ഈ ചാണകവെള്ളം നിലപാടുകൾക്കുള്ള പൂച്ചെണ്ട്!

സംവിധായകൻ പ്രിയനന്ദനന് നേരെ നടന്ന സംഘപരിവാർ ആക്രമണത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുകയാണ്.

ഉറച്ച രാഷ്ട്രീയ ബോധ്യമുള്ള കലയെയും മാനവികതയും ഉയർത്തിപ്പിടിക്കുന്ന കലാകാരനൊപ്പം അണി ചേർന്ന് പല തലങ്ങളിലുള്ള എഴുത്തുകളാണ് ഫേസ് ബുക്കിലും നിറയുന്നത്.

കവിയും പ്രിയനന്ദനന്റെ സ്നേഹിതനുമായ പി എൻ ഗോപീകൃഷ്ണൻ പറയുന്നത് ഇത് പ്രിയനുള്ള അംഗീകാരമാണെന്നാണ്.

പി എൻ ഗോപീകൃഷ്ണൻ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം.
…………………………………………………..

“1954 മുതൽ ആണ് ദേശീയ സിനിമാ അവാർഡുകൾ നൽകി വരുന്നത് . നാളിത് വരെ എന്റെ അറിവിൽ 10 മലയാളം ചലച്ചിത്രങ്ങൾക്കാണ് ഇന്ത്യയിലെ ഏറ്റവും നല്ല ചിത്രങ്ങൾക്കുള്ള അവാർഡ് ലഭിച്ചിട്ടുള്ളത്. 1965 ൽ ചെമ്മീൻ , 1972 ൽ സ്വയംവരം ,1973 ൽ നിർമ്മാല്യം , 1985 ൽ ചിദംബരം , 1988ൽ പിറവി, 1995 ൽ കഥാപുരുഷൻ ,1999 ൽ വാനപ്രസ്ഥം ,2006 ൽ പുലിജന്മം ,2009 ൽ കുട്ടിസ്രാങ്ക്, 2010 ൽ ആദാമിന്റെ മകൻ അബു എന്നീ ചിത്രങ്ങൾക്ക് . അതിൽ 2006 ൽ സമ്മാനം കിട്ടിയ പുലിജന്മത്തിന്റെ സംവിധായകനാണ് താഴെ കാണുന്ന ചിത്രത്തിൽ ചാണകവെള്ളത്തിൽ കുളിച്ചു നിൽക്കുന്നത്.

പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള ഈ മനുഷ്യൻ ,അയാളുടെ തന്നെ ഭാഷയിൽ ”ജീവിതത്തിന്റെ സർവ്വകലാശാലയിലാണ് പഠിച്ചത് ” . പട്ടിണിയുടേയും ദുരിതങ്ങളുടേയും നീണ്ട പർവ്വങ്ങൾ പിന്നിട്ടാണ് അയാൾ സിനിമയിലെത്തിയത്. ആദ്യ സിനിമയായ നെയ്ത്തുകാരനിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഭരത് മുരളിയായി

അവസാനം എടുത്ത ചിത്രമായ ”പാതിരകാലം” കോൽക്കൊത്ത ,പൂന , ബാംഗ്ലൂർ ,ജയ്പൂർ തുടങ്ങി ഇന്ത്യയിലെ മിക്ക പ്രധാന ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. ആ ചിത്രത്തിൽ സഹകരിച്ചിരുന്ന ഞാൻ , ആ നഗരങ്ങളിലേയ്ക്കുള്ള യാത്രകളിൽ സഹയാത്രികനായിരുന്നു. രാത്രികളിൽ അയാൾ ജീവിതത്തിൽ തിന്ന് തീർത്ത തീയ്യെക്കുറിച്ച് പറയുമായിരുന്നു. അതിലൂടെ രൂപപ്പെട്ട രാഷ്ട്രീയത്തെക്കുറിച്ചും.

മാനവികതയുടെ പരുക്കൻ പ്രതലങ്ങളിൽ ആയിരുന്നു ,അയാളുടെ കല എപ്പോഴും ചുറ്റിപ്പടർന്നിരുന്നത്. അതിനാൽ പരുക്കൻ പ്രതികരണങ്ങൾ എക്കാലവും അയാളുടെ സ്വാഭാവികതയായിരുന്നു. എന്നാൽ ആ പ്രതികരണങ്ങൾക്കുള്ളിലെ രാഷ്ട്രീയം സ്നേഹത്തിലും കരുണയിലും വിളയുന്ന ഒന്നാണ്

പ്രിയാ , നിന്റെ പ്രതികരണങ്ങൾ പലപ്പോഴും മുനകൾ ഉള്ളതായിരുന്നു. പക്ഷേ, അത് പിൻവലിച്ചിട്ടും നിന്റെ വീട് അവർ വളഞ്ഞു. നിന്നെ ആക്രമിയ്ക്കും എന്ന് പരസ്യമായി ,ഇന്ത്യ ഭരിയ്ക്കുന്ന കക്ഷിയുടെ ജില്ലാ നേതാവ് പ്രസംഗിച്ചു. തെറിയുടെ പൂരം അവർ ആഘോഷിച്ചു. അതിന്റെ അവസാനം ഇതാ, ഇപ്പോൾ ചാണക അഭിഷേകവും ആക്രമണവും.

സാരമില്ല പ്രിയാ. ഗൗരി ലങ്കേഷിനെ കൊന്ന പ്രതി പരശുറാം വാഘ് മോറെ പിന്നീട് പോലീസ് കസ്റ്റഡിയിൽ ഏതാണ്ട് ഇങ്ങനെ മൊഴി കൊടുത്തു .” മതത്തെ രക്ഷിക്കാൻ വേണ്ടിആ സ്ത്രീയെ ആക്രമിക്കാൻ അവർ പറഞ്ഞപ്പോൾ ,ഞാനത് ചെയ്തു. അവർ നല്ലവരാണെന്ന് എനിയ്ക്കിപ്പോൾ തോന്നുന്നു ”

നാളെ നിന്നെ ആക്രമിച്ച ആ വല്ലച്ചിറക്കാരനും അത് തന്നെ പറഞ്ഞേയ്ക്കും. തന്റെ നാടിനെ ദേശീയ പ്രശസ്തിയിലേയ്ക്ക് ഉയർത്തിയ ഒരു മനുഷ്യനെ , മാനവികതയുടെ വെളിച്ചം തന്റെ രീതിയിൽ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച ഒരാളെ, ആക്രമിച്ചതിന് പശ്ചാത്തപിച്ചേക്കും . സ്വന്തം ഗ്രാമത്തിന്റെ സാംസ്ക്കാരിക വെളിച്ചങ്ങളെ തല്ലിക്കെടുത്താൻ ഫാസിസം ഉപയോഗപ്പെടുത്തിയ ഒരു ഉപകരണമായി തന്നെത്തന്നെ തിരിച്ചറിഞ്ഞേക്കും

അങ്ങനെയല്ലേ പ്രിയാ, കലയും മാനവികതയും ജയിക്കുക. അതിനാൽ നമുക്ക് നമ്മുടെ ബോധ്യങ്ങളുടെ വഴിയിലൂടെ ഉറപ്പോടെത്തന്നെ നടന്നു പോകാം. ഈ ചാണകവെള്ളം നമ്മുടെ നിലപാടുകളുടെ ശരിയ്ക്ക് കിട്ടിയ പൂച്ചെണ്ടാണ് എന്ന് ഉറക്കെപ്പറഞ്ഞ്”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News