വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉത്തരേന്ത്യന്‍ മാതൃക പിന്തുടരാന്‍ സംഘപരിവാറില്‍ ആലോചന മുറുകുന്നു.
ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയേയും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനേയും വല്‍സന്‍ തില്ലങ്കേരിയേയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതായി സൂചന.
തൃശൂര്‍ സീറ്റിനെ ചൊല്ലി മുരളീധര-കൃഷ്ണദാസ് പക്ഷങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ യോഗം ഈ മാസം അവസാനം ചേര്‍ന്നേക്കും
2019 ലെ ലോകസഭാ തിരഞ്ഞടുപ്പില്‍ ബിജെപി നേതാക്കള്‍ക്ക് പകരമായി തീവ്ര സംഘപരിവാര്‍ പശ്ചാത്തലമുളള നേതാക്കളെ രംഗത്തിറക്കാന്‍ ആര്‍എസ്എസ് ആലോചിക്കുന്നതായി സൂചന.
ശബരിമല സമരത്തെ തുടര്‍ന്നുളള സാഹചര്യം മുതലെടുക്കുന്നതില്‍ ബിജെപി നേതാക്കള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ത്രീവ പശ്ചാത്തലമുളള നേതാക്കളെ സംഘപരിവാര്‍ രംഗത്തിറക്കാന്‍ ആലോചിക്കുന്നത്.
കാലങ്ങളായി തീവ്ര നിലപാട് എടുക്കുന്ന കെ പി ശശികലയെ പത്തനംതിട്ടയില്‍ മല്‍സരിപ്പിക്കുന്നാണ് ആലോചന മുറുകുന്നത്.
ബിജെപിയുടെ സംസ്ഥാന നേതാക്കളില്‍ ചിലരോട് സംഘപരിവാര്‍ വൃത്തത്തിലുളളവര്‍ ഇകാര്യത്തില്‍ ആശയ വിനിമയം നടത്തിയതായിട്ടാണ് ലഭ്യമാകുന്ന വിവരം.
വരും ദിവസങ്ങളില്‍ ബിജെപിയില്‍ കൂടുതല്‍ വേദികള്‍ കെപി ശശികലക്ക് ലഭിക്കുമെന്നാണ് സൂചന. വോട്ട് വിഹിതത്തില്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരം മണ്ഡലമാണ് സംഘപരിവാര്‍ ശ്രദ്ധയൂന്നുന്ന മറ്റൊരു മണ്ഡലം.
പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍റെ പേര് സജീവ പരിഗണയിലുളളതായി സൂചനയുണ്ട്. തിരുവനന്തപുരത്ത് വേരുകള്‍ ഉളള തമിഴ് ബ്രാഹ്മിണ്‍ കുടുംബാഗമായതിനാലാണ് ഈ പേരിന് മുന്‍തൂക്കം.
കേന്ദ്ര നേതൃത്വം നിയോഗിച്ച ഒരു സ്വകാര്യ ഏജന്‍സി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി ചില പ്രമുഖരെ കണ്ടതായി സ്ഥിതീകരിക്കാത്ത വിവരം ഉണ്ട്.
ശശി തരൂരിനെയും ,ഇടത് പക്ഷത്തേയും നേരിടണമെങ്കില്‍ ഒരു ദേശീയ നേതാവ് തന്നെ മല്‍സരിക്കണമെന്ന ആലോചനയാണ് നിര്‍മ്മല സീതാരാമനിലേക്ക് എത്തിച്ചത്.
നിലവില്‍ കര്‍ണാടകത്തില്‍ നിന്നാണ് നിര്‍മ്മല രാജ്യസഭയിലെത്തിയത്. എന്നാല്‍ പ്രാദേശിക ബിജെപി നേതൃത്വം പിഎസ് ശ്രീധരന്‍പിളള, കുമ്മനം രാജശേഖരന്‍ എന്നീവരുടെ പേരുകളാണ് നേതൃത്വത്തെ അറിയിച്ചത്.
സുരേഷ്ഗോപിയുടെ പേര് പരിഗണയിലുണ്ടെങ്കിലും നിവര്‍ത്തിഇല്ലെങ്കില്‍ മാത്രം ആ പേരിലേക്ക് കടന്നാല്‍ മതിയെന്നാണ് സംഘപരിവാര്‍ ആലോചന.
