന്ന പൗരരുടെ ആരോഗ്യപ്രശ്‌നങ്ങളും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍, അപകടങ്ങളും പരിക്കുകളും, ആത്മഹത്യ, മാനസികാരോഗ്യം, ആരോഗ്യരംഗത്തെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരം എന്നിവ ആരോഗ്യ രംഗത്തെ പ്രധാന വെല്ലുവിളികളാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യാനുസരണം ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മറ്റ് പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും ഘട്ടം ഘട്ടമായി കുറവ് പരിഹരിക്കേണ്ടതുണ്ട്. അതിനുതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിക്കേണ്ടത്.

2. പ്രവര്‍ത്തന രൂപരേഖ

കേരളത്തിന്റെ ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യാനായി തുല്യത, സാമൂഹികനീതി, ലിംഗ നീതി, ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ചെലവുകുറഞ്ഞ പ്രതിവിധികള്‍, ഉചിതമായ മനുഷ്യവിഭവശേഷിവികസനം, ജീവിതശൈലിയില്‍ ആവശ്യമായ മാറ്റം വരുത്തല്‍, സേവനങ്ങളുടെയും മനുഷ്യവിഭവശേഷിയുടെയും മുന്‍ഗണനാക്രമത്തിലുള്ള വിന്യാസം, ആവശ്യമായ സാമ്പത്തിക, മനുഷ്യവിഭവശേഷി കണ്ടെത്തല്‍ എന്നിവയില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്.

പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം, പ്രാഥമികതലത്തില്‍ത്തതന്നെ ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണം, കാര്യക്ഷമമായ ആരോഗ്യപരിപാലന സംവിധാനങ്ങള്‍, പ്രാഥമിക ചികിത്സാസ്ഥാപനങ്ങളുടെ എണ്ണവും നിലവാരവും വര്‍ദ്ധിപ്പിക്കല്‍, ദ്വിതീയതലത്തില്‍ രോഗ സങ്കീര്‍ണതകളുടെ നിയന്ത്രണം,

ദ്വിതീയ തൃതീയ തല ചികിത്സാസൗകര്യങ്ങളുടെ ആധുനികവത്കരണം, ത്രിതല റഫറല്‍ സമ്പ്രദായം നടപ്പാക്കല്‍, ചികിത്സാരംഗത്ത് ആവശ്യമായ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ക്കായി മുന്‍ഗണന നല്‍കാന്‍ കഴിയണം.

ഇത്തരം കാഴ്ചപ്പാടോടെ കേരളത്തിന്റെ ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനുള്ള ദീര്‍ഘകാല ലക്ഷ്യങ്ങളും ഹ്രസ്വകാല ലക്ഷ്യങ്ങളും മുന്നോട്ടുവെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതിന് കഴിയണം. അതിനായി ആരോഗ്യരംഗത്ത് ഇന്ന് ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക നീക്കിവയ്ക്കാനുമാകണം.

സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ചെലവ് സംസ്ഥാന ഉത്പാദനത്തിന്റെ 0.6% ത്തില്‍ നിന്നും വര്‍ഷം കണ്ട് ഒരു ശതമാനം വര്‍ദ്ധിപ്പിച്ച് 5% ത്തില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ (Goals)

സാര്‍വത്രികവും സൗജന്യവും സമഗ്രവുമായ ആരോഗ്യരക്ഷാസംവിധാനം ഏര്‍പ്പെടുത്തുക, ശിശു, ബാല, മാതൃ മരണനിരക്കുകള്‍ വികസിത രാജ്യങ്ങളിലേതിനുതുല്യമായ തലത്തില്‍ എത്തിക്കുക, ജനങ്ങളുടെ ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം കൂട്ടുക എന്നിവയാണ് ദീര്‍ഘകാല ലക്ഷ്യങ്ങള്‍

ഹ്രസ്വകാല ലക്ഷ്യങ്ങള്‍ (Targets)

