മുനമ്പം വഴി നടന്നത് മനുഷ്യക്കടത്തല്ല; അനധികൃത കുടിയേറ്റമെന്ന് പൊലീസ്; മുഖ്യപ്രതിയെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൊച്ചി ഐ ജി; സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

മുനമ്പം തീരത്തു നിന്ന് ഇക്കഴിഞ്ഞ ജനുവരി 12 ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ ന്യൂസിലൻഡിലേക്ക് കടത്തിയ കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.

ദയാ മാത ബോട്ട് ഉടമകളിൽ ഒരാളായ കോവളം സ്വദേശി അനിൽ കുമാർ, ദില്ലിയിൽ താമസമാക്കിയ ശ്രീലങ്കൻ തമിഴ് വംശജരായ പ്രഭു പ്രഭാകരൻ, രവി രാജ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് അനിൽകുമാറിന്റെ പേരിലാണെന്നും പോലീസ് വ്യക്തമാക്കി. മുഖ്യപ്രതി തമിഴ് വംശജൻ ശ്രീകാന്ത് ഉൾപ്പെടെ കൂടുതൽ പേർ വൈകാതെ അറസ്റ്റിലാകുമെന്ന് കൊച്ചി മേഖലാ ഐജി വിജയ് സാഖറെ പറഞ്ഞു.

പ്രതികൾക്കെതിരെ ഇന്ത്യൻ പാസ്പോർട്ട് ആക്ട്, ഫോറിനേഴ്സ് ആക്ട്, എമിഗ്രേഷൻ ആക്ട് എന്നിവയിലെ വിവധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ഗൂഢാലോചന, വഞ്ചന ലക്ഷ്യം വെച്ച് വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ഇതിനിടെ 2013 ൽ മുനമ്പത്തു നിന്ന് 70 പേരെ ആസ്ത്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയതായി പൊലീസ് കണ്ടെത്തി. സംഭവങ്ങളുടെ സമാനതയും സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിച്ച് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News