വരുന്നത് രാജ്യരക്ഷയ്ക്കായുള്ള തിരഞ്ഞെടുപ്പ്; ജാഗ്രതയോടെ നേരിടണം: മുഖ്യമന്ത്രി

കൊച്ചി: രാജ്യരക്ഷയ‌്‌‌‌‌ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പാണ‌് വരാനിരിക്കുന്നതെന്ന ജാഗ്രതയോടെ വേണം ലോക‌്സഭാ തെരഞ്ഞെടുപ്പിനെ സമീപിക്കാനെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മതനിരപേക്ഷതയും സാമ്പത്തിക പരമാധികാരവും ജനാധിപത്യഘടനയും തകർക്കപ്പെടുമ്പോൾ രാജ്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച‌് ആശങ്കകളുയരുകയാണ‌്.

അടുത്ത അഞ്ചുവർഷംകൂടി ബിജെപിക്ക‌് രാജ്യത്തെ വിട്ടുകൊടുത്താൽ ഈ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക‌് ഇല്ലാതാകുമെന്ന ബോധ്യത്തോടെ തെരഞ്ഞെടുപ്പിനെ സമീപിക്കാൻ ഓരോ പൗരനും ബാധ്യതയുണ്ടെന്ന‌് അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയും ഇ എം എസ‌് പഠന ഗവേഷണകേന്ദ്രവും ചേർന്ന‌് സംഘടിപ്പിച്ച ജനകീയ ഉച്ചകോടിയുടെ സമാപനസമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതര രാഷ്ട്രത്തെ തകർത്ത‌് മതാധിഷ‌്ഠിത രാജ്യം കെട്ടിപ്പടുക്കാനുള്ള ആർഎസ‌്എസ‌് അജൻഡ രാജ്യത്ത‌് നടപ്പാക്കാനാണ‌് ശ്രമം. പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു.

പകരം വർഗീയാധിഷ‌്ഠിത സംവിധാനം കൊണ്ടുവരാൻ തുടർച്ചയായി ശ്രമിക്കുന്നു. ഭരണഘടനയുടെ നിലനിൽപ്പ‌് ചോദ്യംചെയ്യുന്ന ഇവർ രാഷ‌്ട്രപതി ഭരണം വേണമെന്നാണ‌് പ്രചരിപ്പിക്കുന്നത‌്.

ന്യൂനപക്ഷങ്ങൾ വലിയതോതിൽ ആക്രമിക്കപ്പെടുന്നു. ഒരോ 18 മിനിറ്റിലും ഒരു ദളിതൻ ആക്രമിക്കപ്പെടുന്നു. പ്രതിദിനം മൂന്ന‌് ദളിത‌് സ‌്ത്രീകൾ ആക്രമിക്കപ്പെടുന്നു.

രണ്ട‌് ദളിതർ കൊല്ലപ്പെടുന്നു. ക്രൈസ‌്തവ, ഇസ്ലാമിക സമൂഹം കടുത്ത ആശങ്കയിലാണ‌്. വേഷത്തിൽ ഇസ്ലാമാണെന്ന‌ു കണ്ടാൽ അവൻ അടിയേറ്റ‌് കൊല്ലപ്പെടുമെന്ന അവസ്ഥയായി.

ഇത്തരം ഫാസിസ‌്റ്റ‌് പ്രവണതകൾക്കെതിരെ ശക്തമായ പൊതുവികാരം ഉയരണം. ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരെ നിലയുറപ്പിക്കാൻ കഴിയുന്ന വിവിധ പ്രാദേശിക പാർടികളുടെ കൂട്ടായ‌്മകളുണ്ടാകണം. അവർക്ക‌് തെരഞ്ഞെടുപ്പിൽ വലിയ വിജയം കൊയ്യാനാകും. ഇത‌് ദേശീയ രാഷ‌്ട്രീയത്തിൽ വലിയ പ്രതിഫലനമുണ്ടാക്കും.

സർവ്വതല സ‌്പർശിയായ വികസന ബദൽനയം കാഴചവെക്കുന്നതിനാൽ ഇടതുപക്ഷത്തെ ബിജെപി കണ്ണിലെ കരടായാണ‌് കാണുന്നത‌്. ഫെഡറൽ സംവിധാന മര്യാദപോലും കേരളത്തിന‌് ലഭിക്കുന്നില്ല.

ഇടതുപക്ഷം മുന്നോട്ടുവയ‌്ക്കുന്ന ബദൽ രാഷ്ട്രീയത്തിന‌് രാജ്യമാകെ സ്വീകാര്യത കിട്ടണമെങ്കിൽ ദേശീയ രാഷ‌്ട്രീയത്തിൽ ഇടതുസാന്നിധ്യം വർധിപ്പിക്കണം.

കേരളത്തിന‌് ഇക്കാര്യത്തിൽ വലിയതോതിൽ ഇടപെടാനാകും. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന‌് ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. അതിനുള്ള ജനകീയ ഇടപെടലുകളാണ‌് രാജ്യം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News