നിരവധി പോലീസുകാരുടെ പുസ്തകങ്ങള്‍ ഇന്ന് പുസ്തകവിപണിയില്‍ സജീവമാണ്. പക്ഷെ തൊടുപുഴയിലെ ലോട്ടറി വില്‍പ്പനക്കാരിയായ ശ്രീമതി കൗസല്യ കൃഷ്ണന്റെ പ്രഥമ കവിതാസമാഹാരമായ ‘കനല്‍ ജീവിതവും’ പൊലീസും തമ്മിലെന്താണ് ബന്ധം എന്നതിലാണ് കൗതുകം.

ഏഴാം തരം വരെ മാത്രം വിദ്യാഭ്യാസം നേടാന്‍ സാധിച്ച കൗസല്യ കൃഷ്ണന്‍ ജീവിതഭാരം ചുമലിലേറ്റി വെയിലും, ജീവിതവും പൊള്ളിച്ച വഴികള്‍ പിന്നിടുമ്പോള്‍ പലപ്പോഴും പച്ചമരത്തണലായി മാറുകയത് നമ്മുടെ കേരള പൊലീസ് തന്നെ.

പുസ്തക വില്പനക്കാരിയായും , പിന്നീട് ലോട്ടറി വില്‍പ്പനക്കാരിയായും തൊടുപുഴയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി അന്നത്തിനുള്ള വഴിതേടുമ്പോഴും കവിത ഒരനുരാഗമായി അവരെ പിന്തുടര്‍ന്നു.പലപ്പോഴും മനസ്സിന്റെ ഉള്ളാഴങ്ങളില്‍ നിന്നും കവിത ഉറപൊട്ടുമ്പോഴും പങ്കുവച്ചത് പൊലീസിനോടായിരുന്നു.

തീക്കനല്‍ച്ചൂടിലും ചേര്‍ത്തുവച്ച കവിതകള്‍ പുസ്തകമായി പ്രസിദ്ധികരിക്കണമെന്നുള്ള അവരുടെ ആഗ്രഹം തൊടുപുഴയിലെ പൊലീസുദ്യോഗസ്ഥര്‍ പോലീസ് സംഘടനയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കനല്‍ ജീവിതത്തിന്റെ പ്രകാശനമായിരുന്നു. ചടങ്ങ് സംഘടിപ്പിച്ചത് കേരള പോലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി .

പ്രസാധകര്‍ യെസ്പ്രസ്സ് ബുക്‌സ്.വിശിഷ്ട വ്യക്തികളുടയും, പൊതുസമൂഹത്തിന്റെയും ,നൂറുകണക്കിന് പോലീസുകാരുടെയും സാന്നിദ്ധ്യത്തില്‍ മന്ത്രി എം.എം. മണി ആ സ്വപ്നസാഫല്യം നിര്‍വഹിച്ചു .നെഞ്ചുപൊള്ളിക്കുന്ന കവിതകളാണ് ഓരോന്നുമെന്നാണ് കൗസല്യയുടെ കവിത വായിച്ച പൊലീസുകാരുടെ അനുഭവസാക്ഷ്യം.