2019ല്‍ എന്‍ഡിഎ അധികാരത്തിലെത്തില്ല; ടിആര്‍എസും അണ്ണാ ഡിഎംകെയും പിന്‍തുണച്ചാലും കേവല ഭൂരിപക്ഷമാവില്ല; എന്‍ഡിഎക്ക് തിരിച്ചടി പ്രവചിച്ച് ഇന്ത്യ ടുഡെ-എബിപി സര്‍വേ ഫലങ്ങള്‍

2019ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ടുഡെ,എബിപി സര്‍വേ ഫലങ്ങള്‍. കേന്ദ്രത്തില്‍ തൂക്ക് സര്‍ക്കാരിനുള്ള സാധ്യതകളാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.

എന്‍ഡിഎ 237 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡെയും 233 സീറ്റുകള്‍ നേടുമെന്ന് എബിപിയും പ്രവചിക്കുന്നു. യുപിഎയ്ക്ക് 166 സീറ്റുകള്‍ എന്ന് ഇന്ത്യ ടുഡെയും 167 സീറ്റുകള്‍ എന്ന് എബിപിയും പറയുന്നു.

യുപിഎ എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ നിലപാടായിരിക്കും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാവുക

ബിജെപിക്കെതിരായ ജനവിരുദ്ധ വികാരവും പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ വഹിക്കാന്‍ പോകുന്ന പങ്കും അടിവരയിടുന്നതാണ്, ഇന്ത്യാ ടുഡെ ,എബിപി സീ വോട്ടര്‍ സര്‍വേ ഫലങ്ങള്‍. 86 സീറ്റുകള്‍ കുറഞ്ഞ് 237 സീറ്റുകളിലേക്ക് എന്‍ഡിഎ ചുരുങ്ങുമെന്ന് ഇന്ത്യ ടുഡെ പറയുന്നു.

ടിആര്‍എസ്, അണ്ണാ ഡിഎംകെ പാര്‍ട്ടികള്‍ പിന്തുണച്ചാലും കേവലം ഭൂരിപക്ഷം ലഭിക്കാതെ 257 സീറ്റുകള്‍ മാത്രമേ നേടാനാകൂ. യുപിഎ 166 സീറ്റുകള്‍ നേടുമ്പോള്‍ യുപിഎ എന്‍ഡിഎ ഇതര കക്ഷികള്‍ 140 സീറ്റുകള്‍ സ്വന്തമാക്കും. എബിപി സര്‍വേഫലവും ഈ കണക്കൂകളോട് അടുത്ത് നില്‍ക്കുന്നതാണ്.

എന്‍ഡിഎ 233, യുപിഎ 167, മറ്റ് പാര്‍ട്ടികള്‍ 143 ഇതാണ് എബിപി സര്‍വേ പ്രവചനം. കൃത്യമായ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ഒരു മുന്നണിക്കും സാധിക്കില്ലെന്നും തൂക്ക് സര്‍ക്കാരിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നുമാണ് രണ്ട് സര്‍വേകളും പറഞ്ഞുവയ്ക്കുന്നത്.

ഇരു മുന്നണികള്‍ക്കും പുറത്തുള്ള തൃണമൂല്‍, ബിഎസ്പി,എസ്പി, തുടങ്ങിയ പാര്‍ട്ടികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.

ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയും. ഇവിടെ 50 ലേറെ സീറ്റുകള്‍ നഷ്ടമാകുന്നതാണ് അധികാരത്തിലേക്കുള്ള ബിജെപിയുടെ യാത്രയ്ക്ക് പ്രധാനതടസ്സമാകുക ഇക്കാര്യങ്ങളും സര്‍വേകള്‍ പറഞ്ഞുവയ്ക്കുന്നു.

ഘടകകക്ഷികള്‍ ഇല്ലാതെ വിജയിക്കാമെന്ന ആത്മവിശ്വാസം ബിജെപി അവസാനിപ്പിക്കുകയും, സീറ്റ് വിഭജന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൂടുതല്‍ വഴങ്ങുകയും ചെയ്യുന്ന മാറ്റങ്ങള്‍ സര്‍വേ ഫലങ്ങളുടെ വെളിച്ചത്തില്‍ ഇരുപാര്‍ട്ടികളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ ഇടയുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here