താരതമ്യമില്ലാത്ത അഭിനയ പ്രഭാവം; മമ്മൂട്ടിക്ക് മാത്രം ചെയ്യാനാവുന്ന പേരന്‍പ്

ലോകത്തെ വി‍വിധ ചലച്ചിത്രമേളകളും ഇന്ത്യന്‍ പനോരമയും കടന്ന് മമ്മൂട്ടിയുടെ പേരന്‍പ് ഒടുവില്‍ തീയറ്ററുകളിലുമെത്തുന്നു. ക‍ഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ മമ്മൂട്ടി എന്ന നടന്‍റെ അസാധ്യ അഭിനയപ്രകടനം കൊണ്ടാണ് സിനിമ പ്രശസ്തമായിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് സിനിമയുടെ റിലീസ്.

കൊച്ചിയില്‍ ക‍ഴിഞ്ഞ ദിവസം നടന്ന പ്രിവ്യൂ ഷോയ്ക്ക് ശേഷം ചലച്ചിത്ര നിരൂപകനായ മനീഷ് നാരായണന്‍ എ‍ഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം:

“കഴിഞ്ഞൊരു പത്ത് വര്‍ഷത്തിനുള്ളില്‍ മമ്മുട്ടിയിലെ നടനെ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ച സിനിമയാണ് പേരന്‍പ്. തനിയാവര്‍ത്തനത്തിലും, അമരത്തിലും, ഭൂതക്കണ്ണാടിയിലും പൊന്തന്‍മാടയിലും ഡാനിയിലുമൊക്കെ അനുഭവിച്ചറിഞ്ഞ അഭിനയചാതുര്യം, താരതമ്യമോ, സാമ്യമോ സാധിക്കാത്തത്ര ഭാവഭദ്രവുമാണ് പേരന്‍പിലെ അമുദന്‍.

മകള്‍ക്ക് തന്നോടുള്ള അപരിചിതത്വവും അകലവും മാറ്റാനായി, പാപ്പയെ സന്തോഷിപ്പിക്കാനായി അമുദന്‍ അവള്‍ക്ക് മുന്നില്‍ സാധ്യമാകുന്നതെല്ലാം ചെയ്യുന്നൊരു സിംഗിള്‍ ഷോട്ടുണ്ട്.

പല ഭാഷകളിലായി പാടുന്ന, പാട്ടിനൊത്ത് പലമട്ടില്‍ ചുവടുവയ്ക്കുന്ന, ഒടുവില്‍ അവള്‍ക്ക് പരിചിതമായൊരു ശബ്ദത്തിലേക്ക് തിരിച്ചുവരുന്ന അമുദന്‍. അതും ഫലിക്കാതെ വരുമ്പോള്‍ നിസഹായത ശരീരഭാഷയാക്കി, ഇടറിയും, ഹൃദയം പൊടിഞ്ഞും,ഉള്ളിലെ സങ്കടക്കലടത്രയും പുറന്തള്ളുന്നൊരു ശൂന്യനായ മനുഷ്യനുണ്ട്. 

അവിടെ മുതല്‍ മമ്മൂട്ടി എന്ന നടന് മാത്രം സാധിക്കുന്നതെന്ന് വിശ്വസിപ്പിക്കുന്നൊരു സിനിമയാണ് പേരന്‍പ്.
മമ്മൂട്ടിയില്ലെങ്കില്‍ പേരന്‍പ് ഉപേക്ഷിക്കുമായിരുന്നുവെന്ന സംവിധായകന്റെ വാക്കുകള്‍ അതിശയോക്തിയല്ലെന്ന് അനുഭവപ്പെടുത്തുന്ന സിനിമ.

പ്രിയപ്പെട്ട സിനിമകളുടെ പട്ടികയില്‍, മമ്മൂട്ടിയെന്ന നടന്‍ പ്രകടനത്താല്‍ അമ്പരപ്പിച്ച സിനിമകളുടെ പട്ടികയില്‍ തലപ്പൊക്കമുണ്ടാകും പേരന്‍പിന്. 

കൂട്ടംതെറ്റി മേയുന്ന മനുഷ്യരുടെ ആത്മസങ്കടങ്ങളും, അതിജീവനവും, സംഘര്‍ഷവും സന്തോഷവുമെല്ലാം ഒതുക്കിവയ്ക്കാതെ പറയുന്ന ഫിലിംമേക്കറാണ് റാം. രണ്ട് കഥാപാത്രങ്ങളുടെ പെര്‍ഫോര്‍മന്‍സില്‍ കേന്ദ്രീകരിച്ച് നീങ്ങുന്ന പേരന്‍പ് ആര്‍ദ്രമായ കഥ പറച്ചില്‍ കൊണ്ടും, സൂക്ഷ്മമായ രാഷ്ട്രീയമാനങ്ങളാലും മനോഹരമാണ്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News