മാതൃമരണ നിരക്ക് ഒരു ലക്ഷം ജനങ്ങളില്‍ 66 എന്നതില്‍ നിന്ന് 30 ആക്കുക, ശിശുമരണനിരക്കാവട്ടെ 12 ല്‍ നിന്ന് 8 ആക്കുക, നവജാത ശിശിക്കളുടെ മരണനിരക്ക് 7 ല്‍ നിന്നും 5 ആക്കുക, 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 14 ല്‍ നിന്നും 9 ആയി മാറ്റുക, പകര്‍ച്ചവ്യാധികളുടെ വാര്‍ഷിക രോഗബാധ 50 ശതമാനമായി കുറയ്ക്കുക, ഇത്തരത്തില്‍ ആരോഗ്യമേഖലയിലെ നമ്മുടെ ലക്ഷ്യം എസ്.ഡി.ജി (Sustainable Development Goals: SDG) യുടേതായി മാറ്റുക എന്നതാണ് ഹ്രസ്വകാല ലക്ഷ്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

3. പൊതുജനാരോഗ്യസ്ഥാപനങ്ങളുടെ ഘടനയും ഉത്തരവാദിത്തവും

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അവയുടെ ഉപകേന്ദ്രങ്ങളും മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയാണ് പൊതുജനാരോഗ്യത്തിന്റെ ത്രിതല സംവിധാനം. ഒരോ തട്ടിലെയും സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ ഉത്തരവാദിത്തമുണ്ടെങ്കിലും, ഇത് ലംഘിക്കപ്പെടുമ്പോഴാണ് ഏറ്റവും മുകളിലത്തെ തട്ടിലുള്ള അമിതമായ ജനത്തിരക്കും ഏറ്റവും താഴേത്തട്ടിനോടുള്ള അവഗണനയും ഉണ്ടാകുന്നത്.

ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്‌സ് മാനദണ്ഡങ്ങളനുസരിച്ച് ഉചിതമായ ഭേദഗതികളോടെ ആരോഗ്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളെയും തരം തിരിക്കുകയും കര്‍ശനമായ റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.

സര്‍ക്കാര്‍ തലത്തിലുള്ള ഈ സ്ഥാപനങ്ങളെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജനറല്‍, ജില്ലാ, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നനിലയില്‍ തരംതിരിക്കുന്നതാണ്. ഒരോ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വം വിലയിരുത്തിയ ശേഷം ആവശ്യമായ ഇടപെടല്‍ നടത്തി മുന്നോട്ടുപോകാനാവണം.

പ്രാഥമികാരോഗ്യ ഉപകേന്ദ്രം, പ്രാഥമികാരോഗ്യകേന്ദ്രം, നഗരങ്ങളിലെ പൊതുജനാരോഗ്യം, ത്രിതല ചികിത്സാകേന്ദ്രങ്ങള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ആയുര്‍വേദ ഡിസ്‌പെന്‍സറികളും ആശുപത്രികളും, ഹോമിയോപ്പതി ഡിസ്‌പെന്‍സിറികളും ആശുപത്രികളും, ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകള്‍ എന്നിങ്ങനെ തരം തിരിച്ചാണ് ഇടപെടല്‍ നടത്തുന്നത്.

ആരോഗ്യ സേവനവകുപ്പിന്റെ ഘടന

ആരോഗ്യവകുപ്പിനെ മോഡേണ്‍ മെഡിസിന്‍, ആയുഷ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മോഡേണ്‍ മെഡിസിന്‍ വിഭാഗത്തിന്റെ കീഴില്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് , ഡയറക്ടറേറ്റ് ഓഫ് ക്ലിനിക്കല്‍ സര്‍വീസസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നിങ്ങനെ മൂന്ന് ഡയറക്ടറേറ്റുകള്‍ ഉണ്ടാവും. ഫലത്തില്‍, ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെ മൂന്ന് കേഡറുകളിലായി വിഭജിക്കപ്പെടുന്നതാണ്.

ഭരണനിര്‍വഹണം, വികേന്ദ്രീകൃത തീരുമാനമെടുക്കല്‍, കാര്യക്ഷമതാ പരിപോഷണം, മെഡിക്കല്‍ ഓഡിറ്റിംഗ്, പരാതി പരിഹാര സെല്‍ എന്നിവയെപ്പറ്റിയും വ്യക്തമായി പറയുന്നുണ്ട്.

