പ്രിയനന്ദനെതിരായ ആക്രമണത്തില്‍ മുംബൈയില്‍ പരക്കെ പ്രതിഷേധം

മുംബൈ: അഭിപ്രായം പറയുന്നവരെ ആയുധം കൊണ്ട് നേരിടുന്ന സംഘപരിവാര്‍ അജണ്ടയുടെ അവസാനത്തെ ഇരയാണ് പ്രിയനന്ദനന്‍. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ സാധിക്കാത്ത ഫാസിസ്റ്റ് ശക്തികള്‍ കേരളത്തിന്റെ പ്രിയ കലാകാരനെ മര്‍ദ്ദിക്കുകയും ചാണക വെള്ളം ഒഴിക്കുകയുമായിരുന്നു.

പ്രബുദ്ധ കേരളത്തിന് അപമാനകരമായ നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഘപരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തികൊണ്ടു താക്കുര്‍ളി ജനശക്തി പ്രസ്താവനയിറക്കി.

കേരളത്തെ പിന്നോട്ട് നടത്തുവാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ടയെ നവോത്ഥാന കേരളം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ടെന്നും അദ്ദേഹത്തിനെതിരായ ആക്രമണം അപലപനീയമാണെന്നും ജനശക്തി ആര്‍ട്‌സ്, താക്കുര്‍ളി രേഖപ്പെടുത്തി.

പ്രിയാനന്ദനനെതിരായ ആക്രമണത്തില്‍ മുംബൈയിലെ മലയാള ഭാഷാ പ്രചാരണ സംഘവും ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.  ബുദ്ധിജീവികള്‍ക്കും കലാകാരന്മാര്‍ക്കും നിര്‍ഭയമായ നിരീക്ഷണങ്ങളോ വിമര്‍ശനങ്ങളോ നടത്താന്‍ അനുവാദമില്ലാത്ത അടഞ്ഞ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാന്‍ തീവ്രവാദ ശക്തികള്‍ ആഗ്രഹിക്കുന്നുവെന്നതാണ് സംഭവം വ്യക്തമാക്കുന്നതെന്ന് മലയാള ഭാഷാ പ്രചാരണ സംഘം, മുംബൈ ഭാരവാഹികളായ റീന സന്തോഷ്, എം കെ ജീവരാജന്‍ എന്നിവര്‍ സംയുക്തമായിറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലും പുറത്തും മതേതരമായ ജീവിതരീതികള്‍ക്ക് ഭീഷണിയുയരുമ്പോള്‍ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടത് മനുഷ്യസ്‌നേഹികളായ മുഴുവന്‍ പേരുടേയും കടമയാണ്. എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും നേരെ ശാരീരികാക്രമം നടത്തുന്ന തീവ്രവാദികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ മലയാളികളും ഒരുമിക്കേണ്ടതിന്റെ ആവശ്യകതയും ഇവര്‍ ഓര്‍മിപ്പിച്ചു.

പ്രിയനന്ദനനു നേരെ നടന്ന അക്രമണത്തെ ഇപ്റ്റ (കേരളാ ) മുംബയ് ഘടകവും ശക്തമായി അപലപിച്ചു. ആശയത്തെ ആശയം കൊണ്ടു നേരിടാനാവാത്ത വര്‍ഗീയ ശക്തികള്‍ കലാ / സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു നേരെ അക്രമണം നടത്തുന്നത്, കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് പരിചയമില്ലാത്തതാണെന്നും ഡോ. അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ മധുരം വിതരണം ചെയ്തവരുടെ മാനസികാവസ്ഥ കേരള സമൂഹത്തിലേക്ക് വ്യാപിക്കുന്നത് ജാഗ്രതയോടെ നേരിടേണ്ടതുണ്ടെന്നും ഇപ്റ്റ മുന്നറിയിപ്പ് നല്‍കി.

പ്രിയനന്ദനനെതിരായ ആക്രമത്തില്‍ മുംബൈയിലെ വിവിധ കലാസാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരും യോഗം ചേര്‍ന്നും, സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധം അറിയിച്ചു. മുംബൈയുടെ കലാ സാംസ്‌കാരിക മേഖലയുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് പ്രിയനന്ദന്‍. പ്രിയന്‍ അവസാനം സംവിധാനം ചെയ്ത പാതിരാക്കാലത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് മുംബൈ മലയാളിയായ മുരളി മാട്ടുമ്മലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here