ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുമായി സിപിഐഎം; ജനകീയ ഉച്ചകോടിക്ക് നാളെ തുടക്കമാകും

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കമായി സിപിഐ എമ്മിന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ജനകീയ ഉച്ചകോടിക്ക് നാളെ തുടക്കമാകും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് രണ്ട് ദിവസം നീളുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.

മറ്റന്നാള്‍ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മോദി സര്‍ക്കാരിന്‍റെ ക‍ഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തെസംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ഉച്ചകോടി വേദിയാകും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ LDF ന് മികച്ച വിജയം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് തുടക്കമിടുന്നതിന്‍റെ ഭാഗമായാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണ പരാജയം മറച്ചുവെച്ച് ജനങ്ങളെ ജാതീയമായി ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബി ജെ പി കോണ്‍ഗ്രസ്സ് ഗൂഢതന്ത്രത്തെ കുതലോടെ നേരിട്ട് മുന്നേറാനുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് ഉച്ചകോടിയില്‍ രൂപംനല്‍കും.

“മൂലധനം- ജനാധിപത്യം- മതനിരപേക്ഷത, മോദി ഭരണത്തില്‍” എന്ന വിഷയത്തില്‍ ക്ലാസെടുത്തുകൊണ്ട് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. എം എ ബേബി,എസ് രാമചന്ദ്രന്‍ പിള്ള,തപന്‍ സെന്‍, മീരാ വേലായുധന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

മറ്റന്നാള്‍ വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളില്‍ നിന്നുള്ള ആയിരം പ്രതിനിധികളാണ് ജനകീയ ഉച്ചകോടിയില്‍ പങ്കെടുക്കുകയെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു.

സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. എറണാകുളത്ത് ജയിക്കാനും ചാലക്കുടിയില്‍ സീറ്റ് നിലനിര്‍ത്താനും വേണ്ട ശക്തമായ പ്രവര്‍ത്തനമാണ് ജില്ലയില്‍ സി പി ഐ എം നടത്തുകയെന്നും സി എന്‍ മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News