പരാതി പരിഹാര സെല്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫിന്റേയും നേര്‍ക്കുണ്ടാകുന്ന കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ടും ജനങ്ങളുടെ ആരോഗ്യാവകാശങ്ങളുടെ ലംഘനം സംബന്ധിച്ചും ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഒരു പരാതി പരിഹാര സംവിധാനത്തിന് രൂപം കൊടുക്കും.

പരാതികള്‍ അന്വേഷിച്ച് അപ്പപ്പോള്‍ പരിഹരിക്കുകയോ വകുപ്പ് തലത്തിലോ നിയമപരമോ ആയ കൂടുതല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയോ ചെയ്യാന്‍ ഈ സംവിധാനത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കും.

സ്വകാര്യമേഖലയും നിയന്ത്രണ സംവിധാനങ്ങളും

സ്വകാര്യ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ സര്‍വ്വതന്ത്ര സ്വതന്ത്രമായാണ് നിലനില്‍ക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ രജിസ്‌ട്രേഷന്‍ സംവിധാനവും സ്വകാര്യ ആരോഗ്യമേഖല പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനം നിലവാരമുള്ളതാണ് എന്ന് ഉറപ്പാക്കാനുള്ള സംവിധാനവും ആവശ്യമാണ്.

സ്വകാര്യ മേഖലയെന്നത് ഒറ്റ ഡോക്ടര്‍ മാത്രമുള്ള ആശുപത്രികളും ചെറുകിട ആശുപത്രികളും മുതല്‍ കോര്‍പ്പറേറ്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും വരെയുയുള്‍പ്പെടുന്നതാണ്. ചെറിയ ആശുപത്രികളും ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന ആശുപത്രികളും താരതമ്യേന കുറഞ്ഞ തുകയേ ജനങ്ങളില്‍ നിന്ന് ചികിത്സാ ഇനത്തില്‍ ഈടാക്കുന്നുള്ളൂ.

വന്‍കിട, മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളുടെ വരവ് ഇത്തരം ചെറിയ ആശുപത്രികളുടെ നിലനില്‍പിനെ ദോഷകരമായി ബാധിച്ചിട്ടുമുണ്ട്. കോര്‍പ്പറേറ്റ് ആശുപത്രികളുടെ സേവനമാകട്ടെ, സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിനുമാത്രമാണ് പ്രാപ്യമായിട്ടുള്ളത്.

അതുകൊണ്ടുതന്നെ, ചെലവുകുറഞ്ഞ ആശുപത്രികളെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. വിവിധ തരം ആശുപത്രികളില്‍ മിനിമം നിലവാരം ഉറപ്പാക്കാന്‍ വേണ്ടി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് (Clinical Establishment Act) നടപ്പിലാക്കും.

സ്വകാര്യ ആശുപത്രികളില്‍ മതിയായ യോഗ്യതയുള്ള നഴ്‌സുമാരെയും ടെക്‌നീഷ്യന്മാരെയും ഫാര്‍മസിസ്റ്റുകളെയും മാത്രമേ നിയമിക്കാവൂ. എല്ലാവര്‍ക്കും മിനിമം വേതനം കര്‍ശനമായി നടപ്പാക്കുകയും അത് സുതാര്യമായിരിക്കയും വേണം.

ഡോക്ടര്‍മാര്‍ക്ക് അവര്‍ മൂലം ആശുപത്രിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കുന്ന പ്രവണത കര്‍ശനമായും ഒഴിവാക്കണം.ഡോക്ടര്‍മാര്‍ക്കും മറ്റ് സ്റ്റാഫിനും തികച്ചും സുതാര്യമായ രീതിയില്‍ ശമ്പളം ഉറപ്പാക്കണം.