മേല്‍ കൈ ഉണ്ടെന്ന് ബിജെപി കരുതുന്ന മറ്റൊരു മണ്ഡലമായ തൃശൂരില്‍ മുരളീധര-കൃഷ്ണദാസ് പക്ഷങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ നില്‍കുകയാണ്.
2016 ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ തൃശൂര്‍ ലോകസഭ മണ്ഡലത്തിന് കീഴിലെ വിവിധ അസംബ്ളി മണ്ഡലങ്ങളില്‍ ഒന്നേ മുക്കാല്‍ ലക്ഷം വോട്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയതാണ് നേതാക്കള്‍ തൃശൂര്‍ ലക്ഷ്യമിടാന്‍ കാരണം.
മണലൂര്‍ അസംബ്ളി മണ്ഡലത്തില്‍ മല്‍സരിച്ചതിനാല്‍ എ എന്‍ രാധാകൃഷ്ണന്‍ ആദ്യം മുതല്‍ നോട്ടം ഇട്ടിരുന്ന സീറ്റ് ആണ് തൃശൂര്‍.
അത് കണക്കാക്കി കഴിഞ്ഞ ഒരു വര്‍ഷമായി രാധാകൃഷ്ണന്‍ തൃശൂരിന് പിന്നാലെയുണ്ട്.എന്നാല്‍ ഇത്തവണ തൃശൂരില്‍ മല്‍സരിക്കാനാണ് കെ.സുരേന്ദ്രന് താല്‍പര്യം.
എന്നാല്‍ ജില്ലാ പാര്‍ട്ടിക്ക് കെ.സുരേന്ദ്രനെയാണ് താല്‍പര്യം. ജില്ലാ അദ്ധ്യക്ഷനായ നാഗേഷ് കെ.സുരേന്ദ്രന്‍റെ അടുത്ത അനുയായി ആണ്.
തൃശൂര്‍ സീറ്റ് ആര്‍ക്ക് ലഭിക്കുമെന്ന് ഇനിയും ഉറപ്പായിട്ടില്ല. മറ്റൊരു പ്രധാന സീറ്റായ കാസര്‍ഗോഡ് പികെ കൃഷ്ണദാസ് , ജില്ലാ അദ്ധ്യക്ഷന്‍ ശ്രീകാന്ത് എന്നീവരുടെ പേരുകള്‍ പരിഗണയിലുണ്ടെങ്കിലും ഹിന്ദു ഐക്യവേദി നേതാവ് രവീശ തന്ത്രിയുടെ പേരിനാണ് മുന്‍തൂക്കം.
കണ്ണൂരില്‍ വല്‍സന്‍ തില്ലങ്കേരിയോ, സദാനന്ദന്‍ മാസറ്റോ മല്‍സരിച്ചേക്കും. എംടി രമേശ് കോഴിക്കോടും , പ്രമീളാ ശശിധരന്‍ പാലക്കാടും മല്‍സരിച്ചേക്കുമെന്നറിയുന്നു.
കേന്ദ്ര നേതൃത്വം തൃശൂര്‍ ,തിരുവനന്തപുരം,കാസര്‍ഗോഡ് മണ്ഡലങ്ങള്‍ക്ക് വേണ്ടി 20 കോടി രൂപ വരെ നല്‍കാന്‍ തയ്യാറാണ്.
മറ്റ് മണ്ഡലങ്ങളിലെ സാധ്യതകള്‍ക്ക് അനുസരിച്ച് 10 കോടി വീതം നല്‍കും . ഈ പണവും, ഇലക്ഷന്‍ പിരിവും മല്‍സരാര്‍ത്ഥികളെ മോഹിപ്പിക്കുന്നുണ്ട്.
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ യോഗം ഈ മാസം ജനുവരി 29 ന് ചേര്‍ന്നേക്കും. അതിന് ശേഷം ബിജെപിയിലെ സീറ്റുകളുടെ ചര്‍ച്ചകളിലേക്ക് കടക്കാനാണ് നിലവിലെ ധാരണ
Get real time update about this post categories directly on your device, subscribe now.