ചൈത്ര തെരേസ ജോണിനെതിരെ നടപടി വേണമെന്ന് ആനാവൂര്‍ നാഗപ്പന്‍; അര്‍ധരാത്രിയിലെ ഓഫീസ് പരിശോധന മാധ്യമശ്രദ്ധ നേടാന്‍

അര്‍ദ്ധരാത്രിയില്‍ വാറണ്ട് പോലുമില്ലാതെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയത് മാധ്യമശ്രദ്ധപിടിച്ചു പറ്റാനെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.

അനധികൃതമായി റെയിഡ് നടത്തിയവര്‍ക്കതിരെ നടപടിയെടുക്കണമെന്നും പരിശാധനക്കെത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന വാദം തെറ്റെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 24ന് രാത്രി 11.45ഓടെയാണ് സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഡിസിപി ചൈത്ര തെരേസയുടെ നേതൃത്വത്തിലുള്ള പൊലീസംഘം പരിശോധനക്കെത്തുന്നത്.

പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ തടഞ്ഞ് വിരട്ടിയെന്നാണ് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.

എന്നാല്‍ ഓഫീസില്‍ എത്തിയ പൊലീസ് സംഘത്തെ ആരെങ്കിലും തടയുന്നതായിട്ടോ വിരട്ടുന്നതായിട്ടോ സ്ഥലത്തെ സിസി ടിവിയില്‍ ഇല്ല. സ്ഥലത്തില്ലായിരുന്ന താനിക്കെങ്ങനെ ഇവരെ തടയാനാകുമെന്നും അര്‍ദ്ധരാത്രിയില്‍ വാറണ്ട് പോലുമില്ലാതെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയത് മാധ്യമശ്രദ്ധപിടിച്ചുപറ്റാനാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ പ്രതികളെ പിടിക്കാന്‍ ബിജെപിയുടെ പാര്‍ട്ടി ഓഫീസുകള്‍ റെയിഡ് നടത്താത്ത പൊലീസാണ് സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസ് റെയ്ഡ് നടത്തിയത്. റെയിഡില്‍ ഗൂഢാലോചനയുണ്ട്. അതിനാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടിവേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അനധികൃതമായി റെയിഡ് നടത്തിയ ഡിസിപി ചൈത്രക്കതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ നല്‍കും. ഐജി മനോജ് എബ്രഹാം ഡിജിപിക്കാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. സിപിഐഎമ്മിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ചൈത്രക്കെതിരെ അന്വേഷണം നടത്തിയത്.

നേരത്തെ ഡിസിപിയുടെ ചുമതലയുണ്ടായിരുന്ന ചൈത്ര എഡിജിപിക്ക് വിശദീകരണം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News