ഓരോ ചികിത്സാനടപടിയുടെയും പരിശോധനയുടെയും തീവ്ര ചികിത്സയുടെയും നിരക്കുകള്‍ പരസ്യമാക്കി ആശുപത്രിയിലും ഓണ്‍ലൈന്‍ സംവിധാനത്തിലും നല്‍കിയിരിക്കണം. സംസ്ഥാന ആരോഗ്യ അധികൃതര്‍ ആവശ്യപ്പെടുന്ന ഏത് അത്യാവശ്യവിവരവും നല്‍കാന്‍ എല്ലാ സ്വകാര്യ ആശുപത്രികളേയും ബാദ്ധ്യസ്ഥമാക്കും.

4. മനുഷ്യവിഭവശേഷി

ആരോഗ്യ സേവനത്തിന്റെ ഗുണനിലവാരം മനുഷ്യവിഭവശേഷിയുടെ ഗുണത്തിലും അളവിലും അധിഷ്ഠിതമാണ്. നിലവിലുള്ള മാനദണ്ഡങ്ങളൂടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളിലും വിഭാഗങ്ങളിലും ആവശ്യമായ മനുഷ്യവിഭവശേഷിയെ സംബന്ധിച്ച് പൊതുനയം ആവിഷ്‌കരിക്കേണ്ടതാണ്.

അടുത്ത 25 വര്‍ഷത്തേക്ക് ആരോഗ്യരംഗത്ത് വേണ്ടിവരുന്ന മാനവവിഭവശേഷി, നിയമനവും പരിശീലനവും, വൈദ്യവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍, സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കല്‍, വൈദ്യ വിദ്യാഭ്യാസം, പഠന ബോധന രീതിശാസ്ത്രം ഗവേഷണത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പോഷണം, അഴിമതി തടയല്‍, മെഡിക്കല്‍ രേഖകളുടെ സൂക്ഷിപ്പ്,

മെഡിക്കല്‍ വിദ്യാഭ്യാസം, പുതിയ കോഴ്‌സുകളും സീറ്റ് വര്‍ധനയും, പുതിയ വിഭാഗങ്ങള്‍, നഴ്‌സിംഗ് വിദ്യാഭ്യാസം, ഫാര്‍മസി വിദ്യാഭ്യാസം, ആരോഗ്യ അനുബന്ധ പ്രൊഫഷണല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ കോളേജ് സമുച്ചയം, ആയുര്‍വേദ വിദ്യാഭ്യാസം, ഹോമിയോപ്പതി വിദ്യാഭ്യാസം, ആരോഗ്യ സര്‍വ്വകലാശാല, വിദൂര പഠനവും മാസ്സീവ് ഓണ്‍ലൈന്‍ കോഴ്‌സുകളും ഓപ്പണ്‍ ആക്‌സസ്സ് പ്രസിദ്ധീകരണങ്ങള്‍ എന്നിവയാണ് മനുഷ്യ വിഭവശേഷിയില്‍ പറയുന്നത്.

5. രോഗനിര്‍ണ്ണയ സേവനങ്ങള്‍, മരുന്നുകള്‍, ഉപകരണങ്ങള്‍

എല്ലാ ക്ലിനിക്കല്‍ ലാബറട്ടറികള്‍ക്കും ഇമേജിംഗ് കേന്ദ്രങ്ങള്‍ക്കും രജിസ്‌ട്രേഷനും, നല്‍കുന്ന സേവനത്തിനനുസൃതമായ ഗ്രേഡിംഗും നിര്‍ബന്ധമാക്കും.

ഈ മേഖലയുടെ മേല്‍നോട്ടത്തിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ഒരു ക്ലിനിക്കല്‍ ഡയഗ്‌ണോസ്റ്റിക് ടെക്‌നോളജി കൗണ്‍സില്‍ (Clinical Diagnostic Technology Council) രൂപീകരിക്കും.

ലാബുകളിലും ഇമേജിംഗ് സെന്ററുകളിലും നിര്‍ദ്ദിഷ്ട മിനിമം യോഗ്യതയുള്ള ടെക്‌നീഷ്യന്മാരുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല സി.ഡി.ടി.സി.യ്ക്കാകും.

