ആംഗ്ലിക്കന്‍ സഭയുടെ കാനഡയിലെ ടൊറന്റോ ഡയോസിസിന്റെ ബിഷപ്പ് ജെന്നി ആന്റിസണാണ് വനിതാ മതിലിനെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയത്.

കോട്ടയത്ത് നടന്ന സിഎസ്ഐ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ട്രംപ് പണിയാന്‍ ആഗ്രഹിക്കുന്ന മതിലിനെക്കാളും വളരെ മികച്ചതാണ് കേരളത്തില്‍ നടന്ന വനിതാ മതിലെന്ന് ബിഷപ്പ് ജെന്നി ആന്റിസണ്‍.

ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായ വിധിയെക്കുറിച്ചും വനിതാ മതിലിനെക്കുറിച്ചും കേട്ടിരുന്നെന്നും എന്നാല്‍ ഹിന്ദു സമുദായത്തെക്കുറിച്ച് തനിക്ക് സംസാരിക്കാനാവില്ലെന്നും ബിഷപ്പ് പറഞ്ഞു.

നേതൃത്വം നല്‍കുന്നതിനുള്ള കഴിവ് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുണ്ടെന്നും സ്ത്രീകള്‍ നേതൃത്വ നിരയിലേക്ക് വരേണ്ട സമയമായെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ പള്ളികള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്നും സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ 50 ശതമാനത്തോളം ജനങ്ങളെയാണ് നഷ്ടമാകുന്നതെന്നും അവര്‍ പറഞ്ഞു.

ദൈവം സ്ത്രീകള്‍ക്കും നേതൃത്വം നല്‍കുന്നതിനുള്ള കഴിവ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സമൂഹവും സംസ്‌കാരവുമാണ് ദൈവത്തിന്റെ പദ്ധതിയെ എതിര്‍ത്ത് നില്‍ക്കുന്നതെന്നും ബിഷപ്പ് ജെന്നി ആന്റിസണ്‍ കുറ്റപ്പെടുത്തി.