പ്രണവ് മോഹന്‍ലാല്‍ ഞെട്ടിച്ചു കളഞ്ഞുവെന്ന് ശ്രീധന്യ

മുംബൈ: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമായ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്ക് വച്ച് സംസാരിക്കുകയായിരുന്നു ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായ ശ്രീധന്യ.

ചിത്രം മുംബൈയിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചെറുതെങ്കിലും സ്വപ്നതുല്യമായ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അപ്പുവിനോടൊപ്പമുള്ള റോളിനെ കുറിച്ച് മതിപ്പോടെയാണ് ശ്രീധന്യ സംസാരിച്ചത്.

പ്രണവിന്റെ അമ്മയായി അഭിനയിക്കാനുള്ള ഓഫര്‍ തന്നെ തേടിയെത്തിയപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. വലിയ ബാനര്‍ എന്നതിന് പുറമെ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ മകനോടൊപ്പം അഭിനയിക്കുവാനുള്ള അവസരം വീണു കിട്ടിയ ഭാഗ്യമായാണ് കരുതിയത്.

ഒരു സൂപ്പര്‍താരത്തിന്റെ മകനോടൊപ്പം അഭിനയിക്കുവാന്‍ പോകുമ്പോഴുള്ള മുന്‍ധാരണകളെ പൊളിച്ചെഴുതുന്നതായിരുന്നു സെറ്റില്‍ താന്‍ കണ്ട പ്രണവ് മോഹന്‍ലാല്‍ എന്നായിരുന്നു ശ്രീധന്യയുടെ ആദ്യ പ്രതികരണം.

താര പുത്രന്റെ ജാഡകളൊന്നുമില്ലാത്ത അപ്പുവിനെ കുറിച്ച് പറയുമ്പോള്‍ ശ്രീധന്യക്ക് നൂറു നാവ്. സെറ്റിലെ ഓരോ അംഗത്തോടും പെരുമാറുന്ന രീതിയും സഹകരണവും വലിയ മാതൃകയാണെന്ന് ശ്രീധന്യ വ്യക്തമാക്കി.

ഒരുവേളയില്‍ അടുക്കള രംഗം ഷൂട്ട് ചെയ്തു കൊണ്ടിരുന്നപ്പോള്‍ വല്ലാത്ത ചൂട് കാരണം താന്‍ വിയര്‍ക്കുകയായിരുന്നുവെന്നും അല്‍പ്പ നേരം പുറത്തിറങ്ങി വിശ്രമിച്ചപ്പോള്‍ പ്രണവിന്റെ നിര്‍ദ്ദേശപ്രകാരം പുള്ളിയുടെ അസിസ്റ്റന്റ് വന്ന് വീശി തന്നത് തന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞുവെന്നും ശ്രീധന്യ പറയുന്നു.

ഭക്ഷണം കഴിക്കുന്ന സമയത്തും അപ്പു തന്നെ മേശയെല്ലാം പിടിച്ചിടുകയും ഭക്ഷണം വിളമ്പിയും എടുത്തു കഴിച്ചും സെറ്റിലുള്ളവരെ തന്റെ എളിമ കൊണ്ടും സൗഹൃദം കൊണ്ടും വിസ്മയിപ്പിക്കുന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍ എന്നാണ് ശ്രീധന്യ പറയുന്നത്.

അഭിനേതാക്കളുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള സംവിധായകനായ അരുണ്‍ ഗോപിയുടെ കഴിവ് ശ്ലാഘനീയമാണെന്നും ശ്രീധന്യ അഭിപ്രായപ്പെട്ടു.

ആദ്യ ചിത്രമായ ആദി നല്‍കിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ തീയേറ്ററുകളിലെത്തുന്നത്. ആദ്യമായി ഒരു ചിത്രത്തിന് സ്വന്തം ശബ്ദം നല്‍കുവാന്‍ കഴിഞ്ഞ ത്രില്ലും ശ്രീധന്യ മറച്ചു വച്ചില്ല. ഇപ്പോള്‍ കൈ നിറയെ ഓഫറുകളുണ്ട്. മുംബൈയിലെ തിരക്കിനിടയിലും കുറച്ചു നല്ല മലയാള ചിത്രങ്ങള്‍ ചെയ്യണമെന്ന പ്രത്യാശയിലാണ് ശ്രീധന്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News