ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റി

വായ്പ തട്ടിപ്പ് നടത്തിയ ഐ.സി.ഐ.സിഐ മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത മണിക്കൂറുകള്‍ക്കുള്ളിലാണ് സിബിഐ എസ്പി സുധാന്‍ഷുവിനെ ദില്ലിയില്‍ നിന്നും തെറിപ്പിച്ചത്.

ചന്ദ കൊച്ചാറിനെതിരെ കേസെടുത്തത് നേരത്തെ കേന്ദ്ര മന്ത്രി അരുണ്‍ ജറ്റ്‌ലി വിമര്‍ശിച്ചിരുന്നു. കടത്തില്‍ മുങ്ങിയ വിഡിയോകോണിന് 3,250 കോടി രൂപയുടെ വായ്പ ഐ.സി.ഐ.സി.ഐ ബാങ്ക് ക്രമവിരുദ്ധമായി അനുവദിച്ചെന്ന് സിബിഐ കണ്ടെത്തിയ കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍.

വായ്പ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ദില്ലിയിലെ സിബിഐ ആസ്ഥാനത്തെ ബാങ്കിങ്ങ് ആന്‍ഡ് സെക്യുരിറ്റീസ് ഫ്രോഡ് സെല്‍ എസ്.പിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തെറിപ്പിച്ചു. എസ്.പി സുധാന്‍ഷു ധര്‍ മിശ്രയെ ദില്ലിയില്‍ നിന്നും റാഞ്ചിയിലേയ്ക്കാണ് മാറ്റിയത്.

ബാങ്കിങ്ങ് ആന്‍ഡ് സെക്യുരിറ്റി വിഭാഗത്തില്‍ നിന്നും എസ്.പിയെ സാമ്പത്തിക തട്ടിപ്പ് വിഭാഗത്തിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ചന്ദ കോച്ചറിനെതിരെ കേസെടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ അതൃപ്ത്തിയ്ക്ക് കാരണമായിരുന്നു.

എങ്ങുമെത്താത അന്വേഷണമെന്നായിരുന്നു ജറ്റ്‌ലിയുടെ വിമര്‍ശനം.പുതിയ ധനമന്ത്രി പീയുഷ് ഗോയല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരും ജറ്റ്‌ലിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരുന്നു.

ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ വിജയ്മല്യയ്ക്ക് രാജ്യം വിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിച്ചിരുന്നുവെന്ന് വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

നീരവ് മോദി, മെഹുല്‍ ചോക്‌സ്‌കി എന്നിവരുടെ തട്ടിപ്പുകളും വിവാദമായപ്പോഴാണ് ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പയെക്കുറിച്ച് സിബിഐ അന്വേഷിച്ചതും തട്ടിപ്പ് കണ്ടെത്തിയതും.

സിബിഐയുടെ താത്കാലിക ഡയറക്ടര്‍ വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here