ദില്ലി: മുന്‍ വര്‍ഷങ്ങളേക്കാള്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെ ശനിയാഴ്ച രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക്ദിന പരേഡ് നടക്കും.

25,000 സുരക്ഷാ ഉദ്യോഗസ്ഥരും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമാണ് ഒരുക്കിയത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി രാഷ്ട്രപിതാവുമായി ബന്ധപ്പെട്ട ടാബ്ലോകളാണ് ഈ വര്‍ഷമുള്ളത്. 70-ാം റിപ്പബ്ലിക്ദിന ആഘോഷത്തില്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റമഫോസയാണ് മുഖ്യ അതിഥി.

രാജ്പഥില്‍ നടക്കുന്ന പരേഡില്‍ നാവിക സേനാംഗങ്ങളുടെ സംഘത്തെ നയിക്കുന്നത് മലയാളിയായ ലഫ്റ്റനന്റ് അംബിക സുധാകരനാണ്. നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന കമാന്‍ഡര്‍ എം കെ എസ് നായരുടെ മകളാണ് കണ്ണൂര്‍ സ്വദേശിയായ അംബിക. പാലക്കാട് സ്വദേശിയായ സഞ്ജയും സംഘത്തിലുണ്ട്. റെയില്‍വേ സംരക്ഷണസേനയെ നയിക്കുന്നത് മലയാളിയായ അസിസ്റ്റന്റ് കമാന്‍ഡന്റ് ജിതിന്‍ ബി രാജാണ്.

സിസിടിവി ക്യാമറകളും മുഖം തിരിച്ചറിയുന്ന ക്യാമറകളും രാജ്പഥില്‍ സ്ഥാപിച്ചിട്ടുണ്ട്. ചെറുപ്രത്യാക്രമണ സംഘങ്ങള്‍, വ്യോമ ആക്രമണങ്ങള്‍ ഉള്‍പ്പെടെ തടയാന്‍ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ എന്നിവര്‍ രംഗത്തുണ്ട്. രാജ്പഥുമുതല്‍ റെഡ്‌ഫോര്‍ട്ടുവരെ എട്ടു കിലോമീറ്റര്‍ വീഥിയിലും സമീപ പ്രദേശങ്ങളിലും ഇവരെ വിന്യസിക്കും. വ്യോമസേനയുടെ സുരക്ഷാ സന്നാഹങ്ങളും നിലയുറപ്പിക്കും. ഡ്രോണ്‍ ആക്രമണം നേരിടാനും പദ്ധതി തയ്യാറാക്കി.

ഡല്‍ഹി പൊലീസ് കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ എന്നിവരെയാണ് വിന്യസിച്ചിരിക്കുന്നത്. ചന്തകള്‍, റെയില്‍വേ-ബസ് സ്‌റ്റേഷനുകള്‍ തുടങ്ങിയ മേഖലകളിലും സുരക്ഷ ഒരുക്കി. ഗതാഗതനിയന്ത്രണവും ചില മെട്രോ സ്‌റ്റേഷനുകളില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തി.