സര്‍ക്കാരിന്റെ മുകളില്‍ പറക്കാന്‍ ഒരു ഓഫീസര്‍മാരും ശ്രമിക്കേണ്ടെന്ന് കോടിയേരി; ”പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടി; സിപിഐഎം നിരോധിച്ച പാര്‍ട്ടിയല്ല”

തിരുവനന്തപുരം: സര്‍ക്കാരിന്റെ മുകളില്‍ പറക്കാന്‍ ഒരു ഓഫീസര്‍മാരും ശ്രമിക്കേണ്ടെന്നും ചൈത്ര തെരേസ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കഴിഞ്ഞദിവസം കേരളത്തിലെത്തിയ നരേന്ദ്രമോദിക്കെതിരെയും കോടിയേരി രൂക്ഷവിമര്‍ശനമാണ് നടത്തിയത്.

പ്രധാനമന്ത്രി ആര്‍എസ്എസ് പ്രചാരകനെ പോലെയാണ് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ വന്നപ്പോഴും അത് തന്നെയാണ് കാണാന്‍ കഴിഞ്ഞത്. ഇത് കേരളത്തിന്റെ സംസ്‌കരത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റുകാര്‍ വിശ്വാസികള്‍ക്കെതിരാണെന്ന് മോദി പ്രചരിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

കേരളത്തിന്റെ ചരിത്രവും നവോത്ഥാന ഇടപെടലും മോദി തിരിച്ചറിയണം. കേരളത്തിന്റെ മതനിരപേക്ഷതയും സമാധാനവും തകര്‍ക്കാനാണ് പ്രധാനമന്ത്രിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ബിജെപിയുടെ നുണപ്രചരണം കേരളത്തില്‍ ഏശീല്ലെന്നും മോദി അടിക്കടി കേരളത്തില്‍ വരുന്നത് ഗൂഢലക്ഷ്യവുമായാണെന്നും കോടിയേരി പറഞ്ഞു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും കോടിയേരി പറഞ്ഞു.
നേതാക്കന്‍മാരേ സൃഷ്ടിക്കുന്നത് സമൂഹമാണെന്നും ഊതിക്കാച്ചിയ പൊന്ന് പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പിണറായിക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ നിലപാടുകള്‍ എപ്പോഴും പിണറായി വിജയന്‍ ഉയര്‍ത്തി പിടിക്കുന്നെന്നും പിണറായിയുടെ നിലപാടുകള്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപെടുന്നെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here