മുന്നോക്ക സംവരണം മാനദണ്ഡങ്ങളോട് വിയോജിക്കുന്നുവെന്ന് സിപിഐഎം; വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രം പിന്തിരിയണം

ദില്ലി: മുന്നോക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള മാനദണ്ഡങ്ങളോട് വിയോജിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ.

സാമ്പത്തിക പിന്നോക്കാവസ്ഥയെന്ന സങ്കല്‍പ്പത്തെതന്നെ പരിഹസിക്കുന്നതാണ് കേന്ദ്രം കൊണ്ടുവന്ന വ്യവസ്ഥകള്‍. സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രം പിന്തിരിയണം. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന നിയമനിര്‍മാണത്തിലൂടെ വേണം വ്യവസ്ഥകള്‍ അംഗീകരിക്കപ്പെടേണ്ടതെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡം കേന്ദ്ര സാമൂഹ്യനീതി– ശാക്തീകരണ മന്ത്രാലയം വിജ്ഞാപനം ചെയ്തിരുന്നു.

എട്ടുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. അഞ്ച് ഏക്കറില്‍ കൂടുതല്‍ കൃഷിയിടമുള്ളവര്‍, 1000 ചതുരശ്ര അടിയില്‍ അധികം വിസ്തീര്‍ണത്തില്‍ ഫ്‌ളാറ്റുള്ളവര്‍, നിശ്ചിത മുനിസിപ്പല്‍ മേഖലകളില്‍ 100 ചതുരശ്ര യാര്‍ഡില്‍ അധികവും മറ്റ് മുനിസിപ്പല്‍ മേഖലകളില്‍ 200 ചതുരശ്ര യാര്‍ഡില്‍ അധികവും പുരയിടമുള്ളവര്‍ തുടങ്ങിയവര്‍ അര്‍ഹരല്ല.

സര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡങ്ങളോട് സിപിഐഎം വിയോജിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയെന്ന സങ്കല്‍പ്പത്തെതന്നെ പരിഹസിക്കുന്നതാണ് സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍. 18,000 രൂപ കുറഞ്ഞ കൂലിയെന്ന ആവശ്യംപോലും അംഗീകരിക്കാത്ത സര്‍ക്കാരാണ് 70,000 രൂപവരെ മാസവരുമാനമുള്ളവരെപ്പോലും സംവരണത്തിന് അര്‍ഹരാക്കുന്നത്.

കേന്ദ്ര മാനദണ്ഡങ്ങള്‍ ദുര്‍ബലവിഭാഗക്കാര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കാത്ത സാഹചര്യമാകും സൃഷ്ടിക്കുക. ഒബിസി ക്രീമിലെയര്‍ വിഭാഗത്തിനുള്ള അതേ മാനദണ്ഡംതന്നെ സര്‍ക്കാര്‍ ഉപയോഗിക്കുന്നത് തെറ്റാണ്. ഒബിസി ക്രീമിലെയര്‍ വിഭാഗം സാമൂഹ്യമായിക്കൂടി പിന്നോക്കം നില്‍ക്കുന്നതിനാലാണ് ഈ മാനദണ്ഡം ഉപയോഗിക്കുന്നത്.എന്നാല്‍, മുന്നോക്ക വിഭാഗക്കാര്‍ക്ക് സാമൂഹ്യമായ പിന്നോക്കാവസ്ഥ ബാധകമല്ല.

മുന്നോക്കവിഭാഗക്കാര്‍ക്ക് സംവരണം അനുവദിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ മാനദണ്ഡങ്ങള്‍ പാര്‍ലമെന്റ് മുമ്ബാകെ വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

മോഡി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ മനോഭാവത്തിന് ഉദാഹരണമാണിത്.ഏകപക്ഷീയവും നിയമവിരുദ്ധവുമായ രീതിയില്‍ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ ഉചിതമായ രീതിയില്‍ നിയമനിര്‍മാണം കൊണ്ടുവരാതെ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകരുത്– പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here