ബെഫി ദേശീയ സമ്മേളനം തലസ്ഥാനത്ത് ആദ്യമായി; സമ്മേളനം 28 മുതല്‍ 31 വരെ ടാഗോറില്‍

തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം തലസ്ഥാനത്ത് ആദ്യമായി.

1982ല്‍ രൂപീകൃതമായതിനു ശേഷം ആദ്യമായാണ് തിരുവനന്തപുരം ദേശീയ സമ്മേളനത്തിന് വേദിയാകുന്നത്.

1999ല്‍ എറണാകുളത്തായിരുന്നു കേരളത്തില്‍ ദേശീയ സമ്മേളനം നടന്നത്. 2019 ജനുവരി 28 മുതല്‍ 31 വരെ ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പൊതുമേഖലാ, സ്വകാര്യ, നവസ്വകാര്യ, ഗ്രാമീണ, സഹകരണ ബാങ്കുകളിലെയും റിസര്‍വ് ബാങ്ക്, നബാര്‍ഡ് എന്നീ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ പ്രതിനിധികളായും നിരീക്ഷകരായും പങ്കെടുക്കുമെന്ന് ബെഫി പത്രക്കുറിപ്പില്‍ അറിയിച്ചു.

2016 നവംബര്‍ 08ന് യാതൊരു മുന്നൊരുക്കവുമില്ലാതെ നടപ്പിലാക്കിയ നോട്ട് നിരോധനം സാമ്ബത്തിക മേഖലയെ പിറകോട്ടടിപ്പിക്കുക മാത്രമല്ല അഴിമതി, കള്ളപ്പണം, കള്ളനോട്ട്, നികുതിവെട്ടിപ്പ്, ഭീകരാക്രമണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇല്ലാതാക്കും എന്ന പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് പോലും നേടിയില്ല.

ഇന്ത്യയിലെ എല്ലാ ബാങ്കുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,55,586 കോടി രൂപ പ്രവര്‍ത്തന ലാഭം ഉണ്ടാക്കിയിട്ടും കിട്ടാക്കടങ്ങള്‍ക്കായി തുക നീക്കി വെക്കേണ്ടി വന്നതിനാല്‍ ബാലന്‍സ് ഷീറ്റില്‍ 85,369 കോടി രൂപയുടെ നഷ്ടമാണ് കാണിച്ചത്. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ നിര്‍വചനത്തില്‍ വരുത്തിയ മാറ്റം മൂലം കിട്ടാക്കടം ഊതിപ്പെരുപ്പിച്ച നിലയിലാണ്.

ഇതിനു പുറമെ ഇക്കാലയളവില്‍ ഏതാണ്ട് 4 ലക്ഷം കോടിയുടെ കോര്‍പ്പറേറ്റ് കിട്ടാക്കടം എഴുതിത്തള്ളുകയും ചെയ്തു. സര്‍വീസ് ചാര്‍ജ്ജ് ഇനത്തില്‍ കോടികളാണ് ബാങ്കുകള്‍ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്.

ബാങ്ക് ലയനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമായിരുന്ന സൗകര്യങ്ങളും സേവനങ്ങളും ഇല്ലാതാക്കുകയാണ്. ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന ദേശീയ സമ്മേളനം ജനങ്ങളെ ബാധിക്കുന്ന ഈ വിഷയങ്ങളെല്ലാം സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ.നന്ദകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എസ്.അനില്‍, സംഘാടക സമിതി കണ്‍വീനര്‍ ജോസ് ടി എബ്രഹാം, ബെഫി സംസ്ഥാന ജോ.സെക്രട്ടറി എസ്.ശ്രീകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

2019 ജനുവരി 28ന് വൈകീട്ട് 5 മണിക്ക് തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന സമ്മേളന ജാഥയോടെ ദേശീയ സമ്മേളനത്തിന് തുടക്കം കുറിക്കും. ജാഥ കിഴക്കേകോട്ട ഇ.കെ.നായനാര്‍ സ്മാരക പാര്‍ക്കില്‍ (എസ്.ആര്‍.ബാല്‍ നഗര്‍) എത്തിച്ചേരുമ്‌ബോള്‍ ചേരുന്ന പൊതുസമ്മേളനം ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംസാരിക്കും.29ന് സമ്മേളന വേദിയായ ടാഗോര്‍ തിയറ്ററില്‍(ടി.എസ്.മുരളി മഞ്ച് )രാവിലെ 9.30ന് ബെഫി ദേശീയ പ്രസിഡന്റ് സി.ജെ.നന്ദകുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് 10 മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഉദ്ഘാടനം ചെയ്യും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് നേതാക്കള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

30ന് നടക്കുന്ന വനിതാ സമ്മേളനം ടാഗോര്‍ തിയറ്ററില്‍ രാവിലെ 9 മണിക്ക്ഉദ്ഘാടനം ചെയ്യുന്നത് ബൃന്ദ കാരാട്ടാണ്. ഫോട്ടോ, കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ സാംസ്‌കാരിക കലാപരിപാടികള്‍ എന്നിവ സമ്മേളനത്തില്‍ ഒരുക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel