യുവമോര്‍ച്ച സംസ്ഥാന സമ്മേളന പ്രതിനിധിയായി മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച സംഘപരിവാര്‍ നേതാവും പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്ത അശോക് കുമാറാണു നാലു മാസങ്ങള്‍ക്ക് മുന്‍പ് മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചത്. കോയിപ്രം പോലീസ് എടുത്ത എഫ്.ഐ.ആര്‍ പ്രകാരം ഇയാളെ അന്ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

ഒളിവിലായിരുന്ന ഇയാളെ തിരുവല്ലയിലെ യുവമോര്‍ച്ച നേതാവ് പ്രദീപ് ആലംതുരുത്തിയുടെ കാറില്‍ സഞ്ചരിക്കവെ നാട്ടുകാര്‍ അന്ന് പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

നിലവിലും യുവമോര്‍ച്ച തിരുവല്ല നിയോജക മണ്ഡലം ഭാരവാഹിയായ ഇയാള്‍ ഇരവിപേരൂരിലെ പി.ആര്‍.ഡി.എസ് ആസ്ഥാനം സന്ദര്‍ശ്ശിച്ച് മടങ്ങുകയായിരുന്ന വെണ്ണിക്കുളം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് പിടിയിലായ ശേഷവും യുവമോര്‍ച്ചയില്‍ സജീവമാണെന്നാണു വിവരം.

സംസ്ഥാന യുവമോര്‍ച്ച നേതാക്കളോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാളെ സംരക്ഷിക്കുന്നത് ഉന്നത ബി.ജെ.പി നേതാക്കളാണെന്നാണു അറിവ്. കെ.സുരേന്ദ്രനുമായി അടുത്ത ബന്ധവും ഇയാള്‍ക്കുണ്ട്.

ബേഠി ബച്ചാവോ-ക്യാമ്പയിന്‍ ആഘോഷമാക്കിയ മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന സമ്മേളനത്തില്‍ ഇയാള്‍ പ്രതിനിധിയായി പങ്കെടുത്തതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അമര്‍ഷമുണ്ട്.

സ്ത്രീ ശാക്തീകരണം എന്ന തോന്നല്‍ ഉളവാക്കാന്‍ യുവതികളെ ഹൈലൈറ്റ് ചെയ്ത് നടത്തുന്ന സമ്മേളനത്തില്‍ പീഡനക്കേസ് പ്രതിയെ പങ്കെടുപ്പിച്ചതിലൂടെ സംഘപരിവാറിന്റെ സ്ത്രീ വിരുദ്ധ മുഖമാണു തെളിവുകളോടെ വെളിവാകുന്നത്. ഇയാള്‍ സമ്മേളനത്തില്‍ പ്രതിനിധിയുടെ ബാഡ്ജ് ധരിച്ച് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.