ഹാഷിംപുര കൂട്ടക്കൊല, സിഖ് വിരുദ്ധ കലാപം…; ചരിത്രപരമായ വിധി പ്രസ്താവങ്ങള്‍ നടത്തിയ ദില്ലി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ ശ്രമം

ചരിത്ര പരമായ വിധി പ്രസ്താവങ്ങള്‍ നടത്തിയ ദില്ലി ഹൈക്കോടതി ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്.

ഹാഷിംപുര കൂട്ടക്കൊല, സിഖ് വിരുദ്ധ കലാപം തുടങ്ങി നിരവധി സുപ്രധാന കേസുകളില്‍ വിധി പ്രസ്താവനകള്‍ നടത്തിയ ജഡ്ജിയാണ് എസ് മുരളീധര്‍.

സുപ്രീംകോടതി കൊളീജിയം അംഗങ്ങളായ രണ്ട് ജസ്റ്റിസുമാര്‍ വിയോജിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റാനുള്ള ശ്രമം താത്കാലികമായ പരാജയപ്പെട്ടത്. ജസ്റ്റിസ് മുരളിധറിനെതിരെ സംഘപരിവാര്‍ നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും അതോടൊപ്പം മനുഷ്യരുടെ വ്യക്തി സ്വാതന്ത്യം കാത്തു സൂക്ഷിക്കുകയും ചെയ്ത ദില്ലി ഹൈക്കോടതി ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റാനുള്ള ശ്രമങ്ങള്‍ ശക്തമായ രീതിയില്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഹാഷിംപൂര കൂട്ടക്കൊലയില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കി പ്രതികളായ പോലീസുകാരെ ശിക്ഷിച്ച വിധിയും, സിഖ് വിരുദ്ധ കലാപത്തില്‍ മുന്‍ കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍ കുമാറിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിധിയും ജസ്റ്റിസ് മുരളിധറിന്റെതായിരുന്നു.

അക്റ്റിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലകയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞതും അദ്ദേഹമായിരുന്നു.

തുടര്‍ന്ന് ആര്‍ എസ് എസ് നേതാവും, ആര്‍ ബി ഐ യിലെ കേന്ദ്ര സര്‍ക്കാര്‍ നോമിനിയുമായ എസ് ഗുരുമൂര്‍ത്തി ജസ്റ്റിസ് മുരളിധറിനെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു.

ഇതിനു ശേഷമാണ് ജസ്റ്റിസ് മുരളിധറിനെ സ്ഥലം മാറ്റാനായുള്ള നിര്‍ദേശം കൊളീജിയത്തിന്റെ പരിഗണനയില്‍ വരുന്നത്.

എന്നാല്‍ കൊളീജിയം ആംഗങ്ങളായ റിട്ടയേര്‍ഡ് ജസ്റ്റിസ് മഥന്‍ ബി ലോകൂറും, ജസ്റ്റിസ് എ കെ സിക്രിയും എതിര്‍ത്തതിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു.

എന്നാല്‍ ഡിസംബര്‍ 14 ന് ജസ്റ്റിസ് ലോകൂര്‍ വിരമിച്ച ശേഷം മുരളീധറിനെ വീണ്ടും സ്ഥലം മാറ്റാനായുള്ള നിര്‍ദേശം കൊളീജിയത്തിന്റെ പരിഗണനയില്‍ വീണ്ടും വന്നു.

പക്ഷേ അന്നും കേന്ദ്ര നീക്കം പരാജയപ്പെട്ടു.പക്ഷേ ജസ്റ്റിസ് എ കെ സിക്രി മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ, നിര്‍ദേശം വീണ്ടും പരിഗണിക്കപ്പെടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജസ്റ്റിസ് എ കെ സിക്രിയ്ക്ക് പകരം വരുന്ന കൊളീജിയം അംഗത്തിന്റെ നിലപാടും നിര്‍ണായകമാവും. ജഡ്ജിമാരുടെ സ്ഥലം മാറ്റലും അവരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുന്ന കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ നേരത്തെയും വിവാദമായിരുന്നു.

പല തീരുമാനങ്ങള്‍ക്ക് മേലും കേന്ദ്രസര്‍ക്കാര്‍ അടയിരിക്കാറുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്‍ കൊളീജിയം അംഗം ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ വ്യക്തമാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here