സുസജ്ജമായ പബ്ലിക്ക് ഹെല്‍ത്ത് ലാബുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കും. സര്‍ജിക്കല്‍ പത്തോളജി, മൈക്രോബയോളജി, ഇമ്മ്യൂണോളജി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്താന്‍ സൗകര്യം ഈ ലാബുകളില്‍ ഉണ്ടാവും.

ഇന്നുള്ള മിക്ക മോളിക്യുലര്‍ അധിഷ്ഠിത ടെസ്റ്റുകളും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലേറെ ചെലവുള്ളതാണ്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കുറഞ്ഞ ചെലവില്‍ ഇത്തരം ടെസ്റ്റുകള്‍ നടത്താന്‍ പാകത്തില്‍ അത്യാധുനിക ക്ലിനിക്കല്‍ ലാബുകള്‍ സജ്ജമാക്കും.

കേരളത്തിന്റെ ജനസംഖ്യ രാജ്യത്തേതിന്റെ മൂന്നു ശതമാനം മാത്രമേ ആകുന്നുള്ളൂ. എങ്കിലും, രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന മരുന്നുകളുടെ 10% ഇവിടെയാണ് വില്‍ക്കപ്പെടുന്നത്.

വര്‍ഷത്തില്‍ 6000 കോടി മുതല്‍ 8000 കോടി രൂപവരെയാണ് മരുന്നിനത്തില്‍ കേരളം ചെലവാക്കുന്നത്. മരുന്നുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാന്‍ വേണ്ടി ഉചിതമായ സാഹചര്യങ്ങളില്‍ പേറ്റന്റുള്ള ഉത്പന്നങ്ങള്‍ പൊതു മേഖലാ സ്ഥാപനങ്ങളിലൂടെ ഉല്‍പാദിപ്പിച്ച് വിപണനം ചെയ്യാന്‍ ഇന്ത്യന്‍ പേറ്റന്റ് ആക്ടിലെ നടപടികള്‍ പാലിച്ചുകൊണ്ട്, സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതാണ്.

മെഡിക്കല്‍ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും (Medical Devices and Appliances) നിര്‍മ്മാണത്തിനായി മെഡിക്കല്‍ ഡിവൈസസ് ഉണ്ടാക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനും പ്രോത്സാഹനം നല്‍കും.

കേരളത്തില്‍ വില്‍ക്കുന്നതും നിര്‍മ്മിക്കുന്നതുമായ ഔഷധങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ആഗോള നിലവാരത്തിനനുസരിച്ച് ഉറപ്പാക്കുന്നതിന് ആവശ്യമായ ഗുണ നിലവാരം നിയന്ത്രിക്കാനും പരിശോധിക്കാനുമുള്ള ഡ്രഗ്ഗ് കണ്‍ട്രോളര്‍ വിഭാഗത്തെ ആവശ്യമുള്ള ജീവനക്കാരെയും സാങ്കേതിക വിഭവശേഷിയും നല്‍കി ശക്തിപ്പെടുത്തും.

ഒരു ആധുനിക ബഹുവൈജ്ഞാനിക (Multidisciplinary) ഔഷധ ഗവേഷണകേന്ദ്രം കേരളത്തില്‍ സ്ഥാപിക്കുന്നതാണ്. കേരളത്തില്‍ നല്ല ഗുണനിലവാരമുള്ള ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകള്‍ ഉത്പാദിപ്പിക്കാനുള്ള അനന്തസാദ്ധ്യതകളാണുള്ളത്.

ശുദ്ധമായ ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാക്കാന്‍ ഉചിതമായ ലൈസന്‍സ്, രജിസ്‌ട്രേഷന്‍, വിപണന സംവിധാനം ഏര്‍പ്പെടുത്തും. ഹോംകോയുടെ കീഴിലുള്ള ഔഷധ വിതരണ സംവിധാനം ശക്തിപ്പെടുത്തി സര്‍ക്കാരാശുപത്രികളിലെ മരുന്നു ലഭ്യത മെച്ചപ്പെടുത്തും.

6. സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന മേഖല

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍. ആദിവാസികള്‍, ട്രാന്‍സ്‌ജെന്ററുകള്‍, വയോജനങ്ങള്‍ തുടങ്ങിയവരുടെ മേഖലകളിലും പ്രാധാന്യത്തോടെ ഇടപെടേണ്ടതാണ്.

