വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനത റിപ്പബ്ലിക് ദിനാഘോഷം പരിപാടികള്‍ ബഹിഷ്‌കരിച്ചു. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ റിപ്പബ്ലിക് ദിന പ്രസംഗം നടത്തിയത് കാലിയായ സദസിന് മുമ്പില്‍. മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് പൊതുജനങ്ങള്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്.

മോദി സര്‍ക്കാരിന്റെ പൗരത്യഭേദഗതി ബില്ലിനെതിരെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. നാഗാലാന്‍ഡ്, മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപക പ്രതിഷേധം അരങ്ങേറുന്നത്.

പൗരാവകശ സംഘടനകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും സംയുക്ത സംഘമായ എന്‍.ജി.ഒ കോഡിനേഷന്‍ കമ്മിറ്റിയാണ് റിപ്പബ്ലിക് ദിന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. ആഹ്വാനം ജനങ്ങള്‍ ഏറ്റ് എടുത്തതോടെ മിസോറാമില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗം കേള്‍ക്കാന്‍ ആരുമില്ലാത്ത സാഹചര്യമുണ്ടായി.

പ്രസംഗം കേള്‍ക്കാന്‍ പൊലീസും മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് സദസ്സിലുണ്ടായിരുന്നത്.സംസ്ഥാനത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ ശക്തമായ ശ്രമങ്ങളുണ്ടാകുമെന്നും അതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

പരമ്പരാഗതിമായി മുപ്പതോളം സായുധ സൈനിക വിഭാഗം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇത്തവണ അത് ആറായി ചുരുങ്ങി. മറ്റ് ജില്ലാ ഹെഡ്ക്വാട്ടേഴ്സുകളിലെ റിപ്പബ്ലിക് ദിന പരിപാടികളില്‍ നിന്നും പൊതുജനം വിട്ടു നിന്നു. ചിലയിടങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധക്കാര്‍ വേദിക്കു സമീപം നിലയുറപ്പിച്ചിരുന്നു.

കനത്ത പൊലീസ് കാവലിലായിരുന്നു ചടങ്ങുകള്‍ നടന്നത്. മണിപ്പൂരിലും നാഗാലാന്‍ഡിലും സ്ഥിതി വിശേഷങ്ങള്‍ വിത്യസ്തമായിരുന്നില്ല. കനത്ത സുരക്ഷാ വലയത്തിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നത്. ഹലോ ചൈന, ബൈ ബൈ ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പല സ്ഥലങ്ങളിലും പ്രതിഷേധം.

കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്റെയും കോലം കത്തിച്ചിരുന്നു. ഫെബ്രുവരി 4ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സിപിഐഎം പ്രഖ്യാപിച്ചിട്ടുണ്ട്.