“കുടിയിരുത്തിയ ശില്‍പിയുടെ കരസ്പര്‍ശമേറ്റ് മലമ്പുഴ യക്ഷി”; മലമ്പുഴ യക്ഷിയുടെയും ശില്‍പി കാനായി കുഞ്ഞിരാമന്‍റെയും സമാഗമം

കുടിയിരുത്തിയ ശില്‍പിയുടെ കരസ്പര്‍ശമേറ്റ് വിഖ്യാത ശില്‍പം മലമ്പുഴ യക്ഷി. ഏറെക്കാലത്തിനു ശേഷമാണ് മലമ്പുഴ യക്ഷിയുടെയും ശില്‍പി കാനായി കുഞ്ഞിരാമന്‍റെയും സമാഗമം. ശില്‍പത്തിന്‍റെ നവീകരണത്തിനായാണ് കാനായി കുഞ്ഞിരാമന്‍ മലമ്പുഴയിലെത്തിയത്.

1968-69 കാലഘട്ടത്തില്‍ നിര്‍മിച്ച ശേഷം ആദ്യമായാണ് ശില്‍പം നവീകരിക്കുന്നത്. അര നൂറ്റാണ്ട് മുമ്പ് നിലാവുള്ള രാത്രിയില്‍ ഉറക്കമില്ലാതെ കിടന്ന കാനായിയുടെ സ്വപ്നങ്ങളിലേക്ക് മലനിരകള്‍ക്കിടയിലൂടെ കരിമ്പനക്കാറ്റിനൊപ്പം ഇറങ്ങി വന്നതാണ്.

അന്ന് കുടിയിരുത്തിയതാണ് മലമ്പുഴ ഡാമിന്‍റെ ഉദ്യാനത്തിനരികില്‍ ഇങ്ങനെ. സഹ്യനിലേക്ക് കണ്ണും നട്ടിരിക്കുന്ന യക്ഷിക്ക് മുന്നിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാനായിയെത്തിയത്.

എതിര്‍പ്പുകളെല്ലാം മറികടന്ന് സ്ത്രീവിമോചനത്തിന്‍റെ പ്രതീകമായ ശില്‍പമൊരുക്കിയതിന്‍റെ ഓര്‍മകളാണ് മനസ്സ് മു‍ഴുവന്‍. വര്‍ഷങ്ങള്‍ക്കു മുന്പുള്ള അതേ ലാളനയോടെ പ്രീയ ശില്‍പത്തിന്‍റെ മോടി കൂട്ടുകയാണ് ലക്ഷ്യം.

വര്‍ഷങ്ങള്‍ക്കിടെ നിരവധി തവണ മലമ്പുഴ ഉദ്യാനം നവീകരിച്ചിരുന്നു. എങ്കിലും സുന്ദരിയായ യക്ഷി മാത്രം ശില്പി സാമീപ്യത്തിനായി കാത്തിരുന്നു.

നവീകരണത്തിന് ശേഷം ശില്‍പത്തില്‍ വെങ്കലം പൊതിയണമെന്ന ആഗ്രഹം മനസ്സിലുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

കാസര്‍കോട് ചെറുവത്തൂരിലെ ജന്‍മനാട്ടില്‍ ശില്‍പങ്ങളുടെ ഉദ്യാനം തീര്‍ക്കണമെന്ന വര്‍ഷങ്ങളായുള്ള ആഗ്രഹം. മനസ്സിലിപ്പോ‍ഴും താലോലിക്കുകയാണ് കാനായി.

എണ്‍പത് വയസ്സ് പിന്നിടുമ്പോള്‍ മലന്പു‍ഴ യക്ഷിയും സാഗര കന്യകയുമെല്ലാം ഒരുക്കുമ്പോള്‍ അനുഭവിച്ച പ്രശ്നങ്ങളും പ്രതിസന്ധികളുമെല്ലാമായി ശില്‍പകലയിലെ കുലപതിക്ക് ഏറെ പറയാനുണ്ട്. എ‍ഴുതിക്കൊണ്ടിരിക്കുന്ന ഓര്‍മക്കുറിപ്പുകളില്‍ എല്ലാമുണ്ടാകുമെന്ന് യക്ഷിയോടൊപ്പം ചേര്‍ന്ന് നിന്ന് കാനായിയുടെ ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News