സിബിഐ ഡയറക്ടറെ തീരുമാനിക്കാനായുള്ള ഉന്നതാധികാര സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു

പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനായുള്ള ഉന്നതാധികാര സമിതി യോഗം തീരുമാനമാവാതെ പിരിഞ്ഞു.പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം രണ്ട് മണിക്കൂറോളം നീണ്ടു നിന്നിരുന്നു.എന്നാല്‍ നാളെ വൈകുന്നേരം യോഗം വീണ്ടും ചേര്‍ന്നേക്കും.

നിലവിലുള്ള പട്ടിക ഒന്നു കൂടി വെട്ടി ചുരുക്കാനാണ് യോഗ തീരുമാനം. എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ വൈ സി മോദിയുടെ പേരാണ് നരേന്ദ്ര മോദി ഉയര്‍ത്തി പിടിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് മറ്റംഗങ്ങള്‍. എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ വൈ സി മോദിയുടെ പേരാണ് സാധ്യത പട്ടികയില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്നത്.

അസം മേഘാലയ കേഡര്‍ ഉദ്യോഗസ്ഥന്‍ ആയ മോദി ഗുജറാത്ത് വംശഹത്യ കേസുകള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു.

മൂംബൈ പൊലീസ് കമ്മീഷണര്‍ സുബോത് ജയ്‌സ്വാള്‍, ആഭ്യന്തര സുരക്ഷ സ്‌പെഷ്യല്‍ സെക്രട്ടറി റിനാ മിത്ര, ഗുജറാത്ത് ഡിജപി ശിവാന്ദ് ഝാ, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രജനികാന്ത് മിശ്ര, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാജേഷ് രജ്ഞന്‍ എന്നിവരുടെ പേരുകളാണ് അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്.

ആഭ്യന്തര സുരക്ഷ സ്‌പെഷ്യല്‍ സെക്രട്ടറി റിനാ മിത്രയെ പരിഗണിക്കുകയാണെങ്കില്‍ സിബിഐയുടെ തലപ്പത്ത് ആദ്യമായി ഒരു സ്ത്രീ ഉദ്യോഗസ്ഥ വരും. 1982 ബാച്ച് ജെ കെ ശര്‍മ്മയുടെ പേര് പട്ടികയില്‍ ഉണ്ടെങ്കിലും സിബിഐയില്‍ മുന്‍ പരിചയമില്ലാത്തത് അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ്.

കഴിഞ്ഞ ജനുവരി പത്തിനാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി നാഗേശ്വര്‍ റാവുവിന് താത്കാലിക ചുമതല നല്‍കിയത്.

നാഗേശ്വര്‍ റാവു ജനുവരി 31 വരെയെ ഔദ്യോഗിക പദവിയിലുണ്ടാവും. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേല്‍ക്കണം. മോദിയ്ക്ക് താത്പര്യമുള്ളവര്‍ പട്ടികയിലുണ്ടെങ്കിലും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുയേയും ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുയേയും നിലപാട് നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News