മോദി പ്രഭാവം ഇന്ത്യയില്‍ നിന്ന് മായുന്നു; മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വ്വേ റിപ്പോര്‍ട്ട്

മോദി പ്രഭാവം ഇന്ത്യയില്‍ നിന്ന് മായുന്നുവെന്ന് സര്‍വ്വേ ഫലം. 2017 ജനുവരിയെ അപേക്ഷിച്ച് മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി ഇന്ത്യാ ടുഡെയുടെ സര്‍വ്വേ റിപ്പോര്‍ട്ട്. അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി കുത്തനെ കൂടിയാതായും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ മോദി പ്രഭാവം ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു എന്നാല്‍ നാലരവര്‍ഷം കൊണ്ട് മോദി പ്രഭാവം ഇന്ത്യയില്‍ നിന്ന് മങ്ങി തുടങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലര വര്‍ഷത്തെ മോദി പ്രഭാവത്തിന്റെ വിശദമായ കണക്കുകള്‍ നിരത്തിയാണ് ഇന്ത്യാ ടുഡെയുടെ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

2017 ജനുവരിയില്‍ 65 ശതമാനം ജനപ്രീതി ഉണ്ടായിരുന്നു മോദിയ്ക്ക് എന്നാല്‍ ഇപ്പോള്‍ ജനപ്രീതി 19 ശതമാനം കുറഞ്ഞ് 46 ശതമാനമായിരിക്കുകയാണ്. അതേസമയം രണ്ട് വര്‍ഷം കൊണ്ട് പത്തില്‍ നിന്ന് 34 ശതമാനമായാണ് രാഹുലിന്റെ ജനപ്രീതി വളര്‍ന്നത്. 2017ല്‍ രാഹുല്‍ ഗാന്ധിയും മോദിയും തമ്മില്‍ ജനപ്രീതിയുടെ കാര്യത്തില്‍ 55 ശതമാനത്തിന്റെ വിത്യാസമുണ്ടായിരുന്നെങ്കില്‍ പുതിയ സര്‍വ്വേ ഫലം പ്രകാരം 12 ശതമാനം വിത്യാസം മാത്രമേയുള്ളു.

തൊഴിലില്ലായ്മ, ദുര്‍ബലമായ സാമ്പത്തിക സ്ഥിതി, കാര്‍ഷിക മേഖലയിലെ തിരിച്ചടി എന്നിവയാണ് മോദിക്ക് തിരിച്ചടിയായിരിക്കുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെയാണ് മോദിയുടെ ജനപ്രീതി കുത്തനെ ഇടിയാന്‍ തുടങ്ങിയത്. സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്‍തൂക്കം ഇത്തവണയും എന്‍ഡിഎയ്ക്ക് തന്നെയാണെന്നാണ് ഇന്ത്യാ ടുഡെയുടെ സര്‍വ്വേ റിപ്പോര്‍ട്ട്.

എന്നാല്‍ 2014 ല്‍ 336 സീറ്റുകള്‍ നേടിയ എന്‍ഡിഎ ഇത്തവണ 237 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ ഫലം ചൂണ്ടികാട്ടുന്നു. 2014ല്‍ 59 സീറ്റുകളുണ്ടായിരുന്നു യുപിഎ 166 സീറ്റുകളിലേയ്ക്ക് ഉയരുമെന്നും ഇന്ത്യാ ടുഡെ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News