ഐടി മേഖലയില്‍ തൊഴില്‍ നിയമങ്ങളിലെ ഇളവുകള്‍ അവസാനിക്കുന്നു; ചരിത്ര നേട്ടത്തിനരികെ തൊഴിലാളികളുടെ സംഘടിത ശക്തി

ബംഗളൂരു: കര്‍ണാടകയിലെ ഐടി, ഐടി അധിഷ്ഠിത വ്യവസായങ്ങളെ ഇന്റസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്റിങ്ങ് ഓഡേഴ്‌സ് ആക്റ്റില്‍ നിന്നും ഒഴിവാക്കികൊണ്ട് കര്‍ണാടക സര്‍ക്കാര്‍ 2014 ജനവരിയില്‍ ഇറക്കിയ ഉത്തരവിന്റെ കാലാവധി ഇന്നലെ അവസാനിച്ചു.

തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുത്തു കൊണ്ട് യഥേഷ്ടം ചൂഷണം ചെയ്യാന്‍ അവസാരമൊരുക്കുന്നതായിരുന്നു തൊഴില്‍ നിയമങ്ങളില്‍ നിന്ന് ഐടി മേഖലയെ ഒഴിവാക്കി കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ്.

ഐടി മേഖലയില്‍ കൂടുതല്‍ കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനെന്നപേരില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നിര്‍ലോഭം തുടര്‍ന്നുവരുന്ന തൊഴില്‍ ചുഷണങ്ങള്‍ക്കാണ് അറുതിവരാന്‍ പോകുന്നത്.

ഇന്ത്യയിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിച്ചു പോന്നിരുന്ന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കെ ഐ ടി യു പ്രതിനിധികളെയും നാസ്‌കോം പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ത്രികക്ഷി ചര്‍ച്ച ഇത്തരമൊരു മാറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇന്നലെ കര്‍ണാടക വികാസ് സൗധയില്‍ വെച്ച് സംസ്ഥാന തൊഴില്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അംലന്‍ ആദിത്യ ബിശ്വാസ് വിളിച്ചു ചേര്‍ത്ത ത്രികക്ഷി ചര്‍ച്ചയില്‍ കെ ഐ ടി യു പ്രസിഡന്റ് സഖാവ് വി.ജെ.കെ നായര്‍, സെക്രട്ടറിമാരിലൊരാളായ സഖാവ് സൂരജ് നിടിയങ്ങ എന്നിവര്‍ പങ്കെടുത്തു.

യാതൊരു മാനദണ്ഡവുമില്ലാതെയുള്ള കുട്ടപിരിച്ചുവിടലുകളോടും തൊഴില്‍ മേഖലയിലെ കടുത്ത അരക്ഷിതാവസ്ഥയോടും പടവെട്ടി കഴിഞ്ഞ വര്‍ഷം ഐടി തൊഴിലാളികളുടെ റെജിസ്‌ട്രേഡ് ട്രേഡ് യൂണിയനായ കര്‍ണാടക സ്റ്റേറ്റ് ഐടി / ഐ ടി ഇ എസ് എംപ്ലോയ്സ് യൂണിയന്‍ (കെ ഐ ടി യു) നിലവില്‍ വന്നതോടെയാണ് സ്ഥിതിഗതികളില്‍ മാറ്റം വന്നു തുടങ്ങിയത്.

കഴിഞ്ഞ പൊതുപണിമുടക്കിനോടനുബന്ധിച്ചു സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെഐടിയുവിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് ഐ ടി തൊഴിലാളികള്‍ ബെംഗളൂരു നഗരത്തില്‍ നടത്തിയ ബൈക്ക് റാലി വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കെ ഐ ടി യുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷകാലമായി നടന്നുവരുന്ന നിരന്തര ഇടപെടലുകളും പ്രക്ഷോഭങ്ങളുമാണ് സര്‍ക്കാരിനെ മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ജനുവരി 3ന് കെ ഐ ടി യു പ്രതിനിധികള്‍ ലേബര്‍ സെക്രട്ടറിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും സ്റ്റാന്റിങ്ങ് ഓര്‍ഡേര്‍സ് ആക്ടില്‍ നിന്നും ഐ ടി മേഖലയ്ക്ക് നല്‍കി വരുന്ന ഇളവ് നീട്ടി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റ തുടര്‍ച്ചയായിരുന്നു ഇന്നലെ നടന്ന ത്രികക്ഷി ചര്‍ച്ച.

നാളിതുവരെ രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളേയും തൊഴില്‍ നിയമങ്ങളേയും വെല്ലുവിളിച്ചു പ്രവര്‍ത്തിച്ചു വന്നിരുന്ന നാസ്‌കോമിനെ ഒരു ട്രേഡ് യൂണിയനുമായി ചര്‍ച്ചയ്ക്ക് ഒരു മേശയ്ക്കു ചുറ്റും എത്തിക്കാന്‍ സാധിച്ചു എന്നുള്ളത് ഈ മേഖലയിലെ തൊഴിലാളികളുടെ ചരിത്രപരമായ ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here