കേന്ദ്രത്തിൽ മത നിരപേക്ഷ സർക്കാരിനെ അധികാരത്തിൽ എത്തിക്കാൻ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷം കരുത്താർജ്ജിക്കണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള.
ബി ജെ പി വിരുദ്ധ ശക്തികളെ ഒരുമിച്ചു നിർത്താൻ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിന് കഴിയില്ലെന്നും എസ്ആർപി പറഞ്ഞു.കണ്ണൂർ തൊക്കിലങ്ങാടിയിൽ കെ വി സുധീഷ് അനുസ്മരണ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് രാമചന്ദ്രൻ പിള്ള.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി യെ പുറത്താക്കുകയാണ് മുഖ്യ ലക്ഷ്യം.ബി ജെ പി യെ പുറത്താക്കുന്നതിന് ഒപ്പം തന്നെ കേന്ദ്രത്തിൽ അടിയുറച്ച മത നിരപേക്ഷ സർക്കാരിനെ അധികാരത്തിൽ എത്തിക്കുകയും ചെയ്യണം.ബി ജെ പി വിരുദ്ധ ശക്തികളെ ഒരുമിപ്പിച്ചു നിർത്താൻ കോൺഗ്രസിന് കഴിയുന്നില്ല എന്നതാണ് സമീപകാല അനുഭവങ്ങൾ.
ഉറച്ച വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാൻ കഴിയാത്ത കോൺഗ്രസ്സ് മൃദു ഹിന്ദുത്വമാണ് പിന്തുടരുന്നത്.ബി ജെ പി യുടെ ബി ടീമായി കോൺഗ്രസ്സ് പ്രവർത്തിക്കുന്നു എന്നതാണ് കേരളത്തിൽ ഉൾപ്പെടെ കാണുന്നത്.ബി ജെ പി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ ഏകോപിപ്പിക്കാൻ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ കരുത്ത് വർദ്ധിക്കണമെന്നും എസ് ആർ പി പറഞ്ഞു.
1994 ജനുവരി 26 ന് ആർ എസ് എസ്സുകാർ കൊലപ്പെടുത്തിയ എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയിരുന്ന കെ വി സുധീഷിന്റെ ഇരുപത്തിയഞ്ചാം രക്തസാക്ഷി ദിനം വിപുലമായി ആചരിച്ചു.
തൊക്കിലങ്ങാടി പന്ന്യോറയിൽ നിർമിച്ച കെ വി സുധീഷ് സ്മാരക മന്ദിരം എസ് ആർ പി ഉദ്ഘാടനം ചെയ്തു.തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് നടന്ന ചുവപ്പ് വളണ്ടിയർ മാർച്ചിലും നൂറു കണക്കിന് പേർ അണി നിരന്നു

Get real time update about this post categories directly on your device, subscribe now.