ശിശുമരണ നിരക്ക് 2020-ല്‍ എട്ടിലേക്ക് താഴ്ത്തിക്കൊണ്ടുവരികയെന്നതാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യം. ശിശുക്കള്‍ക്ക് പ്രതിരോധകുത്തിവയ്പില്‍ പ്രത്യേക ശ്രദ്ധചെലുത്തും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നല്‍കും.

കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യം, വനിതകളുടെ ആരോഗ്യം, മാതൃമരണം കുറയ്ക്കുക, വൃദ്ധ ജനങ്ങളുടെ ആരോഗ്യം, ആദിവാസികളുടെ ആരോഗ്യം, ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും, ജനിതക രോഗങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം, അംഗപരിമിതിയും പുനരധിവാസവും, ട്രാന്‍സ്ജന്ററുകളുടെ ആരോഗ്യാവശ്യങ്ങള്‍,

പോഷണ വൈകല്യങ്ങള്‍, പരിസ്ഥിതി ജന്യരോഗങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍, ക്യാന്‍സര്‍, മാനസിക ആരോഗ്യം, അടിയന്തര സേവനങ്ങള്‍, ദന്താരോഗ്യം, തൊഴില്‍ ആരോഗ്യം, ട്രോമ കെയര്‍, പാലിയേറ്റീവ് കെയര്‍, പുകയില, മദ്യപാനം, മയക്കുമരുന്നുപയോഗം,

ആയുഷ്‌കാലം മുഴുവന്‍ ചികിത്സവേണ്ട അവഗണിക്കപ്പെട്ട രോഗങ്ങള്‍, അവയവമാറ്റം, ചികിത്സാ മാനദണ്ഡങ്ങളും നിര്‍ദേശക തത്ത്വങ്ങളും, ബയോമെഡിക്കല്‍ മാലിന്യം, മെഡിക്കോ ലീഗല്‍ സേവനങ്ങള്‍ എന്നിങ്ങനെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന മേഖലയായി തരംതിരിച്ചിട്ടുണ്ട്.

7. പൊതുജനാരോഗ്യ നിയമങ്ങള്‍

ആരോഗ്യ വിദ്യാഭ്യാസവും അതെത്തുടര്‍ന്നുളള ജീവിതശൈലീമാറ്റവും കൊണ്ടു മാത്രം പൊതുജനാരോഗ്യം മെച്ചപ്പെടില്ല. ഇതുസംബന്ധിച്ച നിയമനിര്‍മാണവും അവയുടെ കര്‍ക്കശമായ നടപ്പാക്കലും ആവശ്യമാണ്. സംസ്ഥാനത്ത് പാരിസ്ഥിതികവും ജീവിതശൈലീപരവും മറ്റുമായി ഇന്നുള്ള എല്ലാ പ്രശ്‌നങ്ങളും കൂടി കണക്കിലെടുക്കുന്ന ഒരു പുതിയ’ കേരള പൊതുജന ആരോഗ്യ നിയമം’ (Kerala Public Health Act) കൊണ്ടുവരാനുളള നിയമനിര്‍മാണനടപടികള്‍ സ്വീകരിക്കുന്നതാണ്.

ഇന്ന് നിലവിലിരിക്കുന്ന രണ്ട് പൊതുജനാരോഗ്യനിയമങ്ങളിലെ (തിരുവിതാംകൂര്‍- കൊച്ചിയും മലബാറും) പ്രസക്തമായ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഈ നിയമം വരുന്നതോടെ, പഴയ രണ്ട് നിയമങ്ങളും ഇല്ലാതാകും. എല്ലാ വൈദ്യ ശാഖകളും ഈ നിയമത്തിനുകീഴില്‍ കൊണ്ടുവരും.

ഭക്ഷ്യസുരക്ഷയും ഗുണനിലവാര നിയമവും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണം. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.

