ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈവെട്ടണമെന്ന ആഹ്വാനവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. വിശ്വഹിന്ദു പരിഷത്തിന്റെ യുവജനസംഘടനയുടെ വേദിയിലായിരുന്നു സദാചാര പൊലീസിംഗിനും ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്കും ആഹ്വാനം ചെയ്യുന്ന പ്രസ്താവന അനന്ത് കുമാര്‍ നടത്തിയത്.

താജ്മഹല്‍, കുത്തബ് മിനാര്‍ തുടങ്ങിയവ മുഗള്‍ നിര്‍മ്മിതികള്‍ അല്ലെന്ന ചരിത്രവിരുദ്ധ പരാമര്‍ശ്വവും മന്ത്രി നടത്തി. പ്രസംഗത്തിനെതിരെ രംഗത്തെത്തിയ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനെ വ്യക്തിപരമായി അപമാനിക്കുന്നതായിരുന്നു അനന്ത് കുമാറിന്റെ മറുപടി

ആള്‍ക്കൂട്ട ആക്രമണത്തിനും സദാചാരപൊലീസിംഗിനും പരസ്യമായി ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസംഗം.

വിശ്വഹിന്ദു പരിഷത്തിന്റെ യുവജനസംഘടനയായ ഹിന്ദു ജാഗരണ്‍ വേദികയുടെ കുടകിലെ സേേമ്മളന വേദിയില്‍ വച്ചാണ് ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈവെട്ടണമെന്ന് അനന്ത് കുമാര്‍ ആഹ്വാനം ചെയ്തത്. ”നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ മാറ്റം വേണം.

നമുക്കുചുറ്റും നടക്കുന്നതിനെ നിരീക്ഷിക്കണം. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ പിന്നീട് അവരുടെ ദേഹത്ത് ഉണ്ടാവരുത്. ജാതി, മതം എന്നിവയൊന്നും പരിഗണിക്കേണ്ടതില്ല” ഇതായിരുന്നു അനന്ത് കുമാറിന്റെ വാക്കുകള്‍.

ഭരണഘടനയില്‍ നിന്ന് മതേതരത്വം എടുത്ത് കളയുമെന്ന് മുന്‍പ് പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഉത്തര കന്നഡ ജില്ലയിലെ എംപിയായ അനന്ത് കുമാര്‍. അക്രമണത്തിനുള്ള ആഹ്വാനം കൂടാതെ ചരിത്രവിരുദ്ധ പരാമര്‍ശങ്ങളും ഹെഗ്‌ഡെയുടെ പ്രസംഗത്തിലുണ്ടായിരുന്നു. താജ്മഹല്‍ തേജോമഹല്‍ എന്ന അമ്പലമാണെന്നും കുത്തബ് മിനാര്‍ ജൈനക്ഷേത്രമാണെന്നും ഹെഗ്‌ഡെ പ്രസംഗത്തില്‍ പറയുന്നു.

ഹെഗ്‌ഡെയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ആളുകള്‍ എം പിമാരാകുന്നതും മന്ത്രിമാരാകുന്നതും ദുഖഃകരമാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞു.എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുസ്ലീം സ്്ത്രീക്ക് പിന്നാലെ പോയ ആളാണെന്ന മറുപടിയായിരുന്നു ഹെഗ്‌ഡെയുടേത്. വിഷയത്തില്‍ ഇരുവരും ട്വിറ്ററില്‍ വാക് പോര് തുടരുകയാണ്