പൗരത്വ നിയമഭേദഗതി ബില്‍,പൗരത്വ പട്ടിക വിവാദം; വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടി ഭയന്ന് ബിജെപി

പൗരത്വ നിയമഭേദഗതി ബില്‍,പൗരത്വ പട്ടിക വിവാദം, ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടിയുണ്ടാക്കുമോയെന്ന ആശങ്കയില്‍ ബിജെപി.

അസം ഗണ പരിഷത്തിന് പിന്നാലെ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മറ്റ് ഘടകകക്ഷികളും മുന്നണി വിടുമെന്ന ആശങ്കയും ബിജെപിയെ അലട്ടുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലവിലെ 8 സീറ്റുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ബിജെപി.

എന്നാല്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായാലും പ്രതീക്ഷ വയ്ക്കാനാകുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിനും ഇല്ല.

അസം പൗരത്വ പട്ടികയില്‍ തുടങ്ങി പൗരത്വം ഭേദഗതി ബില്ലില്‍ വരെ എത്തി നില്‍ക്കുമ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ അസ്വസ്തമാണ്.

ഈ സംഘര്‍ഷങ്ങളിലേക്ക് മേഖലയെ തള്ളി വിട്ടതിന് പിന്നില്‍ ബിജെപിയാണെന്ന പൊതുവികാരം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രകടം.

ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കാനാണ് സാധ്യത. 8 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി 25 ലോക്‌സഭാ സീറ്റുകളുണ്ട്.

നിലവില്‍ 8 സീറ്റുകളുള്ള ബിജെപി അവരുടെ നേട്ടം 21 സീറ്റുകളിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ 14 സീറ്റുകള്‍ ഉള്ള അസമില്‍ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് മുന്നണി വിട്ടതോടെ ബിജെപിയുടെ സ്വപനം മങ്ങിത്തുടങ്ങി.

അസമില്‍ തുടങ്ങിയ പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സഖ്യക്ഷികളും എറ്റെടുത്തിരിക്കുകയാണിപ്പോള്‍.

മേഘാലയ, ത്രിപുര, മിസോറാം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ എന്‍പിപി, ഐപിഎഫ്ടി, എംഎന്‍എഫ്, എന്‍ഡിപിപി, തുടങ്ങിയ സഖ്യകക്ഷികള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്ത് വരികയും ചിലര്‍ സഖ്യം വിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപിയുടെ ഹിന്ദുത്വവാദം പ്രാദേശിക ഗോത്രങ്ങളുടെ സ്വത്വത്തെ ഹനിക്കുന്നതും വടക്ക് കിഴക്കന്‍ ജനാധിപത്യ മുന്നണി വിടാന്‍ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നു.

മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രി ബിരേന്‍സിംഗ് തന്നെ ബില്ലിനെതിരെ രംഗത്ത് വന്നത് ഈ തിരിച്ചറിവിലാണ്. പൗരത്വ ബില്‍ നടപ്പിലാക്കിയില്ലെങ്കില്‍ 17 നിയമസഭാ മണ്ഡലങ്ങള്‍ ജിന്നയുടെ വഴി പോകുമെന്ന അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവന, ഓള്‍ അസം സ്റ്റുഡന്റ് യൂണിയന്റെ കനത്ത പ്രതിഷേധം ഇവയും ബിജെപിക്ക് തലവേദനയായി തുടരുന്നു.

എന്നാല്‍ ബിജെപിയുടെ ഈ തിരിച്ചടിയില്‍ നേട്ടമുണ്ടാക്കാന്‍ തോതിലുള്ള രാഷ്ട്രീയ അടിത്തറ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസും കാര്യമായ പ്രതീക്ഷ വയ്ക്കുന്നില്ല.അതിനാല്‍ തന്നെ വടക്ക് കിഴക്കന്‍ ഇന്ത്യയുടെ മനസ്സ് തീരുമാനിക്കുന്നതില്‍ പ്രദേശിക പാര്‍ട്ടികളുടെ നിലപാടാകും നിര്‍ണായകമാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News