കേരളത്തില്‍ ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ തിരുവിതാംകൂര്‍ കൊച്ചി പ്രദേശങ്ങളിലുള്ളവരുടേത് തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ് ആക്ട് 1953 പ്രകാരവും മലബാര്‍ പ്രദേശത്തുള്ളവരുടേത് മദ്രാസ്സ് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ് ആക്ട് 1914 ഉം പ്രകാരവുമാണ് നടത്തുന്നത്.

തിരുവിതാംകൂര്‍ കൊച്ചി ആക്ട് എല്ലാ വൈദ്യ വിഭാഗങ്ങളുടെയും രജിസ്റ്ററേഷന്‍ നടത്തുമ്പോള്‍ മദ്രാസ് ആക്ട് ആധുനിക ചികിത്സകരുടേത് മാത്രമാണ് നടത്തുന്നത്. ഇതെല്ലാം പരിഗണിച്ച് അടിയന്തിരമായി ഒരു കേരള ഏകീകൃത മെഡിക്കല്‍ പ്രാക്റ്റീഷണേഴ്‌സ് ആക്ട് (The Kerala Unified Medical Practioners Act) നടപ്പിലാക്കുന്നതാണ്. നിലവിലുള്ള ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലുകള്‍ കേരള മെഡിക്കല്‍ കൗണ്‍സിലായി പുനര്‍നാമകരണം ചെയ്യുന്നതാണ്.

ഇതിനുപുറമേ, പരിസ്ഥിതി സംരക്ഷണനിയമം, 2007 ലെ രക്ഷാകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം, മലീനികരണ നിയന്ത്രണ നിയമം, ആശുപത്രി സംരക്ഷണ നിയമം തുടങ്ങി ആരോഗ്യപാലനവുമായി ബന്ധമുള്ള പല നിയമങ്ങളുണ്ട്. ഇവ കര്‍ശനമായി നടപ്പാക്കും.

ആരോഗ്യ ഇന്‍ഫര്‍മേഷന്‍ സംവിധാനം

എല്ലാ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടും രോഗികളുടെ വിവരങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ടും ആരോഗ്യ ഇന്‍ഫര്‍മേഷന്‍ സംവിധാനം (Health Information System) സംഘടിപ്പിക്കുന്നതാണ്. രോഗികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നതിനും മറ്റ് ആശുപത്രികളിലേക്കു റഫര്‍ ചെയ്യുന്നതിനും ഡോക്ടര്‍മാരെ കാണുന്നതിനുള്ള അനുവാദം തേടുന്നതിനുമൊക്കെ ഇത് സഹായകമാകും.

അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ രോഗ വിവരങ്ങളും സ്റ്റോര്‍ സ്റ്റോക്കും തയ്യാറാക്കാനും കഴിയും. ഇതിനുപുറമേ, ജീവനക്കാരുടെ വിവരങ്ങള്‍ അറിയാനും അത്യാവശ്യ വിവരങ്ങള്‍ കൈമാറാനും സാധിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ജില്ലാ ആശുപത്രികളിലെ വിവര വിനിമയ കേന്ദ്രങ്ങളും സംസ്ഥാന വിവര വിനിമയ കേന്ദ്രവും ചേര്‍ന്നതാണ് ഈ ശൃംഖല. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഹൈവേ വഴിയാവും ഇവയെ ബന്ധിപ്പിക്കുക.

ആരോഗ്യ ഗവേഷണം

കേരളം ആരോഗ്യ സൂചികകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍ ഗവേഷണത്തിന്റെയും ഗവേഷണ ഫലങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന്റെയും കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണ്.

അന്വേഷണത്വരയും പുതിയ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിലെ താത്പര്യവും ബിരുദതലത്തില്‍ത്തന്നെ ഒരു സംസ്‌കാരമായി വളര്‍ത്തിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഗവേഷണ വകുപ്പിന്റെ സഹായത്താല്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ബഹുവൈജ്ഞാനിക ഗവേഷണ യൂണിറ്റുകള്‍ (Multi Disciplinary Research Units: MRU) സ്ഥാപിക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും മുഴുവന്‍ സമയ പി.എച്ച്.ഡി പ്രോഗ്രാം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here