തൃശൂര്‍: നരേന്ദ്ര മോഡിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ആരവങ്ങള്‍ക്കിടയിലും സംഘപരിവാറില്‍ നിന്ന് കൂട്ടരാജി തുടരുകയാണ്. സംഭവം നരേന്ദ്ര മോഡിക്ക് സാംസ്‌കാരിക തലസ്ഥാനത്തിന്റെ സമ്മാനമെന്നാണ് ഡിവൈഎഫ്‌ഐ അഭിപ്രായപ്പെടുന്നത്.

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുന്നത്തേരിയിലാണ് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് ഡി.വൈ.എഫ്.ഐ യില്‍ ചേര്‍ന്നത്. മണ്ഡലം ശാരീരിക് പ്രമുഖ് ജിനേഷ്, മുഖ്യ ശിക്ഷക് ശരത്, ശിക്ഷക് സുഭാഷ്, യുവ മോര്‍ച്ച മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ശീഖില്‍, ബി.എം.എസ് വടക്കാഞ്ചേരി ബസ് ഡ്രൈവേഴ്‌സ് യൂണിയന്‍ ട്രഷറര്‍ സനല്‍, കോണ്‍ഗ്രസ് അനുഭാവികളായ സനില്‍ കബീര്‍ തുടങ്ങിയവരാണ് ഡി.വൈ.എഫ്.ഐ, സിപിഐഎം സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ബിജെപിയുടെ ജന വിരുദ്ധ നയങ്ങളാണ് പ്രവര്‍ത്തകരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഡി.വൈ.എഫ്.ഐ-സിപിഐഎം നേതാക്കള്‍ പ്രതികരിച്ചു.

എരുമപ്പെട്ടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സി.പിഐഎം നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ ബിനോജ് മാസ്റ്റര്‍ പ്രവര്‍ത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു.

ഡി.വൈ.എഫ്.ഐ മേഖല ജോയിന്റ് സെക്രട്ടറി കെ.ടി റിനോള്‍ഡ്, നേതാക്കളായ മിഥുന്‍, ധര്‍മേഷ്, ജയരാജ്, ശ്രീരാജ്, തുടങ്ങിയവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.